Thursday 18 February 2021 02:07 PM IST : By സുരേഷ് സി പിള്ള

അമ്മയുടെ മാസ്റ്റർ പീസ്, കനലിൽ ചുട്ടെടുത്ത തേങ്ങാ ചമ്മന്തി; റെസിപ്പിയുമായി കുറിപ്പ്

coconut556ggg

അമ്മയുടെ മാസ്റ്റർ പീസ് റെസിപ്പിയായ കനലിൽ ചുട്ടെടുത്ത തേങ്ങാ ചമ്മന്തി പങ്കുവച്ചിരിക്കുകയാണ് സുരേഷ് സി പിള്ള. ഹൃദ്യമായ ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് പാചക റെസിപ്പി പരിചയപ്പെടുത്തുന്നത്.

കുറിപ്പ് വായിക്കാം; 

അവിയൽ കഴിഞ്ഞാൽ അമ്മയുടെ മാസ്റ്റർ പീസ് എന്താണ് എന്ന് ചോദിച്ചാൽ, അത് കനലിൽ ചുട്ടെടുത്ത തേങ്ങാ ചമ്മന്തി, അല്ലെങ്കിൽ കറുത്ത ചമ്മന്തിയാണ്. ചമ്മന്തികളുടെ രാജാവ് എന്നു വേണമെങ്കിൽ ഈ ചുട്ടരച്ച ചമ്മന്തിയെ വിളിക്കാം. കോട്ടയം ഭാഗത്ത് ഇത് പോപ്പുലർ ആണ്. 

അവധിക്ക് ഞാൻ നാട്ടിൽ വരുമ്പോൾ അമ്മ  കറുത്ത ചമ്മന്തി ഉണ്ടാക്കി വയ്ക്കും. കനലിൽ തേങ്ങായും മുളകും ചുട്ട്, കല്ലിൽ അരച്ചാണ് അമ്മ ചമ്മന്തി ഉണ്ടാക്കിയുന്നത്. വിദേശത്ത് വന്നപ്പോൾ ഇതെങ്ങനെ ഉണ്ടാക്കും എന്ന ശങ്ക ആയിരുന്നു. വളരെ കുറച്ചു നാളെ ആയുള്ളൂ ഇത് ഒന്ന് സിംപ്‌ളി ഫൈ ചെയ്തു ഈ പരുവം ആക്കിയിട്ട്. 

പരമ്പരാഗത അടുപ്പില്ലാത്ത വീടുകളിലും  ഫ്ലാറ്റിലും ഒക്കെ ഉണ്ടാക്കാം എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. കനൽ വേണ്ട, അരകല്ല് വേണ്ട. പത്തു  മിനിറ്റ് കൊണ്ട് ചമ്മന്തി റെഡി. കഞ്ഞിക്കും, തൈര് ഒഴിച്ച ചോറിനും സൂപ്പർ. ഇനി തൈര് ഇല്ലെങ്കിലും ചൂട് ചോറിൽ കുഴച്ചു കഴിച്ചാലും സംഭവം സൂപ്പർ.  

വേണ്ടത്, അര മുറി തേങ്ങാ ചെറിയ കഷണങ്ങൾ ആയി മുറിച്ചത്, (സ്ലൈസ്ഡ്  കോക്കനട്ട്), അഞ്ച്/ ആറ്  വറ്റൽ മുളക്, പുളി ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം, ആറ്/ ഏഴ് ചെറിയ ഉള്ളി, 2/3 കറിവേപ്പില, ചെറിയ കഷണം ഇഞ്ചി, പാകത്തിന് ഉപ്പ്. തേങ്ങാ കഷണങ്ങൾ ഒരു പാനിൽ ബ്രൗൺ കളർ ആകുന്നത് വരെ വറുക്കുക. ചെറിയ ബ്രൗൺ ആകുമ്പോൾ വറ്റൽ മുളക് കൂടി ഇടുക. മുളക് ചെറുതായി കളർ മാറുമ്പോൾ വാങ്ങാം. 

ഒരു മിനിറ്റ് തണുക്കാൻ വച്ചിട്ട്, മുകളിൽ പറഞ്ഞ ബാക്കി ചേരുവകൾ എല്ലാം കൂട്ടി ഒരു മിക്സിയിൽ വെള്ളം ചേർക്കാതെ അരയ്ക്കുക. അധികം അരയാതെ ശ്രദ്ധിക്കണം. ഇന്ന് ലഞ്ചിന്  ഉണ്ടാക്കിയ ചുട്ടരച്ച ചമ്മന്തിയാണ് ചിത്രത്തിൽ. മീറ്റിങ്ങുകളുടെ ഇടവേളയിൽ പെട്ടെന്ന് ഉണ്ടാക്കിയതാണ്. എടുത്ത സമയം 10 മിനിറ്റ്.

Tags:
  • Pachakam