Thursday 11 November 2021 03:08 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്‌ നേട്ടവുമായി അഞ്ചാം ക്ലാസുകാരി

al-salma-baker55555gyu

കേക്കുകൾ ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ അഞ്ചാം ക്ലാസുകാരി അല സല്‍മ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍ എന്ന റെക്കോര്‍ഡ് ആണ് അല സല്‍മ സ്വന്തമാക്കിയത്. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അല സല്‍മ.

പവര്‍ഹൗസ് വാര്‍ഡില്‍ കൊച്ചിങ്ങാംപറമ്പില്‍ റിയാസിന്‍റെയും ഷെറീനയുടെയും മകളാണ്. കഴിഞ്ഞ വര്‍ഷമാണ് അല സല്‍മ കേക്കുണ്ടാക്കാന്‍ തുടങ്ങിയത്. അമ്മ ഷെറീനയില്‍ നിന്നാണ് കേക്ക് നിര്‍മാണം പഠിച്ചത്. അല സല്‍മയുടെ കേക്കിന് ആവശ്യക്കാർ ഏറെയാണ്. 

കൂട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം ജന്മദിനാഘോഷങ്ങള്‍ക്ക് കേക്ക് ഉണ്ടാക്കി നൽകുന്നതും ഈ കൊച്ചു മിടുക്കിയാണ്. ഇതുവരെ 25 ലധികം കേക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു. കേക്ക് നിര്‍മാണത്തിനു പുറമേ ബോട്ടില്‍ ആര്‍ട്ട്, ചിത്രരചന എന്നിവയിലും മികവു പുലർത്തുന്ന അല സല്‍മ യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള പ്ലാനിലാണ്. 

Tags:
  • Pachakam