Saturday 26 June 2021 03:11 PM IST

തേൻമിഠായി മുതൽ പല്ലൊട്ടി, പ‍ഞ്ചാര മിഠായി വരെ; ഗൃഹാതുരത്വമുണർത്തുന്ന 10 മിഠായികൾ, അതേ രുചിയോടെ വീട്ടിലുണ്ടാക്കാം

Tency Jacob

Sub Editor

sweetssssspeecvii ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കുട്ടിക്കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്ന ഒാർമയിലെ ആ മിഠായികൾ അതേ രുചിയോടെ വീട്ടിലുണ്ടാക്കാം..

‘ആയീഠായി മിഠായി...

തിന്നുമ്പോഴെന്തിഷ്ടായി...

തിന്നു കഴിഞ്ഞാൽ

കഷ്ടായി...’

കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിത വായിച്ചാൽ തന്നെ മനസ്സിൽ മധുരമൂറിത്തുടങ്ങും. അപ്പോൾ പിന്നെ, ആ മിഠായിയിലൊരെണ്ണം കയ്യിൽ കിട്ടിയാലോ? പിന്നെ, കുട്ടിക്കാലത്തേക്ക് സഞ്ചാരം തുടങ്ങും. വളർന്നതും വലുതായതും നമ്മൾ മറന്നുപോകും. ചില്ലറപ്പൈസയും കയ്യിൽ മുറുകെ പിടിച്ച്, പെട്ടിക്കടകളിൽ ചില്ലുഭരണിക്കുളളിലിട്ടടച്ച മധുരനുറുങ്ങുകൾ വാങ്ങാനോടിയിരുന്നത് ഓർമയിൽ മിന്നിമായും.

നാവിൽ തൊടുമ്പോഴേ മധുരം പൊട്ടിയൊഴുകുന്ന തേൻനിലാവ്, ഓറഞ്ച് അല്ലികളുടെ പുളിമധുരമുള്ള നാരങ്ങാമിഠായി, എരിവും മധുരവും ഒരുമിച്ചലിയുന്ന ഇഞ്ചി മിഠായി, പഞ്ചാര പാലുമിഠായി... എത്ര കൊതിയൂറും നിറങ്ങളായിരുന്നു കുട്ടിക്കാലത്തെ വർണാഭമാക്കിയിരുന്നത്.

വർണയുടുപ്പുകളിൽ പൊതിഞ്ഞു ഗമയോടെ വന്ന പുത്തൻ മിഠായികൾക്ക് മുന്നിലും കീഴടങ്ങാതെ ഇപ്പോഴും അവ ചില്ലുഭരണികളിലിരുന്നു കിലുങ്ങുന്നുണ്ട്. ശ്രമിച്ചാൽ വീട്ടിലുണ്ടാക്കിയെടുക്കാം ആ ഗൃഹാതുര മധുരം.

1. തേൻനിലാവ്

_REE0853

ഹണിമൂൺ ലൈറ്റ്, തേൻമിഠായി, തേനാറ്, തേനുണ്ട,തേൻനിലാവ്... പല നാടുകളിൽ പല പേരുകളിൽ ഇ ന്നുമുണ്ട് മധുരം കിനിഞ്ഞൊഴുകുന്ന ഈ ചുവപ്പു നിറ മിഠായി.   

ചേരുവകൾ

1. ഇഡ്ഡലി അരി  – ഒരു കപ്പ്

ഉഴുന്ന് – രണ്ടു വലിയ സ്പൂൺ

2. ബേക്കിങ് പൗഡർ – മൂന്നു നുള്ള്

ഉപ്പ് – ഒരു നുള്ള്

റെഡ് ഫൂഡ് കളർ – മൂന്നു തുള്ളി

3. പ‍ഞ്ചസാര – ഒരു കപ്പ്

വെള്ളം – അര കപ്പ്

4. സൺഫ്ലവർ ഒായിൽ – വറുക്കാനാവശ്യമായത്

5. പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒന്നാമത്തെ ചേരുവകൾ മൂന്നു മണിക്കൂർ കുതിർക്കുക. ദോശമാവിന്റെ അയവിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ബേക്കിങ് പൗഡർ, ഫൂഡ് കളർ എന്നിവ ചേർക്കുക. പഞ്ചസാര, വെള്ളം ചേർത്ത് തിളപ്പിച്ചു പാനിയാക്കുക. ഇതേസമയം മറ്റൊരു പാത്രത്തിൽ ചെറുതീയിൽ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂണിന്റെ മുക്കാൽ ഭാഗം വീതം മാവെടുത്ത്, കോരിയൊഴിക്കുക. പൊങ്ങി വരുമ്പോൾ എടുത്ത് ചെറുതായി തിളച്ചു കൊണ്ടിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് ഇടുക. 15 മിനിറ്റിനു ശേഷം എടുത്ത് പഞ്ചസാര പൊടിച്ചതിൽ ഉരുട്ടിയെടുക്കാം.

2. നാരങ്ങാമിഠായി

_REE0858

ഓറഞ്ചിന്റെയും നാരങ്ങയുടെയും രുചിയുള്ള നാരങ്ങാമിഠായി പ്രണയ  സൗഹൃദങ്ങളുടെ നൊസ്റ്റാൾജിയ മ ധുരമാണ്. ഒന്നെടുത്തു വായിലിട്ടാൽ മതി, ഒരു കാലം കൂടെ പോരും. മധുരനാരങ്ങയുടെ മണവും രുചിയുമുള്ള പ്രണയകാലം.  

ചേരുവകൾ

1 പഞ്ചസാര – അരക്കപ്പ്

2 ഓറഞ്ചുനീര് അല്ലെങ്കിൽ നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ

3 യെല്ലോ ഫൂഡ് കളർ – രണ്ടു തുള്ളി

തയാറാക്കുന്ന വിധം

∙ പഞ്ചസാര ഓറഞ്ചു നീര് ചേർത്ത് ചെറുതീയിൽ വച്ചു അലിയിക്കുക. പാനിയായി വരുമ്പോൾ ഇ ഷ്ടമുള്ള ഫൂഡ് കളർ ചേർക്കുക. പാനി കുറുക്കിയെടുക്കണം. പാനി വെള്ളത്തിലൊഴിക്കുമ്പോൾ ഉരുട്ടിയെടുക്കാൻ പറ്റുന്നതാണ് പാകം. ആ സമയം തീയിൽ നിന്നു മാറ്റി മോൾഡുകളിൽ ഒഴിച്ചു വയ്ക്കാം. അര മണിക്കൂർ കഴിയുമ്പോൾ ഇളക്കിയെടുത്ത് പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

3. ഇഞ്ചി മിഠായി

_REE0882

‘ഞെട്ടിക്കരയുന്നവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇഞ്ചി മിഠായി.’ ബസ് യാത്രയ്ക്കിടയിലെ ക്ഷീണം മറന്നൊന്ന് ഉഷാറാകാൻ മറ്റെന്തു വേണം?

ചേരുവകൾ

1. പഞ്ചസാര – രണ്ടു കപ്പ്

2. വെള്ളം – മുക്കാൽ കപ്പ്

3. ഇഞ്ചി പേസ്റ്റ് – അരക്കപ്പ്

4. ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

∙ പ‍ഞ്ചസാരയിൽ വെള്ളം ചേർത്ത് ചെറുതീയിൽ തിളപ്പിച്ചു പാനിയാക്കുക. പാനി വെള്ളത്തിലൊഴിക്കുമ്പോൾ ഉരുട്ടിയെടുക്കാൻ പറ്റുന്ന പാകമായാൽ ഇഞ്ചിയും ഉപ്പും ചേർക്കുക. അയവു വന്ന പാനി വീണ്ടും ഉരുട്ടിയെടുക്കാൻ പാകത്തിലായാൽ ഇറക്കി വച്ചു എണ്ണ പുരട്ടിയ പാത്രത്തിലോ തടിപ്പലകയിലോ ഒഴിച്ചു ചൂടോടെ തന്നെ ആവശ്യമുള്ള ആകൃതി കത്തികൊണ്ട് വരഞ്ഞെടുക്കുക. ഉറച്ചാൽ ഇളക്കിയെടുത്ത് ഉപയോഗിക്കാം.

4. പല്ലൊട്ടി

_REE0864

കടിച്ചാപറച്ചി, ഒയലിച്ച, കല്ല് മിഠായി എന്നിങ്ങനെ പേരുള്ള പല്ലൊട്ടി ശരിക്കും ആരോഗ്യ മിഠായിയാണ്. കശുമാങ്ങാ നീരും ശർക്കരയും ചേർത്തുണ്ടാക്കുന്നതു കൊണ്ടു കുട്ടികൾക്കു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. ക ശുമാങ്ങാനീര് ദഹനത്തിനു നല്ലതാണ്.

ചേരുവകൾ

1. പഴുത്ത കശുമാങ്ങ – 15 എണ്ണം

2. ശർക്കര ഉരുക്കിയത് – മുക്കാൽക്കപ്പ്

തയാറാക്കുന്ന വിധം

∙ കശുമാങ്ങയുടെ നീര് ഒരു പാത്രത്തിലേക്ക് പിഴി‍ഞ്ഞെടുക്കുക. ഇതു ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്കോ മൺകലത്തിലേക്കോ അരിച്ചൊഴിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക.നന്നായി ഇളക്കിച്ചേർത്തശേഷം തീയിൽ വച്ച് തിളപ്പിക്കുക. ഉരുട്ടിയെടുക്കാൻ പാകത്തിലാകുമ്പോൾ ഇറക്കി വയ്ക്കാം. (ഈ മിഠായിക്കൂട്ട് അൽപം വെള്ളത്തിലിടുക. വെള്ളത്തിലലിയാതെ ഉരുട്ടിയെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ പാകമായെന്നർഥം) അര ചെറിയ സ്പൂൺ വെളിച്ചെണ്ണയോ ബട്ടറോ ചേർത്തു കൊടുത്താൽ രുചി കൂടും. ഇളക്കിയെടുക്കാനും എളുപ്പമാകും. ചെറിയ മോൾഡുകളിൽ ഒഴിച്ചു വെക്കുകയാണെങ്കിൽ എളുപ്പത്തിൽ ഇളക്കിയെടുക്കാം. അല്ലെങ്കിൽ ചെറുതായി ഉരുട്ടിയെടുത്ത് പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞെടുക്കാം.

5. തേങ്ങ മിഠായി

_REE0869

കേരം തിങ്ങും കേരളനാടിന്റെ സ്വന്തം മിഠായിയാണ് തേങ്ങ മിഠായി.

ചേരുവകൾ

1. തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടെ പകുതിയുടേത്

2. എണ്ണ‌/നെയ്യ് – ഒരു വലിയ സ്പൂൺ

3. ശർക്കര – അരക്കപ്പ്

4. അരിപ്പൊടി – കാൽക്കപ്പ്

തയാറാക്കുന്ന വിധം

∙ വെള്ളം ചേർക്കാതെ തേങ്ങ ചെറുതായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചോ ഉരുക്കിയോ ചേർക്കാം. തിളച്ചു വരുമ്പോൾ തേങ്ങ ചേർക്കുക. വെള്ളം വറ്റി വരുമ്പോൾ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി ഉരുട്ടിയെടുക്കാൻ പാകമാകുമ്പോൾ ഇറക്കി വയ്ക്കാം. ആവശ്യമെങ്കിൽ അൽപം ഏലയ്ക്കാപൊടി ചേർക്കാം. ചൂടാറുമ്പോൾ കഷണങ്ങളായി മുറിച്ചെടുക്കുകയോ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുകയോ ചെയ്യാം.

6. കപ്പലണ്ടി മിട്ടായി

_REE0855

ശർക്കരയും കപ്പലണ്ടിയും ചേർന്ന പോഷക സമൃദ്ധമായ മിഠായി.

ചേരുവകൾ

1. തൊലി കളഞ്ഞ കപ്പലണ്ടി‌ – 1 കപ്പ്

2. ശർക്കര പൊടിച്ചത് – അരക്കപ്പ്

3. പഞ്ചസാര – 1 വലിയ സ്പൂൺ

4. വെള്ളം – 2 വലിയ സ്പൂൺ

5. നെയ്യ് – അല്പം

തയാറാക്കുന്ന വിധം

∙ ഒരു പാത്രം ചൂടാക്കി കപ്പലണ്ടി വറുത്തെടുക്കുക. തടിപ്പലകയിൽ അലുമിനിയം ഫോയിൽ വിരിച്ചു അൽും നെയ്യോ എണ്ണയോ പുരട്ടി വയ്ക്കുക.ശർക്കരയും പ‍ഞ്ചസാരയും വെള്ളവും ഒരുമിച്ചാക്കി ചെറുതീയിൽ ഉരുക്കിയെടുക്കുക. പാനി പാകത്തിലാകുമ്പോൾ തീയിൽ നിന്നിറക്കി വച്ച് കപ്പലണ്ടി ചേർത്ത് നന്നായി ഇളക്കുക. ഇത് ചൂടോടെ തന്നെ അലുമിനിയം ഫോയിൽ പേപ്പറിൽ നിരത്തിയ ശേഷം ചപ്പാത്തി റോൾ കൊണ്ട് ഒരേ കനത്തിൽ പരത്തിയെടുക്കുക. വശങ്ങളെല്ലാം ചതുരത്തിലാക്കുക.ആവശ്യമുള്ള ആക‍ൃതിയിൽ വരഞ്ഞു വയ്ക്കുക. തണുക്കുമ്പോൾ മുറിച്ചെടുത്ത് ഉപയോഗിക്കാം.

7. കട്ട മിഠായി

ബട്ടർ പേപ്പറിൽ പൊതിഞ്ഞു കിട്ടിയിരുന്നതുകൊണ്ട് പണ്ടുതന്നെ ആഡംബര മിഠായിയായിരുന്നു ഇത്.

ചേരുവകൾ

_REE0880

1. നെയ്യ് – അരക്കപ്പ്

2. മൈദ – ഒരു കപ്പ്

3. പാൽപ്പൊടി – രണ്ടു വലിയ സ്പൂൺ (ആവശ്യമെങ്കിൽ മാത്രം)

4. പ‍ഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

5. ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ ഒരു പാത്രം ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ഉരുകി വരുമ്പോൾ മൈദ ചേർക്കുക. ചെറുതീയിൽ പച്ചമണം മാറുന്നതു വരെ മൈദ വറുത്തെടുക്കുക. ഇതു വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.ചൂടാറിയശേഷം പാൽപ്പൊടി ചേർത്തു കുഴയ്ക്കുക. ഏലയ്ക്കാപ്പൊടി ചേർക്കുക. പിന്നീട് പഞ്ചസാര അൽപാൽപം ചേർത്ത് കുഴച്ചെടുക്കുക.അതിനുശേഷം ഒരു ചതുര പാത്രത്തിൽ കട്ടിയിൽ നിരത്തിയശേഷം തണുക്കാനായി ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കാം. പുറത്തെടുത്ത് രണ്ടു മിനിറ്റിനു ശേഷം ചതുരക്കഷണങ്ങളായി പൊടിഞ്ഞു പോകാതെ മുറിച്ചെടുക്കുക.

8 പ‍ഞ്ചാര മിഠായി

പല പല നിറങ്ങൾ ഇഴ പിരിച്ചു ചേർത്ത കോലു മിഠായി. ഭരണിക്കുള്ളിൽ അതീവ ഭംഗിയോടെയുള്ള ഇരിപ്പും കൊതിപിടിച്ച കയ്യിലേക്ക് പകരുമ്പോൾ ഉള്ള പ‍‍ഞ്ചസാര ഒട്ടലും എങ്ങനെ മറക്കും.

ചേരുവകൾ

panchara-mityai

1. പഞ്ചസാര – രണ്ടു കപ്പ്

2. വെള്ളം – അരക്കപ്പ്

3. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

4. പിങ്ക് ഫൂഡ് കളർ – രണ്ടു തുള്ളി

തയാറാക്കുന്ന വിധം

∙ പഞ്ചസാര വെള്ളവും ചേർത്ത് ചെറുതീയിൽ നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ നാരങ്ങാനീര് ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം ഫൂഡ് കളർ ചേർക്കുക. പാകമാകുമ്പോൾ ഇറക്കി വച്ച് എണ്ണമയമുള്ള ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അൽപം തണുക്കുമ്പോൾ ഇളക്കിക്കൂട്ടി കയ്യിലെടുത്ത്, മൃദുവാകുന്നതു വരെ നീളത്തിൽ വലിക്കുക. ആദ്യത്തെ നിറത്തിൽ നിന്നു മാറി ഇളം നിറമാകുമ്പോൾ കയറു പിരിക്കുന്ന പോലെ പിരിച്ച് നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.

9. അക്രോട്ടി‌/ ശർക്കര മിഠായി

pallottiiibbb

ഒരു തല്ലുകൊള്ളി മിഠായിയാണ് പല്ലേലൊട്ടിപിടിക്കുന്ന അക്രോട്ടി. നുണഞ്ഞു തന്നെ ഇറക്കണം. ക്ലാസ്സിൽ ടീച്ചർ വരും മുൻപ് നുണഞ്ഞു തീർന്നിലലെങ്കിൽ അടി ഉറപ്പ്.   

ചേരുവകൾ

1. ശർക്കര – കാൽ കിലോ

2. വെള്ളം – അരക്കപ്പ്

3. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഇതു വീണ്ടും തിളപ്പിക്കാൻ വയ്ക്കുക. കുറുകി വരുമ്പോൾ എണ്ണ ചേർക്കാം. പാകമാകുമ്പോൾ ഇറക്കി വച്ച് എണ്ണ പുരട്ടിയ വാഴയിലയിൽ ഒഴിക്കുക. ചെറു ചൂടോടു കൂടി ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

10. പുളി മിഠായി

_REE0871

വാളൻപുളി മധുരം, അൽപം എരിവ്, പുളി മിഠായി മനസ്സ് പിടിച്ചെടുക്കും.

ചേരുവകൾ

1. പുളി – 100 ഗ്രാം

2. വെള്ളം – പുളി കുതിര്‍ക്കാൻ ആവശ്യമായത്

3. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

4. ശർക്കര – 150 ഗ്രാം

5. ഉപ്പ് – ഒരു ചെറിയ സ്പൂൺ

6. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

7. പഞ്ചസാര – രണ്ടു വലിയ സ്പൂൺ/ പാകത്തിന്

തയാറാക്കുന്ന വിധം

∙ പുളി വെള്ളമൊഴിച്ച് കുതിർത്ത് കട്ടിയിൽ പിഴിഞ്ഞെടുക്കുക. ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ശർക്കര പൊടിച്ചതും അൽപം വെള്ളവും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ പുളി ചേർക്കുക. വെള്ളം വറ്റുന്നതു വരെ തിളപ്പിക്കണം. ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചേർക്കുക. കുറച്ചു സമയം കൂടി ചെറുതീയിൽ തിളപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങിയശേഷം പഞ്ചസാര ചേർത്തിളക്കുക. ചൂടാറിയശേഷം ക്ലിങ് ഫിലിമിൽ അൽപാൽപമായി ഒഴിച്ച് പൊതിഞ്ഞെടുക്കാം.

Tags:
  • Pachakam