Monday 25 November 2019 04:29 PM IST : By സ്വന്തം ലേഖകൻ

മീൻ വിഭവങ്ങൾക്ക് രുചി കൂട്ടാൻ ചില പൊടിക്കൈകൾ ഇതാ...

Fish-cooking-tips

മീൻ മുളകിട്ടത്, മീനും മാങ്ങയും, മീൻ പീര വറ്റിച്ചത്, തേങ്ങ അരച്ച മീൻകറി ഇങ്ങനെ കാസർകോട് മുതൽ തിരുവനന്തപുരം വരെ വലയിട്ടു പിടിക്കാൻ മീൻരുചികളുടെ ചാകര തന്നെയുണ്ട്. മീൻ വിഭവങ്ങൾക്കു രുചി കൂട്ടാൻ ചില പൊടിക്കൈകൾ അറിഞ്ഞോളൂ...

∙ വറുക്കുന്നതിനുള്ള മീനും ചെമ്മീനും അരപ്പു പുരട്ടുന്ന തിനു മുൻപ് അൽപനേരം ഫ്രിജിൽ വയ്ക്കുകയാണെങ്കിൽ കരുകരുപ്പോടെ വറുത്തെടുക്കാം. 

∙ മീനിന്റെ തലയും മുള്ളും അൽപം എണ്ണയിൽ വഴറ്റിയശേഷം വെള്ളം ഒഴിച്ചു തിളപ്പിക്കുക. ചില്ലി ഫിഷ്, സ്വീറ്റ് ആൻഡ് സവർ ഫിഷ് പോലുള്ള ചൈനീസ് വിഭവങ്ങളിൽ മാത്രമല്ല തനിനാടൻ മീൻകറിയിലും സ്റ്റോക്ക് ചേർക്കുന്നത് രുചികരം തന്നെയാണ്. 

∙ നാടൻ മീൻകറി തയാറാക്കുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും നന്നായി മൂപ്പിച്ചശേഷമേ വെള്ളം ചേർക്കാവൂ. വെള്ളം നന്നായി വെട്ടിത്തിളച്ച ശേഷം വേണം മീൻ കഷണം ചേർക്കാൻ. മീൻ പാതി വേവായാൽ ഉപ്പ് ചേർക്കാം.

∙ പുളിവെള്ളത്തിൽ കഴുകിയാൽ മീനിന്റെ ഉളുമ്പു മണം മാറും. വെട്ടി വൃത്തിയാക്കിയശേഷം നാരാങ്ങാനീര് പുരട്ടി വയ്ക്കുന്നതും നല്ലതാണ്.

∙ മീൻ വൃത്തിയാക്കി അധികദിവസത്തേക്ക് ഫ്രിജിൽ സൂക്ഷിക്കുമ്പോൾ മഞ്ഞൾപൊടി, ഉപ്പ്, വിനാഗിരി എന്നിവ പുരട്ടി വയ്ക്കണം. അല്ലെങ്കിൽ മീനിന്റെ ഫ്രഷ്നസ് നഷ്ടമാകും. രുചി വ്യത്യാസവുമുണ്ടാകും.

∙ മീൻ കറി വയ്ക്കുമ്പോൾ പുളിയുടെ പാകമറിയാൻ ഉപ്പു കൂടി ചേർത്തശേഷം രുചിച്ചു നോക്കണം. മീൻകറിയിൽ  ഉപ്പ് അധികമായാൽ തക്കാളി അരച്ചതു ചേർത്താൽ മതി.

∙ കൂന്തലും ചെമ്മീനും പാകത്തിനേ വേവിക്കാവൂ. വേവ് അധികമായാൽ മൃദുത്വം നഷ്ടമാകും, ഉറപ്പ് കൂടി വരും. ഇവ വെന്തു കിട്ടാൻ അഞ്ചു മിനിറ്റ് മതിയാകും.

∙ അധികദിവസം ഉപയോഗിക്കേണ്ട മീൻകറിയാണെങ്കിൽ മല്ലിപ്പൊടിയും ചുവന്നുള്ളിയും ചേർക്കാതെ കറി തയാറാക്കുക. ഇവ രണ്ടും ചേർത്താല്‍ കറി എളുപ്പത്തിൽ കേടാ കും. കുടംപുളി ചേർത്ത് മുളകിട്ടു വറ്റിച്ച മീൻകറി ഫ്രിജില്‍ വയ്ക്കാതെ തന്നെ രണ്ടു ദിവസം കേടാകാതെയിരിക്കും.

∙ മീൻ വറുക്കുന്ന എണ്ണയിൽ വെളുത്തുള്ളി അല്ലികൾ തൊലിയോടു കൂടി മെല്ലേ ചതച്ചിടുന്നതും കറിവേപ്പില ചേർക്കുന്നതും രുചി കൂട്ടും.

Tags:
  • Pachakam