Friday 09 April 2021 12:11 PM IST : By സ്വന്തം ലേഖകൻ

വെറൈറ്റി മീൻപീര അല്ലെങ്കിൽ മീനവിയൽ; ചൂടു ചോറിനൊപ്പമോ കപ്പയുടെ കൂടെയോ ബെസ്റ്റാണ്, റെസിപ്പി

meenaviyallghh

"ചുവന്ന കോട്ടയം മീൻകറി, അല്ലെങ്കിൽ ഫിഷ് മോളി കഴിച്ചു മടുത്തോ? ഇതാ ഒരു വെറൈറ്റി മീൻ പീര- അല്ലെങ്കിൽ മീനവിയൽ. ചൂട് ചോറ് അല്ലെങ്കിൽ കപ്പയുടെ കൂടെ കഴിക്കാൻ."- സുരേഷ് സി പിള്ള പങ്കുവച്ച റെസിപ്പി ഇതാ. 

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം; 

ചുവന്ന കോട്ടയം മീൻകറി, അല്ലെങ്കിൽ ഫിഷ് മോളി കഴിച്ചു മടുത്തോ? 

ഇതാ ഒരു വെറൈറ്റി മീൻ പീര- അല്ലെങ്കിൽ മീനവിയൽ. ചൂട് ചോറ് അല്ലെങ്കിൽ കപ്പയുടെ കൂടെ കഴിക്കാൻ, 

ഉച്ചയ്‌ക്കെന്താണ് ഈസ്റ്റർ പ്രമാണിച്ചുണ്ടാക്കുന്നത് എന്നോർത്തപ്പോളാണ്, അമ്മയുടെ പഴയ ഉണക്ക നങ്ക്, ഏത്തക്കായിട്ട് വറ്റിക്കുന്നത് മനസ്സിൽ വന്നത്. 

അപ്പോളാണ് സരിത പറയുന്നത്, മുരിങ്ങക്കായ ഫ്രിഡ്ജിൽ ഉണ്ട്, അതുംകൂടി ചേർത്താൽ സൂപ്പർ ആണെന്ന്.  കപ്പയും ചോറും ഓരോ അടുപ്പിൽ വച്ചു. 

മീൻ ചെറിയ കഷണങ്ങൾ ആയി മുറിച്ചു. വെള്ള ദശയുള്ള മീനാണ് ഇതിന് കൂടുതൽ ഉത്തമം. ചൂട (നെത്തോലി), മത്തി, അയല ഒക്കെയും കൊള്ളാം. വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ്.  ഇഞ്ചി, അരിഞ്ഞ പച്ചമുളക് ഇവയാണ് ഇതിലെ ഹൈലൈറ്റ്. 

വേണ്ടത്. മീൻ- അരക്കിലോ, ഏത്തക്കായ- ഒരെണ്ണം ചെറുതായി അരിഞ്ഞത്;  മുരിങ്ങക്കായ- രണ്ടെണ്ണം ചെറുതായി മുറിച്ചത്; ഇഞ്ചി-രണ്ടു വലിയ കഷണം; പച്ചമുളക് ചെറുതായി അരിഞ്ഞത്  ആറെണ്ണം; മുളക് പൊടി- ഒരു ചെറിയ ടീ സ്പൂൺ; മഞ്ഞപ്പൊടി- അര ടീ സ്പൂൺ.  ചെറിയ ഉള്ളി- അരിഞ്ഞത് ഒരുപിടി; കറി വേപ്പില- രണ്ടു തണ്ട്;  തക്കാളി- ഒന്ന്; കൊടംപുളി - നാലെണ്ണം. തേങ്ങാ അരച്ചത് -അരമുറി. 

അൽപ്പം എണ്ണയിൽ പച്ചമുളക്, ഇഞ്ചി, ഉള്ളി ഇവയൊക്കെ ഒന്ന് മൂപ്പിച്ചെടുക്കുക, മുളകുപൊടി ഇതിലേക്കിട്ട് ഇളക്കുക. തേങ്ങാ ഒഴിച്ചു ബാക്കിയുള്ള വിഭവങ്ങൾ എല്ലാം കൂടി, ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇടയ്ക്ക് വെള്ളം ആവശ്യം ഉണ്ടെങ്കിൽ അടിയിൽ പിടിക്കാത്തവിധം അല്പാല്പമായി ഒഴിക്കുക. മീൻ വെന്ത ശേഷം തേങ്ങാ അരച്ചത് ഒഴിച്ച് ഒന്ന് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.  നന്നായി വറ്റാനായി രണ്ടു, മൂന്ന്  മിനിറ്റ് വേവിക്കുക. 

ചാറായി കഴിക്കേണ്ടവർക്ക് അങ്ങിനെയും വെള്ളം നീട്ടി ഉണ്ടാക്കാം. ചൂട് കപ്പ ഉണ്ടെങ്കിൽ നല്ല കോമ്പിനേഷൻ ആണ്. 

Tags:
  • Pachakam