Monday 30 March 2020 12:31 PM IST : By സ്വന്തം ലേഖകൻ

ഇറച്ചിയും മീനും അധികം വന്നാൽ ഇറച്ചി കൊണ്ടു മിൻസ്മീറ്റ് ഉപ്പുമാവും മീൻ കൊണ്ട് സാൻവിച്ചും തയാറാക്കാം.

food

എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ജോലിഭാരം ഏറ്റവും കൂടുന്നതു വീട്ടമ്മയ്ക്കു തന്നെ. ഓരോ നേരവും വ്യത്യസ്ത വിഭവങ്ങൾ വേണം, എന്നാൽ ഒന്നും വേസ്റ്റ് ആവുകയും ചെയ്യരുത്. ബാക്കി വരുന്ന വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള രണ്ടു പാചകക്കുറിപ്പുകൾ ഇതാ. ഇറച്ചിയും മീനും അധികം വന്നാൽ ഇറച്ചി കൊണ്ടു മിൻസ്മീറ്റ് ഉപ്പുമാവും മീൻ കൊണ്ട് സാൻവിച്ചും തയാറാക്കാം.

മിൻസ്മീറ്റ് സേമിയ ഉപ്പുമാവ്

91364950_502429707120160_4994315446418145280_n


1. എണ്ണ - കാൽ കപ്പ്
2.. കടുക് – ഒരു െചറിയ സ്പൂൺ
3. വറ്റൽമുളക് – ഒന്ന്, മൂന്നു കഷണങ്ങളാക്കിയത്
4 സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
5. സേമിയ – ഒന്നരക്കപ്പ്
6. ബാക്കി വന്ന ഇറച്ചി മിൻസ് ചെയ്തത് – അരക്കപ്പ്
7. തിളച്ച വെള്ളം – മൂന്നു കപ്പ്
ഉപ്പ് – പാകത്തിന്
8. മല്ലിയില അരിഞ്ഞത് - കാൽ കപ്പ്


പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം വറ്റൽമുളകു ചേർത്തു മൂപ്പിക്കുക. ഇതിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം സേമിയ ചേർത്തിളക്കുക.
∙ നല്ല ബ്രൗൺ നിറമാകുമ്പോൾ ഇറച്ചിയും ചൂടുവെള്ളവും ഉപ്പും ചേർത്തിളക്കി വേവിക്കണം.
∙ വെന്തശേഷം ഇളക്കി കുഴഞ്ഞുപോകാതെ ഒരു ഫോർക്കുകൊണ്ടു മെല്ലേ വിടർത്തിയെടുക്കുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

മീൻ സാൻവിച്ച്


1. എണ്ണ – രണ്ടു ചെറിയ സ്പൂൺ
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
4. ബാക്കി വന്ന മീൻകറിയിൽ നിന്നു കഷണങ്ങൾ മാത്രമെടുത്ത് അടർത്തിയത് – 200 ഗ്രാം
5. വെണ്ണ – ഒരു വലിയ സ്പൂൺ
ചീസ് ഗ്രേറ്റ് െചയ്തത് – രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു നുള്ള്
6. റൊട്ടി – ആറു സ്ലൈസ്

91069785_205617480731765_6384918886407471104_n


പാകം ചെയ്യുന്ന വിധം
∙ എണ്ണ പാനിൽ ഒഴിച്ചു ചൂടാക്കി അതിൽ രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ വഴന്നു വരുമ്പോൾ തക്കാളിയും മല്ലിയിലയും ചേർത്തു വഴറ്റുക.
∙ ഇതിലേക്കു മീൻ അടർത്തിയതും ചേർത്തിളക്കി നന്നായി വഴറ്റി വാങ്ങിവയ്ക്കുക.
∙ ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി കുഴഞ്ഞ പരുവത്തിലാക്കുക.
∙ ഓരോ സ്ലൈസ് റൊട്ടിയിലും തയാറാക്കിയ മീൻ മിശ്രിതം നിരത്തി മറ്റൊരു സ്ലൈസു കൊണ്ടു മൂടി ത്രികോണാകൃതിയിൽ മുറിച്ചു വിളമ്പുക.