Friday 22 May 2020 03:56 PM IST : By ബീന മാത്യു

വിരുന്നിന് കൊതിയൂറും കശ്മീരി ചിക്കൻ; തയാറാക്കാൻ സിമ്പിളാണ്, കൂടുതൽ ടേസ്റ്റിയും...

Kashmiri-chicken ഫോട്ടോ : സരുൺ മാത്യു

1. ഇളംചിക്കൻ തൊലി കളഞ്ഞു വലിയ കഷണങ്ങളാക്കിയത് – അരക്കിലോ

2. ഉപ്പ്, മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ വീതം

3. കശ്മീരി വറ്റൽമുളക് – 15, അരി കളഞ്ഞത്

കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – രണ്ടിഞ്ചു നീളമുള്ള രണ്ടു കഷണം

ഗ്രാമ്പൂ – നാല്

4. സവാള – ഒരു വലുത്

ഇഞ്ചി – രണ്ടിഞ്ചു കഷണം

വെളുത്തുള്ളി – രണ്ടു കുടം

കശുവണ്ടിപ്പരിപ്പ് – 10

ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

5. എണ്ണ – മുക്കാൽ കപ്പ്

6. തക്കാളി – മൂന്നു വലുത്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചു വയ്ക്കണം.

∙ നാലാമത്തെ ചേരുവ ഓരോന്നും വെവ്വേറെ അരച്ചു മാറ്റി വ യ്ക്കണം.

∙ എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു ബ്രൗൺ നിറത്തിൽ വറുത്തു കോരി എണ്ണ വാലാൻ വയ്ക്കണം.

∙ അതേ എണ്ണയിൽ സവാള അരച്ചതു വഴറ്റിയ ശേഷം ഇഞ്ചി അരച്ചതു വഴറ്റണം. ഇതിലേക്കു വെളുത്തുള്ളി അരച്ചതും ചേർത്തു വഴറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഈ കൂട്ടിലേക്കു തക്കാളി ചേർത്തു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി രണ്ടു കപ്പ് ചൂടുവെള്ളവും ഒഴിച്ചു വേവിക്കണം.

∙ നന്നായി വെന്ത ശേഷം ഉണക്കമുന്തിരി അരച്ചതും അരച്ചു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും അൽപം വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി വാങ്ങാം.

∙ ഇഞ്ചി വഴറ്റുമ്പോൾ അടിയിൽ പിടിച്ചാൽ അൽപം വെള്ളം തളിച്ചു കൊടുക്കാം. ആവശ്യമെങ്കിൽ കറിയിൽ കാൽ ചെറിയ സ്പൂൺ ചുവന്ന ഫൂഡ് കളർ ചേർക്കാം. കറിക്ക് അൽപം മധുരം കൂടുതലാണെങ്കിൽ അര ചെറിയ സ്പൂണ്‍ നാരങ്ങാനീരു ചേർത്താൽ മതിയാകും.

- ഫോട്ടോ : സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനൂപ് ജോസഫ്, സീനിയർ സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

Tags:
  • Dinner Recipes
  • Pachakam