Friday 05 October 2018 03:32 PM IST : By സ്വന്തം ലേഖകൻ

മധുരപ്രിയർക്ക് ചേന ഹൽവ, രുചിക്കൂട്ടുകളുടെ ചേന–സ്രാവ് മസാലക്കറി; അടുക്കളയിലെ ആറുകൂട്ടം ‘ചേനക്കാര്യം’

yam

ചേന–ബീഫ് കറി

അരക്കിലോ ചേന തൊലി കളഞ്ഞ് ഇ ടത്തരം കഷണങ്ങളാക്കി വയ്ക്കുക. അരക്കിലോ ബീഫ് ഇടത്തരം കഷണങ്ങളാക്കി അതിൽ ഒരു ഇടത്തരം സവാള അരിഞ്ഞത്, ഒരു തണ്ടു കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, പാകത്തിന് ഉപ്പ്, ഒരു വലിയ സ്പൂൺ മുളകുപൊടി, അര ചെറിയ സ്പൂണ്‍ മഞ്ഞൾപ്പൊടി, രണ്ടു ചെറിയ തക്കാളി പൊടിയായി അരിഞ്ഞത് എന്നിവ കൈകൊണ്ടു തിരുമ്മി പ്രഷർ കുക്കറിലാക്കി പാകത്തിനു വെള്ളമൊഴിച്ചു  മൂന്നു നാലു വിസിൽ വരും വരെ വേവി ക്കുക. ആവി പോയ ശേഷം കുക്കർ തുറന്ന് ചേനയും പാകത്തിനു മുളകുപൊ ടിയും വെള്ളവും ചേർത്ത് തുറന്നു വ ച്ചു വേവിക്കുക. ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അഞ്ചു ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞതും കറിവേപ്പിലയും ചേർത്തു വഴറ്റുക. ബ്രൗൺനിറമാകുമ്പോൾ രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടിയും കാൽ ചെറിയ സ്പൂൺ ഗരംമസാലപ്പൊടിയും അര ചെറിയ സ്പൂൺ പെരുംജീരകംപൊടിയും നാലു വെളുത്തുള്ളി ചതച്ചതും ചേർത്തു നന്നായി മൂപ്പിച്ച് കറിയില‍്‍ ചേർക്കുക. പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് അരമണിക്കൂർ ചെറുതീയിൽ വയ്ക്കുക. എ ണ്ണ തെളിഞ്ഞു ചാറു കുറുകുന്നതാണ് പാകം.     

ചേന ഹൽവ

300 ഗ്രാം ചേന നന്നായി വേവിച്ചു പൊടിച്ച് കുഴയ്ക്കുക. ഒരു പാത്രത്തിൽ രണ്ടു വലിയ സ്പൂൺ മൈദയും രണ്ടു കപ്പു പാലും ചേർത്തു ചൂടാക്കുക. ഇതിൽ ഒരു കപ്പ് പ ഞ്ചസാരയും ചേനയും ചേർത്ത് നന്നായി ഇളക്കുക. മൂന്നു വലിയ സ്പൂൺ നെയ്യ് അൽപാൽപം ചേർത്തു കൊടുക്കാം. കുറുകുമ്പോൾ ഒരു ചെറിയ സ്പൂൺ ഏലയ്ക്കാപ്പൊടിയും 10 കശുവണ്ടിപ്പരിപ്പ് നുറുക്കി നെയ്യിൽ വറുത്തതും ചേർത്ത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിക്കുക. ചൂടാറിയ ശേഷം കഷണങ്ങളാക്കി വിളമ്പാം.

ചേന–സ്രാവ് മസാലക്കറി

അരക്കിലോ ചേന കഷണങ്ങളാക്കിയതും അരക്കിലോ സ്രാവ് വലിയ കഷണങ്ങളാക്കിയതും അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു സവാള അരിഞ്ഞതും മൂന്നു തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തു വേവിക്കുക. 100 ഗ്രാം ചുവന്നുള്ളിയും ഒരു വെളുത്തുള്ളിയും ഒരു മുറി തേങ്ങ ചുരണ്ടിയതും 12 വറ്റൽമുളകും 50 ഗ്രാം മല്ലിയും ന ന്നായി വറുത്തരച്ച് കറിയിൽ ചേർത്തു തി ളപ്പിച്ച് വാങ്ങുക. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അഞ്ചു ചുവന്നുള്ളി അ രിഞ്ഞതും ഒരു വെളുത്തുള്ളി അരിഞ്ഞതും അര ചെറിയ സ്പൂൺ കടുകും നാലു തണ്ട് കറിവേപ്പിലയും ചേർത്തു താളിച്ച് കറിയിൽ ചേർക്കാം.

സ്റ്റഫ്ഡ് ചേന ഫ്രൈ

ചൂടായ പാനിൽ മൂന്നു വറ്റൽമുളകും ഒരു നുള്ളു മല്ലിയും ഒരു നുള്ള് ഉലുവയും ഒരു ചെറിയ സ്പൂൺ അരിയും ഒരു വലിയ സ്പൂൺ ഉഴുന്നുപരിപ്പും വറുത്തു പൊടിക്കുക. ഇത് മഞ്ഞളും ഉപ്പും ചേർത്തു വേവിച്ചുടച്ച രണ്ടു കപ്പ് ചേനയിൽ ചേർത്തു കുഴച്ച് ഉരുളകളാക്കുക. രണ്ടു വലിയ സ്പൂൺ തേങ്ങ ചുരണ്ടിയതിൽ രണ്ടു പച്ചമുളകും കാൽ ചെറിയ സ്പൂൺ നാരങ്ങാനീരും പാ കത്തിന് ഉപ്പും ചേർത്ത് അരച്ച് ചട്നി ത യാറാക്കുക. കടലമാലും അരിപ്പൊടിയും സമം ചേർത്തു കലക്കി മാവു തയാറാക്കുക. ഓരോ ചേന ഉരുളയും എടുത്ത് നടുവി ൽ തയാറാക്കിയ ചട്നി വച്ച് പൊതിഞ്ഞ് തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

ചേന പറാത്ത

പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു വലിയ സ്പൂൺ വീതം പൊടിയായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു പച്ചമുളക് അരിഞ്ഞതും ഒരു സവാള അരിഞ്ഞതും പാകത്തിന് ഉപ്പു ചേർത്തു വഴറ്റുക. ഇതിൽ ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടിയും അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ചെറിയ സ്പൂൺ കുരുമുളകുപൊടിയും ചേർത്തു വഴറ്റിയ ശേഷം ഒരു കപ്പ് ചേന വേവിച്ചുടച്ചതും പാകത്തിനുപ്പും ചേർത്തു വഴറ്റി വാങ്ങി ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കുക. ഒരു കപ്പ് ഗോതമ്പുപൊടി പാകത്തിനുപ്പും വെള്ളവും അൽപം എണ്ണയുംചേർത്ത് ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കുക. ഇത് ഉരുളകളാക്കി പരത്തി നടുവിൽ ചേന ഉരുളകൾ വച്ചു മൂടി വീണ്ടും പരത്തുക. ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കാം.

ചേന കട്‌‌ലറ്റ്

ചേന കഷണങ്ങളാക്കിയത് രണ്ടു കപ്പ് പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചെടുത്ത് അരച്ചു വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി പൊടിയായി അരിഞ്ഞത് മൂന്നു വലിയ സ്പൂൺ, ഇഞ്ചി പൊടിയായി അരിഞ്ഞത് രണ്ടു ചെറിയ സ്പൂൺ, പച്ചമുളക് അരിഞ്ഞത് ഒരു വലിയ സ്പൂൺ എന്നിവ ചേർത്ത് നിറം മാറും വരെ വഴറ്റുക. ഇതിലേക്ക് രണ്ടു ചെറിയ സ്പൂൺ ഗരംമസാലപ്പൊടി ചേർത്ത ശേഷം ചേനയും അരക്കപ്പ് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും ചേർക്കണം. ചൂടാറിയ ശേഷം നന്നായി കുഴച്ച് യോജിപ്പിക്കുക. ആവശ്യമെങ്കിൽ അൽപം ഗോതമ്പുപൊടിയും ചേർത്തു കുഴച്ച് കട്‌ലറ്റിന്റെ ആകൃതിയിലാക്കി മുട്ട അടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.