Monday 24 December 2018 04:18 PM IST : By സ്വന്തം ലേഖകൻ

ഇതാ മധുരിക്കും കേക്ക് ടിപ്സ്! വായിലിട്ടാൽ അലിഞ്ഞു പോകുന്ന കേക്ക് തയാറാക്കാം

chocolate-moist-cake1

ഡ്രൈ ഫ്രൂട്സ് മേളമൊരുക്കുന്ന പ്ലം കേക്ക്, ചോക്‌ലെറ്റ് ആരാധകർ അലിഞ്ഞുപോകുന്ന ചോക്കോ കേക്ക്സ്.... കേക്ക് രുചികൾ നാവിൻ തുമ്പിൽ വിരുന്നൊരുക്കുന്ന ക്രിസ്മസ് നാളിൽ കേക്ക് തയാറാക്കി ആർക്കും സ്റ്റാറാകാം. അറിഞ്ഞു വച്ചോളൂ ചില നുറുങ്ങു വിദ്യകൾ.

∙ എല്ലാ ചേരുവകളും കൃത്യമായി അളന്നെടുത്തു വേണം കേക്ക് തയാറാക്കാൻ. കപ്പിൽ അളവെടുക്കുന്നതിലും നല്ലത് തൂക്കം നോക്കി ചേരുവകൾ എടുക്കുന്നതാണ്. കപ്പിലെ അളവ് തൂക്കത്തിലേക്കു മാറ്റി ചേരുവ എടുക്കുന്നുണ്ടെങ്കിൽ  ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചേരുവകൾ മാറുന്നതിനനുസരിച്ച് അവയുടെ തൂക്കം വ്യത്യാസപ്പെടും. ഒരു കപ്പ് പഞ്ചസാര 200 ഗ്രാം തൂക്കം വരും. എന്നാൽ പൊടിച്ച പഞ്ചസാര 120 ഗ്രാമേയുള്ളൂ. ഒരു കപ്പ് മൈദ 130 ഗ്രാമാണ്. ഒരു കപ്പ് കൊക്കോ പൗ‍ഡർ 82 ഗ്രാം തൂക്കമേ കാണൂ. 

∙ വെണ്ണയും പഞ്ചസാരയും പത്തു മിനിറ്റ് അടിച്ചു മയപ്പെടുത്തുക എന്ന് പാചകക്കുറിപ്പിൽ എഴുതിയിട്ടുണ്ടെങ്കിൽ അത്രയും സമയം തന്നെ ബീറ്റ് ചെയ്യണം. കേക്കിന്റെ മൃദുവായ ടെക്സചറിന്റെ പിന്നിലെ രഹസ്യം ഈ ബീറ്റിങ്ങാണ്. മൈദ ചേർത്ത ശേഷം അധികം ബീറ്റ് ചെയ്യുകയുമരുത്. 

∙ എണ്ണയാണോ വെണ്ണയാണോ കേക്കിൽ നല്ലത്? കേക്ക് കൂടുതൽ മോയിസ്റ്റ് ആകാൻ എണ്ണയാണ് നല്ലത്. കൂടുതൽ രുചി കിട്ടാൻ വെണ്ണയും. കനോള, സൺഫ്ലവർ എന്നീ വെജിറ്റബിൾ ഓയിലുകളാണ് കേക്ക് തയാറാക്കാൻ ബെസ്റ്റ് ചോയ്സ്. ഒലിവ് ഓയിൽ ചേർത്താൽ എണ്ണയുടെ സ്വാദ് മുന്നിട്ടു നിൽക്കും. 

∙ ചില കേക്ക് രുചിക്കൂട്ടുകളിൽ ബട്ടർ മിൽക് ചേർത്തിട്ടുണ്ടാകും. ഈ ചേരുവ സ്വയം തയാറാക്കാം. അരക്കപ്പ് പാലിൽ ഒരു ചെറിയ സ്പൂൺ വിനാഗിരി ചേർത്തു വയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം ഉപയോഗിക്കാം. കാൽ കപ്പ് പുളിയില്ലാത്ത തൈരിൽ കാൽ കപ്പ് പാൽ ചേർത്ത് അടിച്ചെടുത്താലും മതി. 

∙ എണ്ണയ്ക്കു പകരമായി ആപ്പിൾ സോസ്, പൈനാപ്പിൾ സോസ് എന്നിവ ചേർക്കാം. ഫ്രൂട്ട് സോസ് ചേർത്താൽ കുറച്ചുകൂടി ഹെൽതി കേക്ക് രുചിക്കാം. 

∙ ചോക്‌ലെറ്റ് ചിപ്സ്, പഴക്കഷണങ്ങള്‍ എന്നിവ കേക്കിൽ ചേർക്കും മുൻപ് അൽപം മൈദാപ്പൊടിയിൽ ഇവ പൊതിഞ്ഞെടുക്കണം. അല്ലെങ്കിൽ ഇവ കേക്ക് ടിന്നിന്റെ താഴെ വന്നുചേരും.

∙ പ്രീഹീറ്റ് ചെയ്ത അവ്നിൽ വേണം കേക്ക് ബേക്ക് ചെയ്യാൻ. പാചകക്കുറിപ്പിൽ പറയുന്ന പ്രകാരമുള്ള ചൂടിൽ അവ്ൻ ചൂടാക്കിയിടുക. കേക്ക് ടിന്നിന്റെ പകുതി അല്ലെങ്കിൽ മൂന്നിലൊന്നു വരെയേ കേക്ക് മിശ്രിതം ഒഴിക്കാവൂ. അവ്നിൽ വയ്ക്കുമ്പോൾ ക‍ൃത്യം നടുവിൽ തന്നെ കേക്ക് ടിൻ വയ്ക്കാനും ശ്രദ്ധിക്കണം.

∙ പാചകക്കുറിപ്പിൽ ബേക്ക് ചെയ്യേണ്ട സമയം കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെങ്കിലും അവ്ൻ സെറ്റിങ് അനുസരിച്ചു വ്യത്യാസമുണ്ടാകാം. ഓരോ 15 മിനിറ്റ് കൂടുമ്പോഴും കേക്ക് പാകമായോ എന്നു നോക്കുക. പാകമായി തുടങ്ങിയോ എ ന്നറിയാൻ വശങ്ങളിൽ നിന്നു വിട്ടു വരുന്നുണ്ടോ എന്നു നോക്കിയാൽ മതി.

∙ മോൾഡിൽ നിന്ന് കേക്ക് എടുക്കും മുൻപ് അര മണിക്കൂറെങ്കിലും ചൂടാറാൻ വയ്ക്കണം. വയർ റാക്കിൽ വയ്ക്കുന്നതാണ് നല്ലത്.

∙ പഴം, കാരറ്റ്, ആപ്പിൾ എന്നിങ്ങനെ പഴങ്ങൾ ചേർത്തു തയാറാക്കുന്ന കേക്കുകൾ തയാറാക്കി എട്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് കഴിക്കുന്നതാണ് രുചി കൂടാൻ നല്ലത്. ഒരു ക്ലിങ് ഫിലിം കൊണ്ടു പൊതിഞ്ഞു വച്ചാൽ വരണ്ടു പോകുകയുമില്ല.

∙ വെണ്ണ, ക്രീം ചീസ്, വിപ്ഡ് ക്രീം എന്നിവയിലേതെങ്കിലും ചേർത്താണ് സാധാരണയായി ഐസിങ് തയാറാക്കുക. പ ഞ്ചസാരയുടെ അളവ് കൃത്യമല്ലെങ്കിൽ ഐസിങ് അയഞ്ഞു പോകും. അഥവ ഐസിങ് അയഞ്ഞു പോയാൽ 30–40 മിനിറ്റ് ഫ്രിഡ്ജില്‍ വച്ചശേഷം ഇവ ഉപയോഗിക്കുക. നന്നായി ചൂടാറിയ കേക്കിൽ മാത്രമേ ഐസിങ് ചെയ്യാവൂ.