Thursday 28 May 2020 03:56 PM IST : By റെസിപ്പി: ഡോ. ലക്ഷ്മി നായർ, തയാറാക്കിയത്: മെർലി എം. എൽദോ

ഫ്രൂട്ട് പായസവും പഞ്ഞപ്പുല്ലു പായസവും; മധുരപ്രേമികൾക്കായി രണ്ടു റെസിപ്പികൾ

Fruit-payasam-ragy-payasm ഫോട്ടോ: സരുൺ മാത്യു

ഫ്രൂട്ട് പായസം

1. നെയ്യ് – 200 ഗ്രാം

2. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം

ഉണക്കമുന്തിരി – 100 ഗ്രാം

3. മട്ടിപ്പഴം (പകരം കദളിപ്പഴം ഉപയോഗിക്കാം) – 15 ചെറുതായി അരിഞ്ഞത്

4. പൈനാപ്പിൾ – ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

5. ഈന്തപ്പഴം – അരക്കിലോ, ചെറുതായി അരിഞ്ഞത്

6. ശർക്കര – മുക്കാൽ കിലോ, ഉരുക്കിയത്

7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാംപാൽ – അഞ്ചു കപ്പ്

8. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാംപാൽ – രണ്ടു കപ്പ്

9. ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കൽക്കണ്ടം – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു ഉരുളിയിൽ മൂന്നു വലിയ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വഴറ്റുക.

∙ ഇവ മൂത്തു തുടങ്ങുമ്പോൾ മട്ടിപ്പഴം/കദളിപ്പഴം ചേ ർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു പൈനാപ്പിൾ ചേർത്തു രണ്ടു മിനിറ്റ് വ ഴറ്റിയ ശേഷം ഈന്തപ്പഴം അരിഞ്ഞതും ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു ശർക്കര ഉരുക്കിയതു ചേർത്തു രണ്ടു മിനിറ്റ് വരട്ടുക. ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊടുക്കണം.

∙ പഴങ്ങൾ വരട്ടിയത് ഉരുളിയിൽ നിന്നു വിട്ടു വരുന്ന പാകമാകുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കി തിളപ്പിക്കുക.

∙ പായസം കുറുകിത്തുടങ്ങുമ്പോൾ ഒന്നാംപാലും ചേർത്തിളക്കുക. തിള വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഏലയ്ക്കാപ്പൊടിയും കൽക്കണ്ടവും വിതറി വിളമ്പാം.

∙ ശർക്കര ഉരുക്കാൻ ഏകദേശം അരക്കപ്പ് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം അധികം ചേർത്താൽ വ രട്ടിയെടുക്കാൻ കൂടുതൽ സമയം വേണ്ടി വരും.

പഞ്ഞപ്പുല്ലു പായസം

1. പഞ്ഞപ്പുല്ല് (റാഗി) – അരക്കപ്പ്

2. വെള്ളം – നാലു കപ്പ്

3. ശർക്കര ചുരണ്ടിയത് – ഒന്നരക്കപ്പ്

4. പഞ്ചസാര – അരക്കപ്പ്

5. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

6. നെയ്യ് – രണ്ടു വലിയ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം

ഉണക്കമുന്തിരി – 25 ഗ്രാം

8. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ പഞ്ഞപ്പുല്ല് രണ്ടു മണിക്കൂർ കുതിർത്ത ശേഷം അരച്ചു പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതിൽ നാലു കപ്പ് വെള്ളം ചേർത്തിളക്കി അടുപ്പത്തു വച്ചു ചെറുതീയിൽ തുടരെ ഇളക്കി കുറുക്കണം.

∙ കുറുകിത്തുടങ്ങുമ്പോൾ ശർക്കര ചുരണ്ടിയതു ചേർത്തു നന്നായി വഴറ്റുക.

∙ ശർക്കര മുഴുവൻ ഉരുകിച്ചേര്‍ന്നു വരണ്ടു വരുമ്പോൾ പഞ്ചസാര ചേർത്തു വീണ്ടും അഞ്ചു മിനിറ്റ് വരട്ടുക.

∙ ഇതിലേക്കു കട്ടിത്തേങ്ങാപ്പാലും ഏലയ്ക്കാപ്പൊടിയും ചേ ർത്തിളക്കി യോജിപ്പിച്ചു ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ അടുപ്പിൽ നിന്നു വാങ്ങുക.

∙ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരുക. ഇതേ നെയ്യിൽ തേങ്ങ ചുരണ്ടിയതു ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം.

∙ വറുത്ത ചേരുവകൾ പായസത്തിനു മുകളിൽ വിതറി വിളമ്പാം.

Tags:
  • Desserts
  • Pachakam