അത്തച്ചമയത്തിന്റെ നാടായ തൃപ്പൂണിത്തുറയിൽ നിന്നു കേരളം മുഴുവൻ രുചി പരത്തിയ രുചിരാജാവായിരുന്നു ഹരി തമ്പാൻ. അദ്ദേഹം സ്ഥാപിച്ച പൂർണശ്രീ കേറ്റിങ്ങിന്റെ ചുക്കാൻ പിടിക്കുന്നതു മകന്‍ സുനിൽ തമ്പാൻ ആണ്. പൂർണശ്രീ കേറ്ററിങ്ങിന്റെ സ്പെഷൽ പായസമായ കരിക്ക് പായസത്തിന്റെ രുചി രുചിച്ചറിയുക.
കരിക്ക് പായസം
1. പാൽ – മൂന്നു ലീറ്റർ
2. പഞ്ചസാര – 600 ഗ്രാം
കശുവണ്ടിപ്പരിപ്പ് അരച്ചത് – 100 ഗ്രാം
3. ഇളംകരിക്ക് – രണ്ട്, കാമ്പ് കോരിയെടുത്തത്
4. ബദാം – 25 ഗ്രാം, കനം കുറച്ചു സ്ലൈസ് ചെയ്തത്
പാകം ചെയ്യുന്ന വിധം
∙ പാലിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അടുപ്പത്തു വച്ചു നന്നായി ഇളക്കി വറ്റിച്ച് ഒന്നര ലീറ്ററാക്കണം. പാലിന്റെ നിറം മാറി കാരമലൈസ്ഡ് നിറമാകണം.
∙ ഇതു വാങ്ങി വച്ചു ചൂടാറിയ ശേഷം ഫ്രിജിൽ വച്ചു തണുപ്പിക്കുക.
∙ പിന്നീട് പുറത്തെടുത്തു കരിക്കിന്റെ കാമ്പ് മിക്സിയിൽ അടിച്ചതും ചേർത്തിളക്കി നന്നായി യോജിപ്പിക്കണം.
∙ ബദാം അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
റെസിപ്പി: സുനിൽ തമ്പാൻ, തൃപ്പൂണിത്തുറ