Saturday 19 May 2018 05:19 PM IST : By സ്വന്തം ലേഖകൻ

ശരീരവും മനസ്സും കുളിർക്കട്ടെ; പരീക്ഷിക്കാം 12 വ്യത്യസ്തത തരം ജ്യൂസുകൾ

jucies12

1. വെർജിൻ കൊക്കോ പൈനാപ്പിൾ ജ്യൂസ്

കാൽ കപ്പ് പൈനാപ്പിൾ കഷണങ്ങൾ ഫ്രീസറിൽ വച്ചു തണുപ്പിക്കുക. അരക്കപ്പ് പൈനാപ്പിൾ ജ്യൂസ്, അരക്കപ്പ് തേങ്ങാപ്പാൽ, രണ്ട് ഏലയ്ക്ക, ആറ് ഐസ്ക്യൂബ്, പാകത്തിനു പഞ്ചസാര എന്നിവ ചേർത്തു പൈനാപ്പിൾ മിക്സിയിൽ നന്നായി അടിക്കണം. വിളമ്പാനുള്ള ഗ്ലാസിൽ ഒഴിച്ച് കരിക്കിൻകാമ്പ് മുറിച്ചതു കൊണ്ട് അലങ്കരിക്കാം. (ഷീനു കെ. ബാബു, കല്ലൂർ, തൃശൂർ.)

2. പാഷൻഫ്രൂട്ട്–പപ്പായ ജ്യൂസ്

മൂന്നു പാഷൻഫ്രൂട്ടിന്റെ പൾപ്പെടുത്തു വയ്ക്കുക. ഒരു പഴുത്ത പപ്പായയുടെ പകുതി കഷണങ്ങളാക്കി വയ്ക്കുക. പപ്പായ കഷണങ്ങൾ ഒരു ഗ്ലാസ് തണുത്ത പാലും മൂന്നു ചെറിയ സ്പൂൺ തേനും പാകത്തിനു പഞ്ചസാരയും ചേർത്തു നന്നായി അടിക്കുക. ഇതു ഗ്ലാസുകളിലൊഴിച്ച് അൽപം വീതം പാഷൻഫ്രൂട്ട് പൾപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. (താജുന്നീസ യു.കെ., പള്ളിക്കര, കോഴിക്കോട്.)

3. അസ്ഫാ ഹാനി ജ്യൂസ്

ഒന്നരക്കപ്പ് പാൽ, രണ്ടു മാമ്പഴക്കഷണം, ഒരു റോബസ്റ്റ പഴം, ഒരു വലിയ സ്പൂൺ തേൻ, അഞ്ച് ഈന്തപ്പഴം, 50 മില്ലി കണ്ടൻസ്ഡ് മിൽക്ക്, നാല് ഐസ്ക്യൂബ് എന്നിവ മിക്സിയിൽ നന്നായി അടിക്കുക. ഉടൻ വിളമ്പാം. (ശ്രീവിദ്യ കെ.പി., എടകുളം, തൃശൂർ.)

4. ഇരുമ്പൻപുളി ജ്യൂസ്

നന്നായി പഴുത്ത രണ്ട് ഇരുമ്പൻപുളി, ഒരു കഷണം ഇഞ്ചി, ഒന്ന്–രണ്ട് ഏലയ്ക്ക, പാകത്തിനു പഞ്ചസാര, രണ്ടു ഗ്ലാസ് വെള്ളം എന്നിവ മിക്സിയിൽ നന്നായി അടിക്കുക. അരിച്ചെടുത്ത ശേഷം ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം. (സുചിത രമേശൻ, ഫറോക്ക്, കോഴിക്കോട്.)

5. അവക്കാഡോ–പഴം ജ്യൂസ്

നന്നായി പഴുത്ത ഇടത്തരം അവക്കാഡോ കുരുവും തൊലിയും കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ രണ്ടു പൂവൻപഴം അല്ലെങ്കിൽ പാളയൻകോടൻ പഴം, ഒരു ചെറിയ സ്പൂൺ ഇഞ്ചിനീര്, ഒരു ചെറിയ സ്പൂൺ നാരങ്ങാനീര്, രണ്ടു ഗ്ലാസ് തണുത്തവെള്ളം പാകത്തിനു തേൻ അല്ലെങ്കിൽ പഞ്ചസാര എന്നിവ ചേർത്തു മിക്സിയിൽ നന്നായി അടിച്ചെടുത്തു വിളമ്പാം. അരിക്കേണ്ട ആവശ്യമില്ല. (ലിസമ്മ ജോൺ, വട്ടക്കാരി വയൽ, വയനാട്.)

6. സിംപിൾ കൂളർ

രണ്ട് ഓറഞ്ച് തൊലി കളഞ്ഞ് ഒരു കപ്പ് വെള്ളം ചേർത്തടിക്കുക. ജ്യൂസ് അരിച്ചെടുത്ത ശേഷം ഒരു പാഷൻഫ്രൂട്ടിന്റെ പൾപ്പുമായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടു ചെറിയ സ്പൂൺ തേൻ ചേർത്തിളക്കി ഉപയോഗിക്കാം. (ഷെറി രാജഗോപാൽ, ചെക്കിക്കുളം, കണ്ണൂർ.)

7. ചാമ്പയ്ക്ക ജ്യൂസ്

നന്നായി പഴുത്ത പത്തു ചാമ്പയ്ക്ക ഞെട്ടും കുരുവും കളഞ്ഞു രണ്ടായി പിളർന്നു വയ്ക്കുക. ഇത് ഒരു വലിയ സ്പൂൺ പഞ്ചസാരയും അരക്കപ്പ് തണുത്ത വെള്ളവും ചേർത്തു മിക്സിയിൽ അടിക്കുക. ഇതിലേക്ക് അരക്കപ്പ് തണുത്ത പാൽ ചേർത്തു നന്നായി അടിച്ചു പതപ്പിച്ചു വിളമ്പാം. (വിമല ഗോപാലകൃഷ്ണൻ, തിരുവനന്തപുരം.)

8. ജക്കോമ

ആറ് പഴുത്ത വരിക്കച്ചക്കച്ചുള പൊടിയായി അരിയുക. ഇത് ഒരു മാമ്പഴവും ഒരു ക പ്പ് തേങ്ങാപ്പാലും ചേർത്തു മിക്സിയിൽ ന ന്നായി അടിക്കുക. രണ്ടു കപ്പ് തണുത്ത വെള്ളവും മൂന്നു വലിയ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി അടിച്ചു വിളമ്പാം. (സൈദ അബ്ദുൾ സലാം, മലപ്പുറം.)

9. ഞാവൽ–ഈന്തപ്പഴം ജ്യൂസ്

നന്നായി പഴുത്ത ഒരു കപ്പ് ഞാവൽപ്പഴവും 100 ഗ്രാം ഈന്തപ്പഴം കുരു കളഞ്ഞതും   അരക്കിലോ പഞ്ചസാരയും രണ്ടു ഗ്ലാസ് പാലും പാകത്തിനു വെള്ളവും ചേർത്തു മിക്സിയിൽ അടിക്കുക. അരിച്ച ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം. (സിന്ധു പ്രദീപ്, നെന്മാറ, പാലക്കാട്.)

10. ബദാം ജ്യൂസ്

ബദാം പരിപ്പ് കനം കുറച്ച് അരിയുക.  ഈ ന്തപ്പഴം കുരു കളഞ്ഞു മിക്സിയിൽ അടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ബദാമും േചർത്തു നന്നായി അടിക്കണം. അരക്കപ്പ് തൈരും ഒരു കപ്പ് പാലും കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്തു നന്നായി അടിച്ച് ഐസ്ക്യൂബ് ചേർത്തു വിളമ്പാം. (ആൻസി ജോൺ, ജ്യോതി നഗർ, തിരുവനന്തപുരം.)

11. കമ്പിളിനാരങ്ങ ജ്യൂസ്

ഒരു പഴുത്ത കമ്പിളിനാരങ്ങയുടെ അല്ലികൾ എടുത്ത് പാകത്തിനു വെള്ളവും നാ ലു വലിയ സ്പൂൺ പഞ്ചസാരയും ചേർത്ത് അടിക്കുക. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം രണ്ടു ചെറിയ സ്പൂൺ തേൻ ചേ ർത്തിളക്കി വിളമ്പാം. (ഗീതാഞ്ജലി എം. എസ്., തിരുവനന്തപുരം.)

12. കറ്റാർവാഴ ജ്യൂസ്

ഒരു തണ്ട് കറ്റാർവാഴയുടെ പൾപ്പെടുത്തു വയ്ക്കുക. ഇതിൽ രണ്ടു വലിയ സ്പൂൺ പഞ്ചസാര/തേൻ, ഒരു വലിയ സ്പൂൺ നാരങ്ങാനീര്, രണ്ടു വലിയ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക്, ഒരു റോസാപ്പൂവിതൾ, അര ചെറിയ സ്പൂൺ ഇഞ്ചിനീര്,  600 മില്ലി വെള്ളം എന്നിവ ചേർത്ത് അടിച്ച് അരിച്ചെടുക്കണം. അരമണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഉപയോഗിക്കാം. (തെൽമ രാജു, അർത്തുങ്കൽ, ആലപ്പുഴ.)