Thursday 12 November 2020 03:49 PM IST : By സ്വന്തം ലേഖകൻ

ടേസ്റ്റിയായ ഗ്രീൻപീസ് പറാത്ത; കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടും ഈ ഹെൽത്തി ബ്രേക്ഫാസ്റ്റ്

peas-paratha334456 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: ദുർഗ ചെല്ലാറാം, ബെംഗളൂരു

ഗ്രീൻപീസിന്റെ ഏറ്റവും വലിയ ഗുണം അതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആണ്. ഒപ്പം ധാരാളം നാരും ഉണ്ട് ഈ കു‍ഞ്ഞൻപച്ചക്കറിയിൽ. ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആന്റിഓക്സിഡന്റുകളും ഗ്രീൻപീസിൽ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാൻ ഗ്രീൻപീസ് സഹായിക്കുമെന്നും പഠനങ്ങൾ. ഇതോടൊപ്പം തന്നെ പലതരം കാൻസറുകളെ ചെറുക്കാനുള്ള കഴിവും ഗ്രീൻപീസിനുണ്ടത്രേ. പനീർ, ചിക്കൻ, മുട്ട തുടങ്ങി മറ്റു ചേരുവകളുടെയൊപ്പം ചേർക്കാമെന്നതാണ് ഗ്രീൻപീസിന്റെ ഏറ്റവും വലിയ ഗുണം. ഗ്രീൻപീസ് കൊണ്ടു തയാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഗ്രീൻപീസ് പറാത്ത. 

പീസ് പറാത്ത

1. ഗോതമ്പുപൊടി – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ചെറിയ സ്പൂൺ

2. വെള്ളം – ഒരു കപ്പ്

3. ഫ്രെഷ് ഗ്രീൻപീസ് – രണ്ടു കപ്പ്

4. ചാട്ട് മസാല ‌– ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് അരി കളഞ്ഞ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മല്ലിയില ‍അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കടലമാവ് – രണ്ടു വലിയ സ്പൂൺ, ഗോൾഡൻ നിറത്തിൽ വറുത്തത് 

5. നെയ്യ്/വെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഗ്രീൻപീസ് ആവിയിൽ വേവിച്ചു തുണിയിൽ പൊതിഞ്ഞു വെള്ളം തുടച്ചുണക്കുക.

∙ ഇത് അധികം ഉടഞ്ഞു പോകാതെ മെല്ലേ ഉടച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു വ യ്ക്കുക.

∙ കുഴച്ചു വച്ചിരിക്കുന്ന മാവ് എട്ട് ഉരുളകളാക്കി അൽപം ഗോതമ്പുപൊടി വിതറി മൂന്ന് ഇഞ്ച് വട്ടത്തിൽ പരത്തുക.

∙ തയാറാക്കി വച്ചിരിക്കുന്ന പീസ് മിശ്രിതം എട്ടു ഭാഗങ്ങളാക്കി, പരത്തിയ മാവിനു നടുവിൽ വയ്ക്കണം. 

∙ ഇനി നാലരികും അകത്തേക്കു കൂട്ടിപ്പിടിച്ചു യോജിപ്പിച്ച ശേ ഷം ചപ്പാത്തി ഉരുട്ടിയെടുക്കുക.

∙ ഓരോ ഉരുളയും മെല്ലേ അമർത്തി ഗോതമ്പുപൊടി തൂവി, പറാത്തയ്ക്കെന്നപോലെ പരത്തിയെടുക്കണം.

∙ ചൂടായ തവയിലിട്ട് ഇരുവശവും ചുട്ടെടുക്കുക. 

∙ രണ്ടു വശവും വെന്ത ശേഷം അൽപം നെയ്യ്/വെണ്ണ പുരട്ടി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.

∙ ചൂടോടെ റൈത്തക്കൊപ്പമോ തക്കാളി ചട്നിക്കൊപ്പമോ വിളമ്പാം.

Tags:
  • Pachakam