Friday 10 May 2019 04:41 PM IST : By സ്വന്തം ലേഖകൻ

കല്ലുവിന്റെ കൺട്രോൾ കളഞ്ഞ മാഹി സ്പെഷൽ ചെമ്മീൻ ചോറ് (വിഡിയോ)

mahi-special-chemmen-choru

എന്നാ രുചിയാ! കല്ലുവിന്റെ കൺട്രോൾ കളഞ്ഞ മാഹി ചെമ്മീൻ ചോർ അടുക്കളയിൽ പരീക്ഷിച്ചാലോ... 

ചേരുവകൾ 

ചെമ്മീൻ – ഒരു കിലോ, വൃത്തിയാക്കിയത്

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

സൺഫ്ലവർ ഓയിൽ – പാകത്തിന്

നെയ്യ് – അരക്കപ്പ്

സവാള – എട്ട്, ഇടത്തരം അരിഞ്ഞത്

തക്കാളി – അഞ്ച്, ഇടത്തരം അരിഞ്ഞത്

പച്ചമുളക് – 10, അരച്ചത്

ഇഞ്ചി – രണ്ടു കഷണം, അരച്ചത്

വെളുത്തുള്ളി – ഒരു കുടം, അരച്ചത്

ഗരംമസാലപ്പൊടി – രണ്ടു വലിയ സ്പൂൺ

മല്ലിയില – 25 ഗ്രാം, അരിഞ്ഞത്

വെള്ളം – പത്തു കപ്പ്

കൈമ അരി – ഒരു കിലോ

പാകം ചെയ്യുന്ന വിധം

∙ ചെമ്മീനിൽ രണ്ടു വലിയ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും പുരട്ടി വേവിക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി വേവിച്ച ചെമ്മീൻ വറുത്തെടുക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ കാൽ കപ്പ് നെയ്യൊഴിച്ച് ചൂടാക്കി സവാള വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകണം.

∙ ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതു ചേർത്തു വഴറ്റുക.

∙ ഇനി വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കുക. 

∙ ഗരംമസാലപ്പൊടിയും ഒരു വലിയ സ്പൂൺ മുളകുപൊടിയും ചേർത്തിളക്കിയ ശേഷം മല്ലിയില ചേർക്കുക. അൽപം വെള്ളം തളിച്ചു രണ്ടു മിനിറ്റ് മൂടി വയ്ക്കുക. ഇതാണ് ചെമ്മീൻ മസാല.

∙ ചുവടുകട്ടിയുള്ള  പാത്രത്തില്‍ കാൽ കപ്പ് നെയ്യും രണ്ടു വലിയ സ്പൂൺ സൺഫ്ലവർ ഓയിലും ചൂടാക്കിയ ശേഷം വെള്ളം ചേർത്തു  തിളപ്പിക്കുക.

∙ നന്നായി തിളച്ചശേഷം അരിയും ഉപ്പും ചേർത്തിളക്കുക.

∙ വെള്ളം വറ്റി പകുതിയാകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ചെമ്മീൻ മസാല ചേർത്തിളക്കി മൂടി വയ്ക്കുക.

∙ വെള്ളം നന്നായി വറ്റി ചെമ്മീൻ ചോറു വെന്തു പാകമായശേഷം വിളമ്പാം.