Wednesday 08 April 2020 12:39 PM IST

'ഈ തണുപ്പിന് എന്തൊരു തണുപ്പ്'; വേനൽചൂടിൽ ദാഹശമനത്തിന് ആരോഗ്യദായകമായ നാട്ടുപാനീയങ്ങൾ ഇതാ...

Tency Jacob

Sub Editor

drinks

വേനൽക്കാലത്ത് ഇരട്ടി വെള്ളം കുടിക്കണമെന്നാണ് പറയാറ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാൽ ദേഹത്തിന്റെ ഊഷ്മാവ് കൂടും. ഇത് പല അസുഖങ്ങൾക്കും കാരണമാകും. സംഭാരവും നാരങ്ങ വെള്ളവും പലതരം ജ്യൂസുകളുമാണ് ഇന്നുള്ളവർ കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരുപാട് നാടൻ പാനീയങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യദായകവും ശരീരത്തിന് തണുപ്പ് കിട്ടുന്ന തുമായ നാട്ടുപാനീയങ്ങൾ. അതിലൊന്നാണ് മാങ്ങ സംഭാരം.

'ഉഷ്ണം ഉഷ്ണേന ശാന്തി' എന്നാണല്ലോ. മാങ്ങയ്‌ക്ക് നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള കഴിവുണ്ട്. നല്ല തെളി കഞ്ഞിവെള്ളത്തിൽ ഒരു നാട്ടു മാങ്ങയും 2 ചുവന്നുള്ളിയും ഒരു മൂന്ന് കാന്താരിമുളകും ചതച്ചിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിച്ചു നോക്കൂ. നല്ല അടിപൊളി മാങ്ങസംഭാരം റെഡി.

അതുപോലെ മോരു കൊണ്ടും സംഭാരം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. വെണ്ണ മാറ്റിയ മോര് ആയിരിക്കണം സംഭാരത്തിന് ഉപയോഗിക്കേണ്ടത്.മോരിൽ ഇരട്ടി വെള്ളം ഒഴിച്ച് രണ്ട് ചുവന്നുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ട് ഉപ്പും ചേർത്ത് ഇളക്കിയാൽ രസികൻ സംഭാരം ആയി. നാരകത്തില കീറിയിട്ടാൽ രുചി കൂടും. പ്രമേഹം, കൊളസ്ട്രോൾ ഉള്ളവർക്ക് പോലും യാതൊരു കുഴപ്പവുമുണ്ടാക്കില്ല ഇൗ സംഭാരം.

കൂവപ്പൊടി ഉപ്പോ പഞ്ചസാരയോ ചേർത്ത് തിളപ്പിച്ച് കൊച്ചുകുട്ടികൾക്കും വയസ്സായവർക്കും കൊടുക്കുന്നത് ക്ഷീണം മാറ്റാൻ ഉത്തമമാണ്. കഞ്ഞി വെള്ളത്തിൽ ഉപ്പു ചേർത്ത് കുടിച്ചാലും നല്ലതാണ്. ഉച്ച കഴിഞ്ഞാൽ ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കരുതെന്നുമുണ്ട്.

കൂജയിൽ വെള്ളമൊഴിച്ച് രാമച്ചമോ തുളസിയോ തലേന്ന് ഇട്ടുവയ്ക്കുക. പിറ്റേന്ന് ഈ വെള്ളം കുടിക്കുന്നത് വേനൽക്കാല അസുഖങ്ങളെ പടിക്ക് പുറത്തു നിർത്താൻ സഹായിക്കും. ബാർലിയും അയമോദകവും കൊത്തമ്പാലരിയും പതിമുഖവും ഒക്കെയിട്ട് തിളപ്പിച്ച വെള്ളങ്ങളും നല്ലതാണ്. ഒരേ ദാഹശമനികൾ സ്ഥിരം കുടിക്കരുത് എന്നാണ്.

കപ്പയും ചക്കയും പുഴുക്ക് കഴിച്ചാൽ ജീരകമോ ചുക്കോ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. തേങ്ങാപ്പാലും ചക്കരയും ഏലക്കയും ചേർത്ത് തിളപ്പിച്ച പാനീയം വളരെ രുചികരമാണ്.

മുത്താറി അരച്ചുകലക്കി ചക്കരയും ചേർത്തുണ്ടാക്കുന്ന വെള്ളം ഔഷധഗുണമുള്ള ഒന്നാണ്.

രാത്രിയിലെ ചൂടിന് അൽപം തണുപ്പ് കിട്ടാൻ വെറും നിലത്തു കിടന്നുറങ്ങുന്ന വരുണ്ട്. കാലത്ത് എഴുന്നേൽക്കുമ്പോൾ ദേഹം മുഴുവൻ വേദനയും നീർക്കെട്ടും. ഉലുവയും ജീരകവും വറുത്ത് അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിച്ചാൽ നീർക്കെട്ട് പമ്പകടക്കും. ക്ഷീണം മാറ്റാൻ കരിക്കിൻ വെള്ളത്തിൽ കുറച്ച് മലര് പൊടിച്ചിട്ട് കുടിക്കാൻ കൊടുത്താൽ മതി. ചൂടുകുരു പൊന്തിയാൽ നാളികേര വെള്ളം കുടിക്കുക. മാത്രമല്ല അതു ദേഹത്ത് പുരട്ടുകയും ചെയ്യുന്നത് നല്ലതാണ്.

വേനൽക്കാലം കശുമാങ്ങയുടെ കാലം കൂടിയാണല്ലോ. കശുമാങ്ങ പിഴിഞ്ഞെടുത്ത നീരിൽ കുറച്ച് കഞ്ഞി വെള്ളം ഒഴിച്ചു വയ്ക്കുക. കശുമാങ്ങക്കറ അടിഞ്ഞ ശേഷം തെളിഞ്ഞ നീരിൽ മധുരം ചേർത്താൽ നാട്ടു പാനീയമായി. ശുദ്ധമായ തേനിൽ വെള്ളം ചേർത്തു കുടിച്ചു നോക്കൂ. ദാഹം പെട്ടെന്ന് ശമിക്കും.

വേനൽക്കാലം ഉത്സവങ്ങളുടേയും പൂരങ്ങളുടേയും പെരുന്നാളുകളുടേയും കൂടിയായിരുന്നു. പണ്ട് അമ്പലത്തിൽ ഉത്സവത്തിന് പോയാൽ ചുക്കും കുരുമുളകും കാപ്പിപ്പൊടിയും ചേർത്ത് ഉണ്ടാക്കുന്ന ചുക്കുകാപ്പി കിട്ടുമായിരുന്നു. പിന്നെ ഒരു പാനീയം പാനകം ആണ്. ദേവന്മാർക്ക് കൂടി പ്രിയമായ അതിവിശേഷപ്പെട്ട പാനീയം.

ഇടങ്ങഴി വെള്ളത്തിൽ അരക്കിലോ ശർക്കര അലിയിക്കുക. മുകളിൽ തെളിഞ്ഞുവരുന്ന അഴുക്ക് നീക്കം ചെയ്ത ശേഷം 25 ഗ്രാം വീതം ചുക്ക്, ജീരകം, ഏലക്ക, കുരുമുളക് എന്നിവ ചതച്ച് ചേർത്ത് ഇത് മൺപാത്രത്തിലാക്കി തണുപ്പിച്ച് കുടിക്കാം. ശർക്കര ക്ക് പകരം കരിമ്പിൻ നീരും ഉപയോഗിക്കാം. ആറു മണിക്കൂറിനകം ഉപയോഗിച്ചു തീർക്കണം.

സാധാരണ മകരം കുംഭം മീനം മാസങ്ങളിൽ കഫദോഷം കൂടും. അതിനെ ശമിപ്പിക്കാൻ പാനകം വിശേഷമാണ്.ചക്കരയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ ജീരകവും തേങ്ങ ചിരകിയതും ചേർത്ത് തയ്യാറാക്കുന്ന ചക്കര വെള്ളവും വിശേഷപ്പെട്ട ഒരു പാനീയമാണ്. ആരോഗ്യവും ഉന്മേഷവും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പാനീയങ്ങൾ നിറവേറ്റിയിരുന്നത്.

അതുപോലെ അവല് വെള്ളവും നല്ലൊരു നാട്ടുപാനീയമാണ്. അവൽ വെള്ളത്തിലിട്ട് ശർക്കര ചേർത്താൽ അവലുവെള്ളമായി. രുചി കൂട്ടാൻ പഴവും ചുവന്നുള്ളിയും ഞരടി ചേർക്കും. മുകളിൽ തെളിഞ്ഞ വെള്ളം കുടിച്ച്‌ അടിയിലെ അവൽ കുതിർന്നത് വാരി തിന്നാൽ വിശപ്പും ദാഹവും ഒരുപോലെ പോകും. തണ്ണിമത്തന്റേ കാമ്പ് കോരിയെടുത്തു ഉടച്ചു പഞ്ചസാരയോ നാരങ്ങാനീരോ ചേർത്ത് കഴിച്ചാൽ രുചിയാണ്.

നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ അല്പം ഇഞ്ചിയും ചേർത്ത് അടിച്ചെടുത്താലും രുചിയാണ്. ദഹനത്തിനും നല്ലതാണ്.ഇങ്ങനെ എത്രയെത്ര നാട്ടു പാനീയങ്ങൾ. ഇതെല്ലാം കുടിച്ചും ഭക്ഷണം ക്രമീകരിച്ചുമൊക്കെയാണ് പഴമക്കാർ വേനൽക്കാലച്ചൂടിനെ കാറ്റുപോലെ പറത്തി കളഞ്ഞത്.