Monday 22 June 2020 04:34 PM IST : By സ്വന്തം ലേഖകൻ

ഉള്ളുകുളിർപ്പിക്കും തണ്ണിമത്തൻ, മധുരംകിനിയും മാമ്പഴം; ഇതാ രണ്ടു സോർബെ റെസിപ്പീസ്

sorbet

തണ്ണിമത്തൻ സോർബെ

1.തണ്ണിമത്തങ്ങ ജ്യൂസ് – ഒന്നരക്കപ്പ്

വെള്ളം – അരക്കപ്പ്

പഞ്ചസാര – അരക്കപ്പ്

പുതിനയില – നാല്

2..മുട്ടവെള്ള – ഒരു മുട്ടയുടേത്

3.പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു തിളപ്പിച്ചു വാങ്ങുക.

  • ചൂടാറിയശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കണം.

  • ഏകദേശം നാലു മണിക്കൂർ കഴിയുമ്പോൾ പുറത്തെടുക്കുക. തൊട്ടാൽ‌ പൊടിഞ്ഞു വരുന്ന പാകമാണ് ഇത്. പുറത്തെടുത്തു സ്പൂൺ കൊണ്ട് ഉടച്ച ശേഷം മിക്സിയിലാക്കി ഒന്നടിക്കുക. വീണ്ടും ഫ്രീസറിൽ വച്ചു നാലു മണിക്കൂർ ഫ്രീസ് ചെയ്യുക. രണ്ടു പ്രാവശ്യമെങ്കിലും ഇങ്ങനെ അടിക്കുകയും സെറ്റ് ചെയ്യുകയും വേണം.

  • ഏറ്റവും ഒടുവിലത്തെ തവണ അടിക്കുമ്പോൾ മുട്ടവെള്ളയും ചേർത്ത് അടിക്കുക ഫ്രീസറിൽ വച്ചു നാലുമണിക്കൂർ സെറ്റ് ചെയ്യുക.

  • സ്കൂപ്പർകൊണ്ടു ചെറിയ ബോളുകളാക്കി കോരി ഭംഗിയുള്ള പാത്രത്തിലാക്കി പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

കടപ്പാട്

രാജീവ് മേനോൻ

watermelon sorbet

മാങ്ങ സോർബെ

1.മാമ്പഴം മിക്സിയിൽ അരച്ചെടുത്തത് – ഒരു കപ്പ്

2.ജെലറ്റിൻ – ഒരു വലിയ സ്പൂൺ

തണുത്തവെള്ളം – രണ്ടു വലിയ സ്പൂൺ

3.ചൂടുവെള്ളം – അരക്കപ്പ്

4.നാരങ്ങാനീര് – അര വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • മാങ്ങ തയാറാക്കി വയ്ക്കുക.

  • ജെലറ്റിനിൽ തണുത്ത വെള്ളം തളിച്ചു മൃദുവാക്കിയശേഷം ചൂടുവെള്ളം ഒഴിച്ച് അലിയുന്നതു വരെ തുടരെ ഇളക്കുക.

  • അലിയിച്ചെടുത്ത ജെലറ്റിൻ മിശ്രിതം മാങ്ങ അരച്ചതിൽ ചേർക്കുക.

  • ഇതിലേക്കു നാരങ്ങാനീരും പഞ്ചസാരയും ചേർത്തു മിക്സിയിൽ നന്നായി അടിച്ചു യോജിപ്പിക്കണം.

  • ഫ്രീസറിൽ വച്ചു പകുതി സെറ്റാകുമ്പോൾ പുറത്തെടുത്തു വീണ്ടും അടിച്ചശേഷം തിരികെ ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.

  • ചെറിയ സ്കൂപ്പുകളാക്കി വിളമ്പാം.

കടപ്പാട്

അമ്മു മാത്യൂ

mango sorbet