Wednesday 06 May 2020 08:25 PM IST : By ശില്പ ബി. രാജ്

‘ഇത്രയും പേർ ചേർന്നൊരു യൂട്യൂബ് ചാനൽ വേറെങ്ങും കാണില്ല’; ലോക് ഡൗണിൽ ഗംഭീര സദ്യയൊരുക്കി വിഷുക്കൂട്ടായ്മ

pachakam

2019 വനിത ഇൻറർനാഷനൽ പാചക റാണിയുടെയും 10 ഫൈനലിസ്റ്റുകളുടെയും ഇത്തവണത്തെ വിഷു അൽപം സ്പെഷലായിരുന്നു. ഷാർജയിലും ദുബായിലും മസ്ക്കറ്റിലും റാസൽഖൈമയിലും ഉള്ളവർ ഒരുമിച്ച് വിഷുക്കട്ടയും മാമ്പഴപായസവും രസവും മൈക്രോഗ്രീൻ തോരനും ഒക്കെയായി ഗംഭീരസദ്യ തന്നെയൊരുക്കി. അതിന്റെ വിഡിയോ ചൂടോടെ തന്നെ തങ്ങളുടെ യൂട്യൂബ് ചാനലായ ടേസ്റ്റി ക്വീൻസ് 2020 ൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. പക്ഷേ, ഒരു ട്വിസ്റ്റ് ഉള്ളത് ഈ ലോക് ഡൗൺ കാലത്ത് ഇവർ ഒന്നിച്ചത് ഓൺലൈൻ വഴിയാണ് എന്നതാണ്. 

2019 ൽ വനിത നടത്തിയ വനിത ഇന്റർനാഷനൽ പാചകറാണി മത്സരത്തിൽ 15 ഫൈനലിസ്റ്റുകൾ ആണുണ്ടായിരുന്നത്. മത്സരം കഴിഞ്ഞപ്പോൾ ഈ സൗഹൃദം തുടരണമെന്ന് അതിൽ 11 പേർ തീരുമാനിച്ചു. അങ്ങനെ അവർ ചേർന്ന് പാചകറാണി 2019 എന്ന വാട്സ് ആപ് കൂട്ടായ്മ തുടങ്ങി. ബ്രേക്ക്ഫാസ്റ്റ് മുതൽ ഡിന്നർ വരെയുള്ള വിഭവങ്ങളുടെ വിശേഷങ്ങളും പരീക്ഷണങ്ങളും പാളിപ്പോയ രുചിക്കൂട്ടുകളും എല്ലാം പങ്കുവച്ച് ഗ്രൂപ്പിൽ രുചികളുടെ പൂരം പൊടിപൊടിച്ചു. അപ്പോളാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങി തങ്ങളുടെ റെസിപ്പീസ് ഭക്ഷണ പ്രേമികൾക്കായി പങ്കുവച്ചാലോ എന്ന ഐഡിയ വന്നത്. 

അങ്ങനെ ഈ ജനുവരി ഒന്നിന് വനിത ഇന്റർനാഷനൽ പാചകറാണി പത്തനംതിട്ട സ്വദേശി മഹന്ന ബിജു (റാസ് അൽ ഖൈമ ), എടപ്പാൾ സ്വദേശി അനിത ശശി (മസ്‌കറ്റ്), പത്തനംതിട്ട സ്വദേശി ഷെഹന റഫീക്ക് (ദുബായ്), തൃശൂർ സ്വദേശി നിത്യ പ്രിയേഷ് (മസ്കറ്റ്), കണ്ണൂർ സ്വദേശി അഫ്നീത ഫൈസൽ (ദുബായ്), കണ്ണൂർ സ്വദേശി അഫ്സീന നാസർ (റാസ് അൽ ഖൈമ), തൃശൂർ സ്വദേശി ഫാത്തിമ റിൻസി (മസ്‌കറ്റ്), കോഴിക്കോട് സ്വദേശി റാഫിയ അസീസ് ( അജ്മാൻ), തൃശൂർ സ്വദേശി ആനി ജോൺസൺ (ഷാർജ) എന്നീ ഒൻപതു പേർ ചേർന്ന് ടേസ്റ്റി ക്വീൻസ് 2020 എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. 

"ഇത്രപേർ ചേർന്നൊരു യൂട്യൂബ് ചാനൽ വേറെങ്ങും ഉണ്ടായിക്കാണില്ല."- മഹന്ന ബിജു പറയുന്നു. ലോക്ക്ഡൗൺ കാലത്ത് Stay at home & Stay safe ഇതിനെ ആസ്പദമാക്കി ഒരു വിഷു വിഡിയോ ചെയ്യാമെന്ന ആശയം ഈ കൂട്ടുകാർക്ക് പെട്ടെന്നാണ് തോന്നിയത്. അങ്ങനെ വാട്സ് ആപ് ഗ്രൂപ്പിലെ തൃശൂർ സ്വദേശി റെമി അസ്കർ (അബുദാബി), പെരിന്തൽമണ്ണ സ്വദേശി ബീഗം (അജ്മാൻ) എന്നിവർക്കൊപ്പം അംഗങ്ങൾ അരങ്ങിലും അണിയറയിലുമായി നിന്ന് അഞ്ചു മിനിറ്റ് 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഒരുക്കി. അത് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. "ഇപ്പോൾ ഞങ്ങൾ ഒരു കുടുംബം പോലെയാണ്. കഴിയുന്നതും വേഗം ഈ ലോക് ഡൗണും പ്രതിസന്ധികളും മാറിയ ശേഷം ഒന്നൊത്തു കൂടണം. ആ പ്രതീക്ഷയിലാണ് ഇപ്പോൾ."- മഹന്ന പറയുന്നു.

Tags:
  • Social Media Viral
  • Pachakam