Wednesday 08 April 2020 04:40 PM IST : By വനിത പാചകം

നെയ്യ്ച്ചോറും ചിക്കൻ കുറുമയും

kuruma+rice

ലഞ്ച്ടൈം രുചികരമാക്കാൻ ഒരു സിംപിൾ കോമ്പിനേഷൻ ഇതാ.. സിംപിളായി തയാറാക്കാവുന്ന നെയ്യ്ച്ചോറും ചിക്കൻ കുറുമയും. നെയ്ച്ചോറിനു കൈമ അരി തന്നെ വേണമെന്നില്ല. സാധാരണ ബസ്മതി അരി ആയാലും മതി. ചിക്കനിൽ മറ്റു മസാലകൾ കുറച്ച് തേങ്ങ അരച്ചതു തൈരിൽ കലക്കിയതു ചേർത്താണ് കുറുമ തയാറാക്കുന്നത്.

neychoru

നെയ്ച്ചോറ്
1. കൈമ അരി – രണ്ടു കപ്പ്
2. നെയ്യ് – 50 ഗ്രാം
 റിഫൈൻഡ് ഓയിൽ – രണ്ടു വലിയ സ്പൂൺ
3. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – രണ്ടു കഷണം വീതം
 കുരുമുളക് – ഒരു ചെറിയ സ്പൂൺ
4. സവാള – ഒരു ചെറുത്, അരിഞ്ഞത്
5. തിളച്ചവെള്ളം – മൂന്നരക്കപ്പ്
6. ഉപ്പ് – പാകത്തിന്
7. നെയ്യ് – രണ്ടു വലിയ സ്പൂൺ
8. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം, നുറുക്കിയത്
 ഉണക്കമുന്തിരി – 50 ഗ്രാം

പാകം ചെയ്യുന്ന വിധം
∙ അരി കഴുകി ഊറ്റിവയ്ക്കണം.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യും എണ്ണയും ചൂടാക്കി, മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.
∙ ഇതിലേക്കു സവാളയും ചേർത്തു നന്നായി വഴറ്റിയ ശേഷം അരി ചേർത്തു വറുക്കുക.
∙ കടി കൊള്ളുന്ന പരുവമാകുമ്പോൾ തിളച്ച വെള്ളം ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വച്ചു വെള്ളം വറ്റിച്ചെടുക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിച്ചു വിളമ്പുക.

chicken kuruma

ചിക്കൻ കുറുമ
1.    ചിക്കൻ – ഒരു കിലോ
2. പച്ചമുളക് – നാല്,പൊടിയായി അരിഞ്ഞത്
 സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
 തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
 ഉപ്പ് – പാകത്തിന്
3. എണ്ണ – ഒന്നു രണ്ടു വലിയ സ്പൂൺ
4. സവാള – ഒന്ന്, നീളത്തിൽ കനം കുറച്ചരിഞ്ഞത്
5. ഇഞ്ചി – രണ്ടിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
 വെളുത്തുള്ളി – ഒരു കുടം, പൊടിയായി അരിഞ്ഞത്
6. മുളകുപൊടി – നാലു ചെറിയ സ്പൂൺ
7. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടി മയത്തിൽ അരച്ചത്
 തൈര് – മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ എണ്ണ ചൂടാക്കി സവാള അരിഞ്ഞതു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതു ചേർത്തു വഴറ്റുക.
∙ മസാലമണം വരുമ്പോൾ മുളകുപൊടി ചേർത്തിളക്കുക. ഇതിൽ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി അരക്കപ്പ് വെള്ളവും ചേർത്തു വേവിക്കുക.
∙ ചിക്കൻ പകുതി വേവാകുമ്പോൾ തേങ്ങ അരച്ചതു തൈരിൽ കലക്കിയതു ചേർത്ത് അടച്ചുവച്ചു വേവിക്കുക.
∙ ചൂടോടെ നെയ്ച്ചോറിനൊപ്പം വിളമ്പാം.