Wednesday 08 April 2020 05:03 PM IST : By വനിത പാചകം

തൊട്ടുകൂട്ടാന്‍ അൽപം അച്ചാർ

vazhuthananga achar

മീനും ചിക്കനും മുട്ടയും ഒന്നും ഇല്ലെങ്കിലും തൊട്ടുകൂട്ടാന്‍ അൽപം അച്ചാറും ഇത്തിരി തൈരും ഉണ്ടെങ്കിൽ നമുക്കു ചോറു രുചിയോടെ കഴിക്കാം. അങ്ങനെ തൊട്ടുകൂട്ടാനുള്ള അച്ചാർ തയാറാക്കി വയ്ക്കാൻ പറ്റിയ സമയം ആണിപ്പോൾ. തൊടിയിലുണ്ടാകുന്ന വഴുതനങ്ങ അധികം വന്നാലും, സാലഡ് ഉണ്ടാക്കാൻ വാങ്ങിയ കാരറ്റും സാലഡ് കുക്കുമ്പറും അധികം വന്നാലും അവ നമുക്ക് അച്ചാർ ആക്കി മാറ്റാം.


വഴുതനങ്ങ അച്ചാർ
1. വയലറ്റ് നിറത്തിലുള്ള ചെറിയ ഉണ്ട വഴുതനങ്ങ  –  അരക്കിലോ
2. മുളകുപൊടി – 100 ഗ്രാം
 കായംപൊടി – രണ്ടു ചെറിയ സ്പൂൺ
 ഉലുവാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
 ഉപ്പ് – പാകത്തിന്
3. നല്ലെണ്ണ – അരക്കപ്പ്
4. വിനാഗിരി – ഒരു കപ്പ്
 പഞ്ചസാര – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഇളം വഴുതനങ്ങ കഴുകി തുടച്ചുണക്കി വയ്ക്കണം.
∙ ഓരോ വഴുതനങ്ങയും നാലായി കീറുക. അറ്റം വിട്ടുപോകാതെ ശ്രദ്ധിക്കണം.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മസാല തയാറാക്കുക.
∙ ഈ മസാലയിൽ നിന്നു കുറച്ചെടുത്തു വഴുതനങ്ങയുടെ ഉള്ളിൽ നന്നായി പുരട്ടിപ്പിടിപ്പിക്കണം.
∙ നല്ലെണ്ണ ചൂടാക്കി ബാക്കിയുള്ള മസാല ചേർത്തു ചെറുതീയിൽ ചൂടാക്കിയ ശേഷം വഴുതനങ്ങ ചേർത്തു മുക്കാൽ വേവാകും വരെ വഴറ്റുക. ഇതിലേക്കു വിനാഗിരിയും പഞ്ചസാ‌രയും ചേർത്തിളക്കി ചൂടാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഗ്രേവി കൂടുതൽ വേണമെങ്കിൽ വിനാഗിരിക്കൊപ്പം അരക്കപ്പ് വെള്ളം ചേർക്കാം.
 
പച്ചക്കറി അച്ചാർ
1. കാരറ്റ് – അരക്കിലോ
2. സാലഡ് കുക്കുമ്പർ – അരക്കിലോ
3. പച്ചമുളക് – 100 ഗ്രാം
 ചുവന്നുള്ളി – കാൽ കിലോ
4. നല്ലെണ്ണ – കാൽ കപ്പ്
5. ഇഞ്ചി, വെളുത്തുള്ളി, വറ്റൽമുളക് എന്നിവ വിനാഗിരി ചേർത്തരച്ചത് – മൂന്നു വലിയ സ്പൂൺ
6. പഞ്ചസാര – കാൽ കപ്പ്
 ഉപ്പ് – പാകത്തിന്
 വിനാഗിരി – അരക്കപ്പ്

പാകം ചെയ്യുന്ന വിധം
∙ കാരറ്റ് തൊലി കളഞ്ഞു വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ചരിയുക.
∙ സാലഡ് കുക്കുമ്പർ തൊലി കളയാതെ വൃത്തിയാക്കി രണ്ടി‍ഞ്ചു നീളത്തിൽ കനം കുറച്ചരിയുക.
∙ പച്ചമുളകു വട്ടത്തിൽ അരിയണം.
∙ ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ വയ്ക്കുക.
∙ നല്ലെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം കാരറ്റും കുക്കുമ്പറും പച്ചമുളകും ചുവന്നുള്ളിയും ചേർത്തു വഴറ്റണം.
. ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മിനിറ്റ് തിളപ്പിക്കുക. വെള്ളരിക്കയിൽ നിന്നു വെള്ളമിറങ്ങും.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.