Saturday 20 June 2020 04:10 PM IST : By സ്വന്തം ലേഖകൻ

മെക്സിക്കൻ ഗ്രീൻ സാലഡ് തൊട്ട് മീൻ- കുക്കുമ്പർ സാലഡ് വരെ; ആരോഗ്യം പകരാന്‍ എട്ടുതരം രുചികൾ ഇതാ...

Channa-salad

മെക്സിക്കൻ ഗ്രീൻ സാലഡ്

സാല‍ഡ് കുക്കുമ്പർ അരിഞ്ഞത് ഒരു കപ്പ്, തക്കാളി അരിഞ്ഞത് അരക്കപ്പ്, പച്ച, മഞ്ഞ, ചുവപ്പ് കാപ്സിക്കം ഇവ അരിഞ്ഞത് എല്ലാം കൂടി കാൽ കപ്പ്, പൈനാപ്പിൾ അരിഞ്ഞത് കാൽ കപ്പ്, ലെറ്റൂസ് നാലു തണ്ട് അരിഞ്ഞത്, ഒലിവ് ഒരു പിടി എന്നിവ ഒരു ബൗളിൽ യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളക്കടല ഉപ്പിട്ടു വേവിച്ചത്, ഒരു കപ്പ് ചോളം ഉപ്പിട്ടു വേവിച്ചത് എന്നിവ ചേർക്കണം. ഇതിലേക്ക് ഒരു വലിയ അവക്കാഡോ ഉടച്ചതും ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിലും അര ചെറിയ സ്പൂൺ നാരങ്ങാനീരും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു യോജിപ്പിക്കുക. ഇതൊരു ബൗളിലേക്കു മാറ്റി മുകളിൽ ഒരു പിടി മാതളനാരങ്ങഅല്ലിയും ഒരു ചപ്പാത്തി നീളത്തിൽ കനം കുറഞ്ഞ കഷണങ്ങളാക്കി വറുത്തതും ചേർത്ത് അലങ്കരിച്ചു വിളമ്പാം.

നിഹ്മ നസ്റീൻ, കാരക്കുന്ന്, മലപ്പുറം.

വെള്ളക്കടല സാലഡ്

ഒരു കപ്പ് വെള്ളക്കടല കുതിർത്തത് വേവിച്ചു വയ്ക്കുക. ഇതു വെള്ളത്തിൽ നിന്നും ഊറ്റി മാറ്റി വയ്ക്കണം. രണ്ടു കാരറ്റ്, ഒരു ഇടത്തരം സവാള, ഒരു പച്ചമാങ്ങയുടെ പകുതി, നാലു പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു വയ്ക്കണം. ഇതിൽ ഒരു തേങ്ങയുടെ കാൽഭാഗം ചുരണ്ടിയതും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞതും ഒരു വലിയ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്തിളക്കി വിളമ്പാം.

സി. വിജയകുമാരി, ഏരൂർ, തൃപ്പൂണിത്തുറ.

ഹെൽതി സാല‍ഡ‍്

ഒരു കപ്പ് മുളപ്പിച്ച ചെറുപയർ, അരക്കപ്പ് മുളപ്പിച്ച ഉലുവ, കാൽ കപ്പ് വീതം സാലഡ് കുക്കുമ്പർ പൊടിയായി അരിഞ്ഞത്, കാബേജ് പൊടിയായി അരിഞ്ഞത്, കാരറ്റ് പൊടിയായി അരിഞ്ഞത്, രണ്ടു തക്കാളി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിൽ ഒരു നാരങ്ങയുടെ നീരു ചേർത്ത ശേഷം മല്ലിയില അരിഞ്ഞതു രണ്ടു വലിയ സ്പൂൺ ചേർക്കുക. പത്തു മിനിറ്റ് വച്ച ശേഷം ഉപയോഗിക്കാം.

അനു ജോതിസ്, അരശുംമൂട്, തിരുവനന്തപുരം.

റഷ്യൻ സാലഡ്

പൈനാപ്പിൾ ചതുരക്കഷണങ്ങളാക്കിയത് ഒരു കപ്പ്, ഏത്തപ്പഴം ചതുരക്കഷണങ്ങളാക്കിയത് ഒരു കപ്പ്, ആപ്പിൾ ചതുരക്കഷണങ്ങളാക്കിയത് ഒരു കപ്പ്, ഗ്രീൻപീസ് വേവിച്ചത് അരക്കപ്പ്, കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് അരക്കപ്പ്, മാക്രോണി വേവിച്ചത് അരക്കപ്പ്, ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത് അരക്കപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക. അരക്കപ്പ് ഫ്രെഷ് ക്രീം, അരക്കപ്പ് തൈര്, കാൽ കപ്പ് മയണീസ്, ഒരു വലിയ സ്പൂൺ പഞ്ചസാര, പാകത്തിന് ഉപ്പ്, അര ചെറിയ സ്പൂൺ വെള്ളക്കുരുമുളകുപൊടി, അര ചെറിയ സ്പൂൺ കുരുമുളകുപൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കണം. ഇതിലേക്കു പഴം–പച്ചക്കറി മിശ്രിതം ചേർത്തിളക്കി വിളമ്പാം.

മിനി സൂസൻ വർക്കി, ചെങ്ങന്നൂർ.

sprout-salad

പപ്പായ –ഇരുമ്പൻപുളി സാലഡ്

അരക്കപ്പ് ചുവന്നുള്ളി, എട്ട് ഇരുമ്പൻപുളി, നാലു കാന്താരി എന്നിവ ചതയ്ക്കുക. ഇതിൽ പപ്പായ ഗ്രേറ്റ് ചെയ്തത് ഒരു കപ്പും പാകത്തിന് ഉപ്പും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്തു നന്നായി യോജിപ്പിക്കണം. ചോറ്, കപ്പ എന്നിവയ്ക്കൊപ്പം വിളമ്പാം.

മുന്നാബി റാഫി, ഊരകം, മലപ്പുറം.

സ്വീറ്റ് & സോൾട്ട് സാലഡ്

അധികം പുളിയില്ലാത്ത തൈര് ഒരു ക പ്പ്, അരക്കപ്പ് മയണീസ്, ഒരു ചെറിയ സ്പൂ ൺ നാരങ്ങാനീര്, പാകത്തിനുപ്പ് എന്നിവ മിക്സിയിൽ അടിച്ചു വയ്ക്കുക. പാലക്ക് ചീര തിളച്ചവെള്ളത്തിൽ മുക്കി വച്ച ശേഷം പൊടിയായി അരിഞ്ഞത് അരക്കപ്പ്, കൂൺ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത് കാൽ കപ്പ്, ബ്രോക്ക്‌ലി എണ്ണയിൽ വഴറ്റിയ ശേഷം ചെറിയ കഷണങ്ങളാക്കിയത് അരക്കപ്പ്, മധുരക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത് അരക്കപ്പ്, മാതളനാരങ്ങ അല്ലി ഒരു കപ്പ്, കുരുമുളക് ചതച്ചത് ഒരു ചെറിയ സ്പൂൺ, ഒ രു വലിയ സ്പൂൺ തേൻ, ഒരു ചെറിയ സ്പൂൺ ചില്ലി സോസ് എന്നിവ അടിച്ചു വച്ച തൈര് –മയണീസ് മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കണം. ഒരു ചെറിയ സ്പൂൺ വെളുത്ത എള്ള് മുകളിൽ വിതറി വിളമ്പാം.

ഗിരിജ ഹർഷൻ, ചിറക്കൽ, കണ്ണൂർ.

വാഴച്ചുണ്ട് ഹെൽതി സാലഡ്

വാഴച്ചുണ്ട് അരിഞ്ഞത് കാൽ കപ്പ്, ചെറുപയർ മുളപ്പിച്ചത് കാൽ കപ്പ്, ബ്രോക്ക്‌ലി അഞ്ചു മിനിറ്റ് ആവിയിൽ‌ വേവിച്ചത്, കാപ്സിക്കം അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ, മൂന്നു ചെറി തക്കാളി രണ്ടായി മുറിച്ചത്, പുതിനയില അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ, പാലക്ക് ചീര അരിഞ്ഞത് കാൽ കപ്പ്, പാഴ്സ്‌ലിയില അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ, ലെറ്റൂസ് അരിഞ്ഞത് കാൽ കപ്പ്, തുളസിയില അരിഞ്ഞത് കാൽ കപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക. രണ്ടു ചെറിയ സ്പൂൺ ഒലിവ് ഓയിലും ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും ഒരു ചെറിയ സ്പൂൺ തേ നും ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടിയും യോജിപ്പിച്ചു വയ്ക്കുക. ഇത് പച്ചക്കറി മിശ്രിതത്തിൽ ചേർത്തു പാകത്തിന് ഉപ്പു ചേർത്തിളക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് വോൾനട്ട് ചേർത്തിളക്കാം.

രൂപ മേനോൻ, കടലുണ്ടി, കോഴിക്കോട്.

മീൻ–കുക്കുമ്പർ സാലഡ്

അരക്കിലോ നെയ്മീൻ ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു വേവിച്ച് മുള്ളു കളഞ്ഞു വയ്ക്കുക. ഒരു ബൗളിൽ രണ്ടു സവാള പൊടിയായി അരിഞ്ഞതും മീൻ പൊടിച്ചതും കാൽ ചെറിയ സ്പൂൺ കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ര ണ്ടു കാരറ്റ് പൊടിയായി അരിഞ്ഞതും ചേർത്തു യോജിപ്പിക്കുക. സാല‍ഡ് കുക്കുമ്പർ കുറുകെ രണ്ടായി മുറിച്ച് ഉള്ളിലുള്ള പൾപ്പ് മാറ്റി വയ്ക്കുക. ഒരു കപ്പ് മയണീസും കുക്കുമ്പർ പൾപ്പും മീൻ മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കണം. ഇത് സാല‍ഡ് കുക്കുമ്പറിന് ഉള്ളിൽ നിറച്ച് മുകളിൽ തക്കാളി വട്ടത്തിൽ മുറിച്ചതു വയ്ക്കുക. ആവശ്യമെങ്കില്‍ തണുപ്പിച്ചു വിളമ്പാം.  

ഹലീമ ഹനീഫ സി. പി., അയിലക്കാട്, മലപ്പുറം.

Greek-fetta-salad
Tags:
  • Pachakam