Friday 16 October 2020 10:48 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ സേഫായി ഇരുന്ന് വെറൈറ്റി ഫൂഡ് ആസ്വദിക്കാൻ ‘ഫൂഡ് ഫോർ ഫുഡ്ഡീസ്’; കൊച്ചിക്കാർക്കായി രുചി വിരുന്നൊരുക്കി സൂസൻ

ko

വീക്കെൻഡ് ആയാൽ അടുക്കളയിൽ കയറാൻ തന്നെ മടിയാണ് മിക്കവർക്കും. നാട് അൺലോക്ക് ആയെങ്കിലും കോവിഡ് ലോക്ക് ആക്കിയെങ്കിലോ എന്ന് പേടിച്ച് ഹോട്ടലിൽ പോയിരുന്നു കഴിക്കാനും അത്ര ധൈര്യം പോരാ. ഇക്കാര്യത്തിൽ കൊച്ചിക്കാർക്ക് ടെൻഷനേ വേണ്ട, 'ഫൂഡ് ഫോർ ഫുഡ്ഡീസ്'‌ അടുക്കളയിൽ ചൂട് അപ്പവും താറാവ് മസാല റോസ്റ്റും ഒരുക്കുന്നുണ്ട് സൂസൻ. നാളെ മാത്രമല്ല, എല്ലാ വീക്കെൻഡ്സിലും രുചി വിരുന്ന് വിളമ്പുന്നുണ്ട് കൊച്ചി, കടവന്ത്ര, കുമാരനാശാൻ നഗർ റോഡിലുള്ള സൂസൻ സജി ചെറിയാൻ. 

"ഫൂഡ് ഫോർ ഫുഡ്ഡീസ് ഒരു ലോക് ഡൗൺ ഐഡിയ ആണ്. വെറുതേ ഇരിക്കാൻ വലിയ മടിയാണ് എനിക്ക്. മുൻപ് വിശേഷ അവസരങ്ങൾക്ക് ഹോം ഡെക്കോഴ്സ് ഉണ്ടാക്കി എക്സിബിഷൻസ് നടത്താറുണ്ടായിരുന്നു. കോവിഡ് ആയതോടെ അത് നടക്കില്ലെന്നായി. അപ്പോഴാണ് ഈ ആശയം തോന്നിയത്. വീട്ടിൽ സേഫ് ആയി ഇരുന്നു തന്നെ വെറൈറ്റി ഫൂഡ് കഴിക്കാനായാൽ അത് മനസ്സിന് തന്നെ സന്തോഷമല്ലേ..." സൂസൻ പറയുന്നു. 

b

ചെറിയ പാർട്ടികൾക്ക് ഓർഡർ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി നൽകുന്നുമുണ്ട് സൂസൻ. അപ്പവും പോർക്ക് റോസ്റ്റും പറോട്ടയും കാവാലൻ നാടൻ താറാവ് കറിയും പോലുള്ള നാടൻ വിഭവങ്ങൾ മാത്രമല്ല, ചിക്കൻ എസ്ക്യാലോപ് വിത് മഷ്റൂംസും ഗാർലിക് ബ്രെഡും ഒക്കെ മെനുവിൽ മാറി മാറി വരും. പോർക് വിന്താലൂ, ഹണി ഗ്ലേസ്ഡ് പോർക് റിബ്‌സ്‌, പോർക് വരട്ടിയത് തുടങ്ങി പോർക് വിഭവങ്ങൾ ഏറെയുണ്ട്.

ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകും. വൈകിട്ട് 6 മുതൽ 8 വരെ ആണ് ഫൂഡ് ഡെലിവറി ടൈം. പക്ഷേ, ബിരിയാണി ആണ് വിഭവമെങ്കിൽ ഉച്ചയ്ക്കും ചെമ്പ് തുറക്കും. ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും, നമുക്ക് അത്ര സുലഭമല്ലാത്ത രുചിയൂറും ബെംഗളൂരു മേഘന ബിരിയാണിയുമൊക്കെ പൊതു അവധി ദിവസങ്ങളിലും തയാറാക്കി നൽകുന്നുണ്ട്.     

ഫൂഡ് ഫോർ ഫുഡ്ഡീസിൽ നിന്ന് ഒരിക്കൽ രുചി അറിഞ്ഞവരെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാക്കും. ഈ ഗ്രൂപ്പ് വഴിയാണ് അടുത്ത  വീക്കെൻഡ് മെനു അറിയിക്കുക. "ഒരിക്കൽ കസ്റ്റമഴ്സ് ആയവർ പറഞ്ഞറിഞ്ഞാണ് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ എത്തുന്നത്. മേയ് മാസത്തിൽ തുടങ്ങിയ ഈ കൊച്ചു വിരുന്ന് ഇന്നും തുടരുന്നത് ഈ സ്നേഹത്തിലൂടെ ആണ്."- സൂസൻ പറയുന്നു.

സൂസന്റെ രണ്ടു കിടിലൻ റെസിപ്പികൾ ഇതാ...

 താറാവ് മസാല റോസ്റ്റ്.

hc

1. താറാവ്- ഒന്ന്, കഷണങ്ങളാക്കിയത്

2. സവാള - 2 അരിഞ്ഞത്

3. ചുവന്നുള്ളി അരിഞ്ഞത് - 2 കപ്പ്

     വെള്ളുതുള്ളി - 1 കുടം

     ഇഞ്ചി - ഒരു ചെറിയ കഷണം

     പച്ചമുളക് - എട്ട്

     കുരുമുളക് -2 ചെറിയ സ്പൂൺ

4. മല്ലിപൊടി- 3 വലിയ സ്പൂൺ

    മുളക് പൊടി - 2 വലിയ സ്പൂൺ

    മഞ്ഞൾപ്പൊടി - 1 ചെറിയ സ്പൂൺ

    ഗരംമസാലപ്പൊടി - 2 ചെറിയ സ്പൂൺ

5. തേങ്ങ  - ഒന്ന്, വറുത്ത് പൊടിച്ചത്

6. വാളൻപുളി- 1 നെല്ലിക്ക വലുപ്പത്തിൽ, 1കപ്പ് വെള്ളത്തിൽ കുതിർത്ത്  

എണ്ണ ചൂടാക്കി സവാള വഴറ്റുക. ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി തേങ്ങ വറുത്തു പൊടിച്ചത് ചേർക്കാം. താറാവ് കഷണങ്ങൾ ചേർത്ത് പുളി വെള്ളം കൂടി ഒഴിച്ച് കുക്കറിൽ വേവിക്കാം. 

ഒരു പാനിൽ എണ്ണ ചൂടാക്കി ബാക്കി വെന്ത താറാവ് കഷണങ്ങൾ ചേർത്ത് വറുത്തു കോരാം.

കറിയിലെ വെള്ളം വറ്റിക്കാൻ വയ്ക്കുക. ചാറ് വെന്ത കുറുകിവരുമ്പോൾ വറുത്ത താറാവ് കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് വറുത്തതും കറിവേപ്പില വറുത്തതും ചേർത്ത് അലങ്കരിക്കുക. 

ഹണി ഗാർലിക് ചിക്കൻ വിഗ്സ്

du

1. ചിക്കൻ വിഗ്സ് - 1 കിലോ

2. മൈദ - 1/4 കപ്

    കുരുമുളക് പൊടി - 1/4 ചെറിയ സ്പൂൺ

    ഉപ്പ് - ആവശ്യത്തിന്

3. ഒലിവ് ഓയിൽ - 1 വലിയ സ്പൂൺ + വറുക്കാൻ ആവശ്യത്തിന്

സോസ് തയാറാക്കാൻ

4. തേൻ - 1/2 കപ്

സോയ സോസ് - 4 വലിയ സ്പൂൺ

ബ്രൗൺ ഷുഗർ - 2 വലിയ സ്പൂൺ

വെളുത്തുള്ളി - 4 ചതച്ചത്

ഇഞ്ചി അരിഞ്ഞത് - 1 വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് -1 വലിയ സ്പൂൺ

വെള്ളം -1/3 കപ്

കോൺഫ്ലോർ - 1 ചെറിയ സ്പൂൺ

 

പാകം ചെയ്യുന്ന വിധം

കുക്കറിൽ ചിക്കൻ വിങ്സ് ഒരു വിസയിൽ വരും വരെ വേവിക്കുക. വെന്ത ചിക്കൻ വിങ്‌സിലെ വെള്ളം ഒപ്പി മാറ്റുക. മൈദയും കുരുമുളകുപൊടിയും ഉപ്പും യോജിപ്പിച്ചതിൽ ചിക്കൻ വിങ്‌സ്‌ പൊതിഞ്ഞ് എടുക്കുക. മുകളിലായി ഒലിവ് ഓയിൽ ബ്രഷ് ചെയ്യുക. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ചിക്കൻ വിങ്സ് വറുത്തു കോരുക.

മറ്റൊരു പാനിൽ സോസിനുള്ള എല്ലാ ചേരുവകളും ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങാം. വറുത്ത ചിക്കൻ വിങ്സ്സിൽ സോസ് പുരട്ടി എട്ടു മുതൽ പത്തു മിനിറ്റ് അവ്നിൽ വച്ച് മൊരിയിച്ച് എടുക്കുക.