Saturday 04 August 2018 04:37 PM IST : By സ്വന്തം ലേഖകൻ

പ്രവാസികൾക്കിടയിൽ അമ്മച്ചിയുടെ കൈപ്പുണ്യം ചേർത്ത രുചിക്കൂട്ട് ഒരുക്കി ‘സുജാസ് കിച്ചൺ’

sujas-kitchen1

അമ്മച്ചിയുടെ കൈപ്പുണ്യം ചേർത്ത രുചിക്കൂട്ടിൽ തിളയ്ക്കുന്ന ഇറച്ചിക്കറിയുടെ ഗന്ധം. നന്നായി വെന്ത കപ്പയും എരിവുള്ള  മീൻകറിയും  കൂട്ടുകൂടുമ്പോൾ നാവിലെത്തുന്ന സ്വാദിന്റെ ഉത്സവത്തിമിർപ്പ്. ആ രുചിപാഠങ്ങളാണു  ബിസിനസിൽ ഒരു പരിചയവും  ഇല്ലാത്ത കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ  മറുനാട്ടിൽ തുടങ്ങിയ സുജാസ് കിച്ചണിന്റെ വിജയരഹസ്യം. ഒന്നര പതിറ്റാണ്ടിന്റെ അനുഭവകരുത്തിൽ വിജയത്തിന്റെ പുതിയ രുചിക്കൂട്ട് ഒരുക്കുകയാണ് സുജ അലക്സ് എന്ന  പ്രവാസി മലയാളിയായ വീട്ടമ്മ.

തനിനാടൻ രുചി വിളമ്പും അടുക്കള

ഇരുപതു വർഷം മുൻപാണ്. േഹാട്ടൽ ഭക്ഷണത്തിന്റെ മടുപ്പിൽ നിന്നു മോചനം നേടാൻ മോഹിച്ച മൂന്നു – നാല് കുടുംബ സുഹൃത്തുക്കൾക്കു സുജ വീട്ടിലെ അടുക്കളയിൽ നിന്നു ഭക്ഷണം  നൽകിത്തുടങ്ങി.  ആ കൈപ്പുണ്യത്തിന്റെ പെരുമ മലയാളികൾക്കിടയിൽ പ്രശസ്തമായതാണു സുജാസ് കിച്ചണിന്റെ പിറവയിലേക്കു നയിച്ചത്. ഷാർജയിൽ തനിനാടൻ രുചി വിളമ്പിയ സുജാസ് കിച്ചൺ ദുബായ്‌യിലേക്കും വ്യാപിക്കുകയാണ്.

ദുബായിലെ വ്യവസായമേഖലയായ അല്‍കൂസിൽ അ ത്യാധുനികസൗകര്യങ്ങളോടെ  അയ്യായിരം ചതുരശ്ര അടിയി ൽ നിർമിച്ച സുജാസ് കിച്ചൺ മധ്യതിരുവിതാംകൂറിലെ തനിനാടൻ രുചി ഇഷ്ടപ്പെടുന്ന മലയാളികളെയാണു ലക്ഷ്യമിടുന്നത്. അല്‍കൂസിനോടു ചേർന്നു  കിടക്കുന്ന ദുബായിയുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചു നൽകാനുള്ള സംവിധാനങ്ങളോടെയാണ് ആധുനിക രീതിയിൽ സുജാസ് കിച്ചൺ ഒരുക്കിയിരിക്കുന്നത്.

പ്രായോഗികബുദ്ധിയുംഅര്‍പ്പണമനോഭാവവുമുണ്ടെങ്കി ൽ വളർച്ചയുടെ പടവുകൾ എളുപ്പം കീഴടക്കാനാവുമെന്നാണ് സുജ എന്ന വീട്ടമ്മ തെളിയിക്കുന്നത്. സുജയുടെ മകനും യുവസംരംഭകനുമായ ജേക്കബ് അലക്‌സ് ആണ് ദുബായ്‌യിലെ ഇന്‍ഡസ്ട്രിയൽ കിച്ചണിന്റെ പിന്നിലെ പ്രേരകശക്തി. അലക്‌സ് –സുജ ദമ്പതികൾ തുടങ്ങിവച്ച പ്രസ്ഥാനത്തെ ഇളയ മകൻ  ജേക്കബ് മുന്നോട്ടു കൊണ്ടുപോകുന്നത് എക്‌സിക്യൂട്ടീവ് ബിസിനസ് ലഞ്ച് എന്ന ആശയത്തിലൂടെയാണ്.

‘‘സുജാസ് കിച്ചൻ ഷാര്‍ജയിലാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കസ്റ്റമേഴ്‌സില്‍ അറുപതു ശതമാനവും ദുബായ്‌യിൽ നിന്നുള്ളവരാണ്. ദൂരവും ഗതാഗതക്കുരുക്കും  മറികടന്ന് ഓര്‍ഡർ എത്തിച്ചു നൽകുന്നതിനു സമയം എടുക്കും. കാലതാമസം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിൽ നിന്ന് ഉടലെടുത്തതാണു പുതിയ ദുബായ് സംരംഭം.’’ സുജ പറയുന്നു.‘‘ ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ട് സജ്ജമാക്കിയ ദുബായ് കിച്ചണ്‍ നോര്‍ത്ത് ഇന്ത്യന്‍, കോൺടിനെന്റല്‍, ചൈനീസ് വിഭവങ്ങൾക്കു പുറമേ തനിനാടന്‍ ഭക്ഷണവും തയാറാക്കി നല്‍കും. ദുബായ് കിച്ചണിൽ നിന്നു പാകപ്പെടുത്തുന്ന വിഭവങ്ങളും ബിസിനസ് ലഞ്ചും മറ്റും  മീഡിയസിറ്റി, ബിസിനസ്ബേ, ട്രേഡ് സെന്റർ തുടങ്ങി ദുബായ്‌യുടെ മുന്തിയ ബിസിനസ്‌കേന്ദ്രങ്ങളിൽ ഇനി വേഗം എത്തിക്കാൻ കഴിയും.’’ സുജയുടെ മുഖത്ത് ആത്മവിശ്വാസം വിരിയുന്നു.

വീട്ടമ്മ ഒരുക്കുന്ന ഭക്ഷണം

എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നു ഹോം സയന്‍സിൽ ഡിസ്റ്റിങ്ഷനോടെ പാസ്സായ സുജയ്ക്കു പാചകത്തോട്  എന്നും  ഹരമായിരുന്നു. ബാസ്‌കറ്റ്ബോൾ രംഗത്തെ രാജ്യാന്തരമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുള്ള ഭര്‍ത്താവ് അലക്‌സിന്റെ വലിയ സുഹൃദ്‌വലയത്തിനു വേണ്ടി സുജയുടെ അടുക്കള ഏതു സമയത്തും സജീവമായിരുന്നു. വീട്ടിലെത്തുന്ന അതിഥികൾ സുജയുടെ  കൈപ്പുണ്യത്തെ വാമൊഴിയിലൂടെ പ്രശസ്തമാക്കുകയും ചെയ്തു.  

എത്രപേര്‍ക്കും ഏതു സമയത്തും ഭക്ഷണം പാകപ്പെടുത്താൻ സുജ കാണിച്ച മനസ്സ് തന്നെയാണു ഭക്ഷണത്തിന്റെ ബിസിനസ് സാധ്യതയിലേക്കു നയിച്ച ചൂണ്ടുപലക. കുടുംബസുഹൃത്തുക്കൾക്കു വേണ്ടി ഭക്ഷണം നൽകിത്തുടങ്ങിയപ്പോ ൾ തങ്ങൾക്കും ഭക്ഷണം വേണമെന്ന ആവശ്യവുമായി കൂടു തൽ പേർ രംഗത്തെത്തി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണെന്നു ബോധ്യം വന്നതോടെ ലൈസന്‍സുള്ള കിച്ചൺ സ്ഥാപിക്കുന്നതിനു സുജയും അലക്‌സും തീരുമാനിച്ചു. ‘വീട്ടമ്മ ഒരുക്കുന്ന ഭക്ഷണം’ എന്ന ആകർഷണവുമായി തുടങ്ങിയ പ്രസ്ഥാനത്തെ പ്രവാസി മലയാളികൾ ഏറ്റെടുത്തു. സുജാസ് കിച്ചണിന്റെ വിജയഗാഥ അവിെട തുടങ്ങി.

രുചിയും ഗുണമേന്മയും പാകമാകണം

‘‘ഗുണമേന്മയുള്ള ചേരുവകളും സാധനങ്ങളും വാങ്ങുന്നതില്‍ ഒരു വിട്ടുവീഴ്ചയും  ഞങ്ങൾ വരുത്തിയിരുന്നില്ല. ഗുണമേന്മയുള്ള സാധനം നൽകണമെങ്കിൽ വിലയിൽ കുറവ് വരുത്താ ൻ കഴിയില്ല.  സാധാരണ ഹോട്ടൽ ഭക്ഷണത്തിന്റെ ഇരട്ടിവിലയ്ക്കു നല്‍കിയ എക്‌സിക്യൂട്ടീവ് ലഞ്ചിന് പ്രതീക്ഷിച്ചതിനേക്കാൾ ഡിമാന്‍ഡ് വന്നു. മേന്മയുള്ള ഭക്ഷണം നല്‍കിയാല്‍ എന്നും  ആവശ്യക്കാർ  ഉണ്ടാകും എന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥരായ ബാച്ചിലർ കസ്റ്റമേഴ്സിനെയാണു സുജാസ് കിച്ചൺ ലക്ഷ്യമിട്ടത്. ആവശ്യക്കാരുടെ  എണ്ണം വർധിച്ചതോെട ബാച്ചിലര്‍മാര്‍ക്ക് സുജയുടെ അടുക്കള  വലിയ  ആശ്വാസമായി മാറിയെന്നു  ഞങ്ങൾ തിരിച്ചറിഞ്ഞു. ബാച്ചിലേഴ്സിന് അനുയോജ്യമായ പുതിയ പാക്കേജ് ഒരുക്കി അവരുടെ വിശ്വാസം നേടാന്‍ കഴിയുകയും ചെയ്തു.’’ സുജ അഭിമാനത്തോടെ ഓർമിക്കുന്നു.

എല്ലാത്തരം ഭക്ഷണവും കിട്ടുമെങ്കിലും സുജാസിലെ നാടന്‍ ഭക്ഷണത്തോടാണു മലയാളികൾക്കു പ്രിയം. പള്ളിയിൽ ശുശ്രുഷയ്ക്കു ശേഷം വെള്ളിയാഴ്ചകളിൽ സുജാസിൽ നിന്നുള്ള വിഭവങ്ങൾ സ്ഥിരമായി ഇടം പിടിച്ചു തുടങ്ങി. രണ്ടായിരം പേര്‍ക്കുള്ള ഓര്‍ഡറുകൾ വരെ യുഎഇയിലെ ഏത് എമിറേറ്റുകളിലും എത്തിക്കാൻ കഴിയും വിധം  പാചക, വിതരണ  സംവിധാനം ഒരുക്കി സുജാസ് മുന്നേറി. യുഎഇയിലെ പാചകമത്സര വേദികളിൽ സുജ അലക്‌സ് വിധികര്‍ത്താവ് എന്ന നിലയിൽ സ്ഥിരസാന്നിധ്യമായി.

സുജയോടും അലക്‌സിനോടും ഒപ്പം മക്കളായ തോമസുംജേക്കബും അവരുടെ പഠനകാലത്തു പോലും ബിസിനസ്സിൽ സഹായിക്കുമായിരുന്നു.‘‘കുടുംബം ഒരുമിച്ചു പടുത്തുയര്‍ത്തിയതാണ് ഈ ബിസിനസ്.’’ സുജയും അലക്‌സും പറയുന്നു. ‘‘സാമ്പത്തിക അച്ചടക്കം വിജയത്തിനു പിന്നിലുള്ള പ്രധാന ഘടകമാണ്. സാധനങ്ങൾ വാങ്ങാൻ പോവുക, അന്നന്നുള്ള വിറ്റുവരവിന്റെയും ചെലവിന്റെയും കണക്കുകൾ സൂക്ഷിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും മക്കൾ പിന്തുണ നൽകി.’’ ഇരുവരുടെയും മുഖത്ത് സന്തോഷം നിറയുന്നു.

ഒന്നിരിക്കാന്‍പോലും സമയം കിട്ടാതെ മേല്‍നോട്ടവുമായി കിച്ചണിൽ ഓടി നടക്കുമ്പോൾ കാഞ്ഞിരപ്പള്ളി കൊണ്ടുപറമ്പിൽ പരേതനായ വക്കച്ചന്റെ ഏകമകൾ സുജയുടെ മനസ്സിൽ അഭിമാനമുണ്ട്. ഒരു വീട്ടമ്മയുടെ കൈപ്പുണ്യത്തിൽ തനിമധ്യതിരുവിതാംകൂർ  നാടന്‍ഭക്ഷണം കഴിക്കണമെങ്കിൽ അതിനു സുജാസിനെ തന്നെ ആശ്രയിക്കണം എന്ന പൊതുജനസമ്മതിയാണ് ഈ അഭിമാനത്തിനു പിന്നിൽ. നല്ല ആഹാരം നൽകാനാവുകയും അതു കഴിക്കുന്നവരുടെ പ്രശംസ ലഭിക്കുകയും ചെയ്യുന്നത് ഏറെ മാനസികസംതൃപ്തി നൽകുന്നുണ്ടെന്നു സുജ പറയുന്നു.

കഴിഞ്ഞ മുപ്പതുവർഷം യുഎഇയിലെ നാല് പ്രമുഖ കമ്പനികളിൽ ഫിനാന്‍ഷ്യല്‍കണ്‍ട്രോളർ ആയി പ്രവര്‍ത്തിച്ച അലക്‌സ് ആണ് സുജാസിന്റെ സാമ്പത്തികകാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഡിലോയിറ്റ് കൺസൽറ്റന്‍സിയിൽ ജോലി ചെയ്യുന്ന മൂത്തമകൻ തോമസ് അലക്സ് ഭാര്യ വില്‍മയോട് ഒപ്പം ഷിക്കാഗോയില്‍ താമസിക്കുന്നു. ചാര്‍ട്ടേഡ് അ ക്കൗണ്ടന്റ് ആയ ഇളയ മകൻ ജേക്കബിനാണു പുതിയ ദുബായ് കിച്ചണിന്റെ മുഴുവൻ ചുമതലയും മേല്‍നോട്ടവും.

ഈ കിച്ചണിന്റെ വിജയത്തിന് പിന്നിലെ രഹസ്യം എന്തെന്നു ചോദിച്ചാൽ സുജ പറയും. ‘‘മങ്ങാത്ത ആവേശവുമായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ഈ കുടുംബം.’’ അടുപ്പിൽ തിളയ്ക്കുന്ന ഇറച്ചിക്കറിയിൽ കൈപ്പുണ്യം ചേർത്തിളക്കി സുജ അടുക്കളത്തിരക്കിൽ അലിഞ്ഞു.

കടൽ കടക്കുന്ന രുചിക്കൂട്ട്

കോൺഫറന്‍സുകള്‍, മേളകള്‍, അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍, സ്‌കൂളുകള്‍, വിഐപി സന്ദർശനങ്ങളോട് അനുബന്ധിച്ചുള്ള പാര്‍ട്ടികള്‍ എന്നിവയിലെല്ലാം സുജയുടെ അടുക്കള ഭക്ഷണത്തിന് എന്നും പ്രിയമാണ്. ക്രിസ്മസ്, ഈസ്റ്റര്‍, വിഷു, ഓണം തുടങ്ങിയ വിശേഷനാളുകളിലാണു സുജാസ് കിച്ചണിൽ ഏറ്റവും തിരക്കുള്ള സമയം. ക്രിസ്മസ് ആഘോഷകാലത്ത് സുജാസിന്റെ  കേക്കിനോടുള്ള  പ്രിയത്തിനു കാരണം അതിന്റെ രുചിക്കൂട്ട് തന്നെ. കഴിഞ്ഞ കൊല്ലം വലിയ അളവിൽ കേക്ക് തയാറാക്കിയിട്ടും ഡിമാന്റ് നേരിടാൻ കഴിഞ്ഞില്ല. േകരളത്തിന്റെ രുചിപ്പെരുമയിൽ ഇടംപിടിച്ച വിവിധതരം അച്ചാറുകളും  നാടൻ  പലഹാരങ്ങളുൾപ്പെടെയുള്ള പല വിഭവങ്ങളും സുജാസ് കിച്ചണിൽ തയാറാക്കാറുണ്ട്.  ഇവിടെ നിന്ന് യൂറോപ്പ്,അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ അവ എത്തിക്കാറുണ്ട്.

sujas-kitchen2