Thursday 02 July 2020 03:58 PM IST : By അമ്മു മാത്യു

കുട്ടികള്‍ക്കായി സ്പെഷല്‍ പാസ്ത, തയാറാക്കാം എളുപ്പത്തില്‍

pastabjnjh ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം

കുട്ടികൾക്കു വെറൈറ്റി ലഞ്ച് ഒരുക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമാണ് ക്രീം പാസ്ത. സ്പെഷല്‍ റെസിപ്പി ഇതാ...  

1. പാസ്ത – ഒന്നരക്കപ്പ്

2. എണ്ണ – ഒരു ചെറിയ സ്പൂൺ

3. വെണ്ണ – രണ്ടു വലിയ സ്പൂൺ

4. തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

5. പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

6. ചിക്കൻ ബ്രെസ്റ്റ് ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

7. വെളുത്തുള്ളി – മൂന്നു–നാല് അല്ലി

മല്ലിയില – പാകത്തിന്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8. തക്കാളി – നാല്

9. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വെളുത്തുള്ളി – രണ്ട് അല്ലി

10. ക്രീം – രണ്ടു വലിയ സ്പൂൺ

11. ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാസ്ത പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം വേവിക്കുക. വേവിക്കുന്ന വെള്ളത്തിൽ എണ്ണ ചേർത്തിളക്കി പാസ്ത ഊറ്റിവയ്ക്കുക.

∙ വെണ്ണ ചൂടാക്കി തക്കാളി ചേർത്തു വഴറ്റുക. ഇതിലേക്കു പച്ചമുളകും ചേർത്തു വഴറ്റണം. നന്നായി വഴന്ന ശേഷം ചിക്കൻ ബ്രെസ്റ്റ് ചേർത്തു യോജിപ്പിക്കുക. ഏഴാമത്തെ ചേരുവയും ചേർത്തു വഴറ്റി അടച്ചു വച്ചു വേവിക്കുക.

∙ ഈ സമയം നാലു തക്കാളി തിളച്ച വെള്ളത്തിലിട്ടെടുത്ത് ഉടൻ തന്നെ തണുത്ത വെള്ളത്തിലിട്ടു തൊലി കളഞ്ഞ് അരച്ച് അരിച്ചെടുക്കുക. ഇതിൽ ഒൻപതാമത്തെ ചേരുവ ചേർത്തരച്ചു ടുമാറ്റോ പ്യൂരി തയാറാക്കണം.

∙ ചിക്കൻ വേവാകുമ്പോൾ ടുമാറ്റോ പ്യൂരി ചേർത്തു നന്നായി ഇളക്കിയ ശേഷം ക്രീമും ചേർത്തിളക്കുക.

∙ ഇതിലേക്കു പാസ്ത വേവിച്ചതു ചേർത്തു കുഴയാതെ ഇളക്കണം. പാകത്തിനുപ്പു ചേർത്തു വിളമ്പാനുള്ള പ്ലേറ്റിലാക്കി മുകളിൽ അൽപം ചീസ് ഗ്രേറ്റ് ചെയ്തതു വിതറാം.

Tags:
  • Pachakam