Wednesday 09 October 2019 03:30 PM IST

ഓണം കഴിഞ്ഞാലെന്താ, അമ്മയ്ക്ക് എന്നും ഉണ്ടാക്കി തരാല്ലോ കൊതിപ്പിക്കുന്ന പൂവട!

Tency Jacob

Sub Editor

poovada88huh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു പൂവ് കൺതുറക്കും പോലത്ര മൃദുവായി വിടരുന്ന ഓണപ്പുലരിക്കു പൂവടയുടെ ഗന്ധമാണ്. മുറ്റത്തെ തൊടിയിലെ വാഴയിൽ നിന്നു ചീന്തിയെടുക്കുന്ന ഇലക്കീറുകളിൽ നനച്ചു പരത്തിയ അരിമാവും അതിന്റെ മടക്കിനുള്ളിലൊളിപ്പിച്ച തേങ്ങാക്കൂട്ടും ആവിയിൽ വെന്തു വരുമ്പോഴുണ്ടാകുന്ന മധുരമണം. തിരുവോണപുലരിയിൽ നാക്കിൽ തൊടുന്ന ആദ്യരുചി എന്നു പറയുന്നത് തിരുമുൽകാഴ്ച കാണാൻ അണിഞ്ഞൊരുങ്ങിയ തിരുമുറ്റങ്ങളിൽ തൃക്കാക്കരയപ്പനു നേദിക്കുന്ന ഇലയടയുടെ തേൻകിനിവാണ്. ഒപ്പമുണ്ടാകും ശർക്കരവെള്ളത്തിൽ വെന്തു മധുരം കൂട്ടിയ പഴം നുറുക്കിന്റെ പൊൻവർണ തിളക്കവും സ്വാദും.

ഓണം തിരുവോണം...

കേരളം ഒറ്റ നാടാണെങ്കിലും ഓണസദ്യയ്ക്കെന്നതു പോലെ ആചാരങ്ങൾക്കും വിഭവങ്ങൾക്കും ഓണപ്രാതലിനുപോലും പല ദേശങ്ങളിൽ വ്യത്യാസമുണ്ട്. മഹാബലിയെ തൃക്കാക്കരയപ്പനും ഓണത്തപ്പനുമായി കരുതുന്ന മധ്യകേരളത്തിലും വടക്കോട്ടുള്ള ദേശങ്ങളിലും തിരുവോണപുലർച്ചയ്ക്ക് ഓണംകൊള്ളൽ ചടങ്ങു നടക്കണമെങ്കിൽ പൂവട വേണം. ഓണപ്രാതലും ഇതേ അടയെന്നാണു ചിട്ട. തെക്കോട്ട് പക്ഷേ, തിരുവോണത്തിന് ഇഡ്ഡലിയും സാമ്പാറും പുട്ടും കടലയും തരാതരം അടുക്കള വാഴുന്ന കഥ കേട്ടാൽ ഓണത്തപ്പന്റെ ഇഷ്ടക്കാർ ചെവി പൊത്തും.

‘‘തിരുവോണത്തലേന്നുള്ള ഉത്രാടപ്പാച്ചിൽ കഴിഞ്ഞാൽ പിന്നെ ഓണം കൊള്ളാനുള്ള തിക്കും തിരക്കുമാണ്.’’ തൃപ്പൂണിത്തുറ ശ്രീരാഗം വീട്ടിൽ ശശികല തമ്പാട്ടി പറയുന്നു. ‘‘എന്തെല്ലാം ഒരുക്കിവച്ചാലാണ് ഒന്ന് ഓണം കൊള്ളാനാവുക. പണ്ടൊക്കെ തൃക്കാക്കരയപ്പനെ  വീട്ടിലുണ്ടാക്കുകയാണ് ചെയ്യുക. കയ്യാലയിലോ വിറകുപുരയിലോ വേലിയിറമ്പത്തോ കാണുന്ന ഉറുമ്പിൻകൂടിനു ചുറ്റും കുത്തിയ  ചുവന്ന നിറമുള്ള പശയുള്ള മണ്ണ് വെള്ളം കൂട്ടി പാകത്തിനു കുഴച്ചെടുത്തു തൃക്കാക്കരയപ്പനെയുണ്ടാക്കാം. ചുവപ്പുനിറം പോരെന്നു തോന്നിയാൽ ഇഷ്ടിക അരച്ചെടുത്തു തേച്ചാൽ മതി. ’’

മഹാബലിയെ വീട്ടിലേക്ക് ആനയിച്ചു പൂജിക്കുന്ന ചടങ്ങാണ് ഓണം കൊള്ളൽ. തിരുവോണത്തിന്റെയന്ന് സൂര്യൻ ഉദിച്ചു വരുന്നതിനു മുൻപ് ചെയ്യണം. കുളിച്ചു ശുദ്ധിയായി, വീട്ടിലെ ആൺകുട്ടികളോ പെൺകുട്ടികളോ ആണ് ഓണം കൊള്ളുക. ചാണകം മെഴുകി കെട്ടിയുണ്ടാക്കിയ പീഠത്തിൽ ഇലയിട്ട് അതിനുമീതെ തടുക്കുപലക വച്ച് വീണ്ടും ഇലയിട്ടാണ് തൃക്കാക്കരയപ്പനെ വയ്ക്കുക. ഭംഗി വരുത്താനായി തൃക്കാക്കരയപ്പനെ അരിമാവുകൊണ്ട് അണിയും. തുമ്പപ്പൂവും തുളസിപ്പൂവും താമരപ്പൂവും ചുറ്റും വിതറും. പിന്നെയൊരു നാളികേരം ഉടച്ച് അതിൽ തുമ്പപ്പൂവിട്ടു രണ്ടു വശത്തും വയ്ക്കും.

ഈ സമയം വീട്ടിലെ പെണ്ണുങ്ങൾ അടച്ചിട്ട കതകിനപ്പുറത്തു നിന്ന് ‘മാവേലി വന്നോ, വന്നോ’ എന്നു വിളിച്ചു ചോദിക്കുന്നുണ്ടാകും. ‘മാവേലി വന്നു’ എന്നു പുറത്തിരിക്കുന്നവർ ഉത്തരം പറഞ്ഞാൽ ബാക്കിയെല്ലാവരും വാതിൽ തുറന്ന് പുറത്തു വരും. ഉച്ചത്തിൽ കുരവയിട്ട് പൂവിളി നടത്തും. കയ്യിലെ തളികയിൽ ആവി പറക്കുന്ന മൂന്ന് പൂവടയും മൂന്ന് ഏത്തപ്പഴവും മൂന്ന് ശർക്കരയുമുണ്ടാകും. പിന്നെ, കുറച്ച് അവലും. ഓണത്തപ്പനുള്ള നൈവേദ്യങ്ങളാണ്.

പൂ വിരിയുന്ന പോലൊരു ഓണയട

ഉണക്കലരി തലേന്നെ കുതിർക്കാനിടുമെങ്കിലും പൂവടയുടെ ബാക്കി പണികൾ പുലർച്ചെ എഴുന്നേറ്റാണ് ചെയ്യുക. അരി അരയ്ക്കുമ്പോൾ കുറച്ചു വെണ്ണ ചേർത്താൽ ഇലയിൽ ഒട്ടിപ്പിടിക്കില്ല. ഒരു ഏത്തപ്പഴം കൂട്ടിയരച്ചാൽ പൂവടയുടെ സ്വാദു കൂടും. ശർക്കര പാവു കാച്ചി നാളികേരം ചിരകിയത് അതിലിട്ടു വരട്ടി മധുരക്കൂട്ട് തയാറാക്കും. ഏലയ്ക്കയോ ജീരകം പൊടിച്ചതോ പൂവടയിൽ ചേർക്കാറില്ല.

നേന്ത്രപ്പഴം ഓണയുപ്പേരിക്കു വറുക്കുന്ന പോലെ നാലായി അരിഞ്ഞിടും. കുറച്ചു നെയ്യും ചേർക്കും. ഏത്തവാഴയുടെ ഇല വാട്ടിയാണ് പൂവടയുണ്ടാക്കുക. അട ആവി കേറുമ്പോൾ മനം മയക്കുന്ന മണം അടുക്കള വിട്ടു പുറത്തേക്കു വിരുന്നിനു പോകും.

 ചില ദേശങ്ങളിൽ അരിപ്പൊടിയും നേന്ത്രപ്പഴവും ശർക്ക രയും തേങ്ങയും ഒരുമിച്ചു കുഴച്ച് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ചാണു പൂവട തയാറാക്കുന്നത്. അരിപ്പൊടി, തേങ്ങ, തുമ്പപ്പൂവ് എന്നിവ ചേർത്തു കുഴച്ച് വാഴയിലയിൽ പരത്തി അതിൽ ചക്കരതേങ്ങാക്കൂട്ടു നിറച്ച് ആവിയിൽ പുഴുങ്ങിയും പൂവട തയാറാക്കുന്നവരുണ്ട്. ഓണത്തപ്പനു നേദിച്ച പൂവടയും പഴം നുറുക്കും തന്നെയാണ് പ്രാതലിനും.

ഏത്തപ്പഴം നടുവേ മുറിച്ച് ആവിയിൽ പുഴുങ്ങും. മൺകലത്തിൽ ശർക്കരവെള്ളമൊഴിച്ച് വാഴയിലത്തണ്ട് നെടുകെയും കുറുകെയും വച്ച് അതിനുമീതെ പഴം നുറുക്ക് അടുക്കി പുഴുങ്ങിയെടുക്കും. ഏത്തക്കായയുടെ തൊലിയിലുമുണ്ടാകും ച ക്കര മധുരം. ഓണം എല്ലാർക്കുമുള്ളതെന്ന വിശ്വാസത്തിൽ വീടിനു പരിസരത്തെ ചെറുജീവികൾക്കുള്ള പ്രാതൽ കൂടിയാണ് ഓണത്തപ്പനടുത്ത് തളികയിൽ വയ്ക്കുന്നത്. കണ്ടിട്ടില്ലേ, അൽപം തുറന്നിരിക്കുന്ന ഇലയടയുടെ വിളുമ്പിലൂടെ നിരയിട്ടു നീങ്ങുന്ന ഉറുമ്പിൻക്കൂട്ടങ്ങളെ...

മടക്കിയെടുത്തൊരു ചുട്ടട

വെന്തു പാകമായിരിക്കുന്ന അട കാണാനെന്തു ചന്തമാണ്. ഇലയിൽ നിലാവിന്റെ വെള്ളിത്തുണ്ട് വീണു കിടക്കുന്നതുപോലെ. വട വരത്തനാണെങ്കിൽ അട തനി നാടൻ പലഹാരമാണ്. വീട്ടിലെപ്പോഴും ലഭ്യമായ മൂന്നു ചേരുവ കൊണ്ട് തയാറാക്കാവുന്ന വിഭവം. പരത്താനുള്ള ഇല വീട്ടുമുറ്റത്തുള്ളതും.

‘അടച്ചു വയ്ക്കുന്നത്’ അല്ലെങ്കിൽ ‘മടക്കിയെടുക്കുന്നത്’ അതല്ലെങ്കിൽ ‘അടരുകളുള്ളത്’ എന്ന അർഥത്തിലാണ് ‘അട’ എന്ന പേരുണ്ടായത്. ‘പൂ’ എന്നാൽ ഐശ്വര്യമുള്ളത്, നേദിക്കുന്നത് എന്നാണ് അർഥം. പൂ പോലെ മൃദുലമായതും മനോഹരമായതുമാണ് അട എന്നതുകൊണ്ടുമാകാം ആ പേര് വന്നതെന്നാണ് മലയാളം അധ്യാപകനും കോഴിക്കോട് വേളന്നൂർ എസ്എസ്എം വിമൻസ്  കോളജിലെ പ്രിൻസിപ്പലുമായ ദേ വരാജൻ മാഷുടെ അഭിപ്രായം.

‘‘പൂവടയെ ഓണ അട എന്നും പറയാറുണ്ട്. അട വേവിക്കാൻ  രീതി പലതുണ്ടെങ്കിലും പൂവട ആവിയിൽ വേവിച്ചേ എടുക്കാറുള്ളൂ. അതുപോലെ വാഴയിലയിൽ മാത്രമേ ഓണത്തപ്പനുള്ള ഇലയട ഉണ്ടാക്കാവൂ. കുട്ടികളെപ്പോലെ ദൈവങ്ങൾക്കും മധുരപലഹാരങ്ങളാണ് ഇഷ്ടം. അതുകൊണ്ടാകാം തനി നാടൻ മധുരപലഹാരമായ അട തന്നെ ഓണത്തപ്പനു വിളമ്പി കുമ്പ നിറച്ചത്.

വാഴയില കൂടാതെ വട്ടയില, തേക്കില, അയനിയില, പരുത്തില, കറുകയില എന്നീ ഇലകളിലും അടയുണ്ടാക്കാം. അരിപ്പൊടി, പഞ്ഞപ്പുല്ലുപൊടി, ഗോതമ്പുപൊടി ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചും അടയുണ്ടാക്കാം. അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പുപൊടി വെള്ളമോ തേങ്ങാപ്പാലോ ഒഴിച്ച് കുഴച്ച്, ഇലയിൽ കൈകൊണ്ടു പരത്തി, അതിന്റെ മുകളിൽ ശർ ക്കരയും തേങ്ങാ ചുരണ്ടിയതും ചേർത്ത് തിരുമ്മിയ കൂട്ട് വിതറി മടക്കി ഉരുളിയിലോ മൺചട്ടിയിലോ ഇട്ട് വേവിച്ചോ തീക്കനലിലിട്ട് ചുട്ടോ ആവിയിൽ പുഴുങ്ങിയോ തയാറാക്കുന്ന ഇലയടയ്ക്കും രുചി ഗംഭീരമാണ്.

ശർക്കരക്കൂട്ടിൽ ഏലയ്ക്കായും ജീരകവും ചേർക്കുന്നവരുണ്ട്. ചിലർ ചെറുപയർ വറുത്തു പൊടിച്ചു ചേർക്കും. അരിപ്പൊടിയിൽ വെള്ളവും ഉപ്പും മധുരത്തിന് പഞ്ചസാരയോ ശർക്കരയോ ചേർത്ത് കുഴച്ച് ഇലയിൽ പരത്തുന്നു. മുകളിൽ തേങ്ങാചിരവിയത് നിരത്തിയ ശേഷം ഇല നടുഭാഗം വച്ച് മടക്കുന്നു. ഇത് മൺചട്ടിയിലിട്ടു ചുട്ടെടുക്കുന്നതാണ് ഓട്ടട.

 അരിപ്പൊടിയും കരുപ്പെട്ടിയും തേങ്ങയും കുഴച്ച് ഇലയിൽ ചുട്ടെടുത്താൽ കരുപ്പെട്ടിയടയായി. വഴനയില കുമ്പിളാക്കി അടക്കൂട്ട് നിറച്ച് ഞെട്ടുഭാഗം കൊണ്ട് മൂടി ആവിയിൽ വേവിച്ചെടുത്താൽ കുമ്പിളപ്പമായി. ചില സ്ഥലങ്ങളിൽ ഇതിനെ കുമ്പിളിയടയെന്നു പറയും. കൂമൻകുടുക്കക്കായിൽ ഒരു ചെറിയ സുഷിരമിട്ട് ഉൾഭാഗം വൃത്തിയാക്കി അതിലൂടെ അടക്കൂട്ട് നിറച്ച് പുഴുങ്ങിയെടുക്കുന്നു. തോട് പൊട്ടിച്ചു കളഞ്ഞാൽ നല്ല രുചിയുള്ള കൂമൻകുടുക്ക അട കിട്ടും.

ഉണക്കലരി അരച്ചു വാഴയിലയിൽ പരത്തി ഇലമടക്കി തീക്കനലിൽ പൂഴ്ത്തി ചുട്ടെടുക്കുന്ന അടയാണ് ചുട്ടട. ഞേറൽ മരത്തിന്റെ പച്ചയിലയിൽ പരത്തി ഉണ്ടാക്കിയാൽ ഞേറലടയായി. ഇലയടയുടെ കൂട്ടിൽ നന്നാറിപ്പൊടി ചേർത്താൽ നന്നാറിയടയായി. ചക്കപ്പഴവും അരിയും ശർക്കരയും കൂടി ചേർത്തരച്ച് തേങ്ങ ചിരകിയതും ചേർത്ത് ഇലയിൽ പരത്തി ആവിയിൽ വേവിച്ചെടുത്താൽ ചക്കയട അല്ലെങ്കിൽ ചക്കയപ്പമായി.

_REE0391

അടയോടട പൊരുത്തിലട

തിരുവനന്തപുരത്ത്  ഇലയടയ്ക്ക് ഇലയപ്പം എന്നാണു പറയുന്നത്. അരിമാവ് കുഴച്ചു വാഴയിലയിൽ പരത്തി അതിൽ ശർക്കരയും തേങ്ങയും ചേർത്തു മടക്കിയെടുത്തു ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഇലയപ്പം.

മലബാർ ഭാഗങ്ങളില്‍ ഓലയടയും പാളയടയുമുണ്ട്. തെങ്ങിന്റെ ഓലയിൽ നേർമയായി പരത്തി കനലിൽ വേവിച്ചെടുക്കും ഓലട. കവുങ്ങിന്റെ പച്ചപ്പാളയിൽ അട പരത്തി കൂട്ട് നിറച്ച് മടക്കി തെങ്ങോല കൊണ്ട് കെട്ടി മൂന്നു കല്ലു വച്ച് അടുപ്പു കൂട്ടി മറിച്ചും തിരിച്ചുമിട്ട് വേവിച്ചെടുക്കാം പാളയട. അടക്കൂട്ടെല്ലാം ഒരുമിച്ച് കുഴച്ച് വാഴയിലയിലുണ്ടാക്കുന്ന പൊരുത്തിലട മൺകലത്തിലാണ് ചുട്ടെടുക്കുക. പല വീടുകളിലും അട ചുടാൻ വേണ്ടിത്തന്നെ മൺകലങ്ങളുണ്ടായിരുന്നു. കുട്ടികൾക്ക് പല്ലു മുളയ്ക്കുന്ന സമയത്ത്  വരുന്ന കിരുകിരുപ്പ് മാറാൻ കൊടുക്കുന്ന പല്ലട, റാഗിപ്പൊടിയും ശർക്കരയും ചേർത്ത് ചുട്ടെടുക്കുന്നതാണ്.

പനനൂറ് നന്നായി പൊടിച്ചെടുത്ത് ചുരണ്ടിയ തേങ്ങയും മധുരവും ചേർത്ത് ഇലയിൽ പരത്തി ചുട്ട് അടയാക്കാം. മുളച്ചു വരുന്ന മാങ്ങയണ്ടി പിളർന്ന് പരിപ്പെടുത്ത് ഉണക്കി പൊടിച്ചും അടയുണ്ടാക്കാം. ഇതിൽ കുറച്ച് അരിപ്പൊടിയും അടയുടെ വിട്ടുപിരിയാത്ത കൂട്ടുകാരായ തേങ്ങയേയും ശർക്കരയേയും കൂടെ കൂട്ടണമെന്നു മാത്രം. വത്സൻ ഒരു തട്ടിക്കൂട്ട് അടയാണ്. അരിമാവോ ഗോതമ്പുപൊടിയോ ദോശമാവിന്റെ അയവിൽ കലക്കി ഇലയിൽ കോരിയൊഴിച്ച് തവി കൊണ്ടു തന്നെ പരത്തി നടുവിൽ പഞ്ചസാരയോ ശർക്കരപൊടിയോ ചേർത്ത തേങ്ങക്കൂട്ട് വിതറി ആവിയിൽ വേവിച്ചെടുക്കുന്നു. ഇതുതന്നെ ഒരു ദോശച്ചട്ടിയിൽ ഒഴിച്ച് അൽപം കട്ടിയിൽ പരത്തി മധുരത്തേങ്ങാക്കൂട്ട് വിതറി മടക്കിയെടുക്കാം.

ഇലയട ചട്ടിയിൽ ചുട്ടെടുക്കുകയാണെങ്കിൽ വെന്തു വരുമ്പോൾ ഇല തുറന്ന് അൽപം നെയ്യൊഴിച്ചാൽ അതൊരു ഒന്നൊന്നര അടയാകും.

കനകം ചുട്ടതും വെള്ളടയും

ഓണത്തിനു മത്രമല്ല വിഷുവിനും പൂവടയുണ്ട്. നെല്ലു വറുത്ത് ഇടിച്ച തവിട്, അവൽ, മലര് എന്നിവ പച്ചരി പൊടിച്ച് വെള്ളം നനച്ച് കുഴച്ച മിശ്രിതത്തിൽ ചേർത്ത് ഇലയിൽ പരത്തുന്നു. മധുരം ചേർക്കാതെ തേങ്ങയും നടുക്ക് വിതറി ഇല മടക്കി വട്ടക്കലത്തിൽ അടച്ച് ചുട്ടെടുക്കുന്നു. കൃഷിയുടെ ആരംഭമായി കന്നുകളെ പൂട്ടുന്ന പൂജയ്ക്കാണ് ഈ പൂവട.

കർക്കടകത്തിൽ കഴിക്കുന്ന അടയെ കനകം ചുട്ടത് എന്നേ പറയാവൂ. അരിത്തവിട് വെള്ളം ചേർത്ത് കുഴച്ചെടുത്ത് ഇലയിൽ പരത്തുക. അതിനു മുകളിൽ ശർക്കര തേങ്ങാക്കൂട്ട് വിതറുക. ചട്ടിയിൽ ചുട്ട് കഴിക്കാം. ഉണക്കത്തവിടും ശർക്കരയും അൽപം കുരുമുളക് പൊടിച്ചതും ചേർത്ത് കുഴച്ച് ചുട്ടെടുത്ത തവിടപ്പം കർക്കടക കഞ്ഞിയോടൊപ്പം കഴിക്കാം.

വെള്ളടയുടെ നിറം നല്ല പാൽവെളുപ്പായിരിക്കും. കാണുമ്പോഴേക്കും ഒന്നെടുത്ത് കടിക്കാൻ തോന്നുന്നത്ര മൃദുലവുമായിരിക്കും. വറുത്ത പച്ചരിപ്പൊടി കുഴച്ച് ഇലയിൽ കട്ടി കുറച്ചു പരത്തി നാളികേരവും പഞ്ചസാരയും തിരുമ്മിയൊരുക്കിയ കൂട്ട് നിറച്ചാണ് വെള്ളടയുണ്ടാക്കുന്നത്. ഇത് ആവിയിൽ വേവിച്ചെടുക്കണം. വാവിന്റെയന്ന് മരിച്ച കാർന്നോൻമാർക്ക് വീതം വച്ചു കൊടുക്കുമ്പോഴും തെയ്യം പൂജകൾക്കും അട നേദിക്കാറുണ്ട്. ഇതിലൊന്നും ശർക്കര ഉപയോഗിക്കാൻ പാടില്ല. 

പിള്ളേരോണത്തിനും പൂവട

കർക്കടകത്തിലെ തിരുവോണം പിള്ളേരോണമായാണ് ആ ഘോഷിക്കുന്നത്. അന്നു മുതൽ ഇരുപത്തെട്ടു ദിവസമായിരുന്നു പണ്ടത്തെ ഓണാഘോഷങ്ങൾ. തിരുവനന്തപുരം ഗവ.ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ പ്രിൻസിപ്പലായിരുന്ന ഡി. ശ്രീദേവി പഴയ ഓണക്കാലം ഓർത്തെടുത്തു. ‘‘പിളേളരോണത്തിനു പൂക്കളമൊന്നും ഇടുകയില്ല. പ്രാതലിന് പൂവടയുണ്ടാക്കും. ശർക്കര ഉരുക്കാതെ പൊടിച്ച് തേങ്ങ കൂട്ടിത്തിരുമ്മി ഇലയിൽ പരത്തിയ അരിമാവിനു മുകളിൽ വച്ച് ആവിയിൽ വേവിച്ചെടുക്കും. അട ഇലയോടുകൂടി ഒരു പാത്രത്തിലാക്കി വയ്ക്കും. മീതെ പൂവിട്ടു മറയ്ക്കും. പച്ചയീർക്കിലികൊണ്ട് അമ്പും വില്ലുമുണ്ടാക്കി കുട്ടികൾക്കു കൊടുക്കും. പാത്രത്തിൽ വച്ചിരിക്കുന്ന അടയിൽ അമ്പെയ്തു കൊള്ളിക്കണം. ആ അട അവർക്കെടുക്കാം. രാമായണ മാസമായതുകൊണ്ട് ശ്രീരാമ കഥ ഓർമിപ്പിക്കാനാണ് ഈ കളി.’’ ഇന്ന് നഗരങ്ങളെല്ലാം എല്ലാ ദേശക്കാരും വന്നു പാർക്കുന്ന ഇടങ്ങളായതോടെ ഓണാഘോഷവും  ഒരുപോലെയായി. എങ്കിലും പൂവടയിലെ ഇലച്ചീന്തിൽ പരക്കുന്ന മധുരക്കൂട്ടിൽ, ഓണത്തിന്റെ നിറവു മാത്രം ബാക്കിയാകും.

പൂവട (10 എണ്ണത്തിനുള്ളത്)

ഉണക്കലരി – ഒരു കപ്പ്

വെണ്ണ – ഒരു ചെറിയ സ്പൂൺ

ശർക്കര – അരക്കിലോ

തേങ്ങ – രണ്ടെണ്ണം, ചുരണ്ടിയത്

നെയ്യ് – ഒരു വലിയ സ്പൂൺ

ഏത്തപ്പഴം – ഒന്ന്

ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ഉണക്കലരി വെള്ളത്തിൽ മൂന്നുമണിക്കൂർ കുതിർത്തു വയ്ക്കുക. ഇത് വെണ്ണ ചേർത്ത് അരച്ചെടുക്കുക. ശർക്കര പാവു കാച്ചിയതിലേക്ക് തേങ്ങ ചേർത്ത് വിളയിക്കുക. വെള്ളം വലിഞ്ഞ് വരുമ്പോൾ നെയ്യും ഏത്തപ്പഴം ചെറുതായരിഞ്ഞതും ചേർക്കുക. വാട്ടിയ വാഴയിലയിൽ ഒരു തവി മാവു വട്ടത്തിൽ പരത്തി അതിനു നടുവിൽ കൂട്ട് വിതറുക. നാലുവശവും മടക്കി ആവിയിൽ വച്ച് അരമണിക്കൂർ വേവിച്ചെടുക്കുക.