മഴക്കാലത്തെ ഇടനേരങ്ങൾ ആഘോഷമാക്കാൻ രുചിക്കൊപ്പം ആരോഗ്യവും പകരുന്ന ചേരുവകൾ ചേർത്തൊരു സാലഡ് ആയാലോ. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണു വൈറ്റമിൻ ബിയും വൈറ്റമിൻ സിയും. ഈ വൈറ്റമിനുകൾക്കു പുറമെ ധാരാളം നാരും അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയിൽ. പയർ മുളപ്പിച്ചതിൽ ധാരാളം പ്രോട്ടീനും ദഹനത്തെ ത്വരിതപ്പെടുത്തുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. തേനിലാകട്ടെ വയറിനുള്ളിൽ നല്ല ബാക്ടീരിയ വളർന്നു വരാനുള്ള പ്രോബയോട്ടിക്കുകളും ധാരാളം. രോഗപ്രതിരോധ ശേഷി കൂട്ടാൻ സൂപ്പർ സാലഡ് റെഡി.
1. ഉണക്കമുന്തിരി – 50 ഗ്രാം, കഴുകി കുതിർത്തത്
സാലഡ് കുക്കുമ്പർ – ഒരു ചെറുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
തക്കാളി – ഒരു വലുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
ലെറ്റൂസ് – 100 ഗ്രാം, കൈ കൊണ്ടു കീറിയത്
പയര്‍ മുളപ്പിച്ചത് – 150 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തേന്‍ – 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ ചേരുവകൾ എല്ലാം തയാറാക്കി വയ്ക്കുക.
∙ വിളമ്പുന്നതിനു തൊട്ടുമുൻപ് സാലഡ് ബൗളിലാക്കി കുടഞ്ഞു യോജിപ്പിക്കുക.
തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം