Saturday 13 July 2019 01:47 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം ഉറപ്പാക്കാൻ പതിവാക്കാം, പച്ചക്കറി- പയർ സാലഡ്!

food-1-saladd44

ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ ഒരു എളുപ്പവഴിയുണ്ട്. പലതരം പച്ചക്കറികൾ ഉൾപ്പെടുത്തിയ സാലഡ് പതിവ് ശീലമാക്കിയാൽ മതിയാകും. നാരുകളാലും പോഷകങ്ങളാലും സമൃദ്ധമാണു പലതരം പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന സാലഡ്. വൈറ്റമിൻ സിയുടെ സാന്നിധ്യത്താൽ സമ്പുഷ്ടമായ സാലഡ് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

പോഷകസമൃദ്ധം ; കാലറി കുറവ്

പല നിറങ്ങളിലുള്ള പച്ചക്കറികൾ ചേർന്ന സാലഡ് ഭക്ഷണം കഴിക്കാൻ തോന്നിക്കും. അതേസമയം നമ്മുെട വയർ പെട്ടെന്ന് നിറഞ്ഞതായും തോന്നും. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാൻ ആദ്യം സാലഡ് കഴിച്ചാൽ മതി.  പച്ചക്കറികളും പഴങ്ങളും വേവിച്ചോ ജ്യൂസാക്കിയോ കഴിക്കുമ്പോൾ അവയിലെ നാരുകളും പോഷകങ്ങളും കുറെയൊക്കെ നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ സാലഡ് രൂപത്തിൽ കഴിക്കുമ്പോൾ അവയിലെ നാരുകളും പോഷകങ്ങളും ഒട്ടും നഷ്ടപ്പെടുന്നില്ല. കാലറി കുറഞ്ഞ ഭക്ഷണമാണെന്നതിനാൽ അമിതവണ്ണമുള്ളവർക്കു യോജിച്ച ഭക്ഷണമാണിത്.  

കാൽസ്യം, പൊട്ടാസ്യം, നാരുകൾ ഇവയെല്ലാമടങ്ങിയ സാലഡ് ഗർഭിണികൾക്കു യോജിച്ച ലഘുഭക്ഷണമാണ്. ഗർഭകാലത്ത് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും അമിതവണ്ണം, മലബന്ധം  ഇവയുണ്ടാകുന്നത് ഒഴിവാക്കാനും സാലഡ് സഹായിക്കും.  

ഹൈപ്പർ ടെൻഷൻ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയുള്ളവർക്കും സാലഡ് ഉത്തമമാണ്. പ്രമേഹ േരാഗികൾ ഒരു തവി ചോറും  ബാക്കി സാലഡും കഴിച്ചാൽ വിശപ്പ് കെടുകയും പോഷപ്രദമായ ഭക്ഷണം ഉറപ്പാകുകയും ചെയ്യും. പ്രമേഹമുള്ളവർ  വിശക്കുമ്പോഴെല്ലാം സാലഡ് കഴിച്ചാൽ മതിയാകും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്കും സാലഡ് കഴിക്കുന്നത് നല്ലതാണ്. കാലറി കുറവായതിനാൽ സാലഡ് ഇഷ്ടം പോലെ കഴിക്കാം. ‍

എന്നാൽ എത്രയേറെ ഗുണങ്ങൾ ഉള്ളതാണെങ്കിലും കിഡ്നിസംബന്ധമായ അസുഖങ്ങൾ, പെപ്റ്റിക് അൾസർ, വയറിളക്കം തുടങ്ങിയവ ഉള്ളവർ സാലഡ് കഴിക്കാതിരിക്കുന്നതാണു നല്ലത്. കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ ശരീരത്തിൽ  പൊട്ടാസ്യം, സോഡിയം ഇവയുടെ അളവ് കൂടുതലായിരിക്കാം. ഈ അവസ്ഥയിൽ പൊട്ടാസ്യം ധാരാളമടങ്ങിയ സാലഡ് കഴിക്കുന്നത് ദോഷഫലമുണ്ടാക്കും. പെപ്റ്റിക് അൾസർ ഉള്ളവർക്ക് മൃദുവായ ഭക്ഷണങ്ങളാണു നല്ലത്. അതുകൊണ്ട് വേവിക്കാത്ത പച്ചക്കറികൾ കൊണ്ടു തയാറാക്കിയ സാലഡ് ഒഴിവാക്കണം.

പ്രോട്ടീൻ സമൃദ്ധമാക്കാം സാലഡ്

സാലഡിൽ പ്രോട്ടീന്റെ അളവ് കുറവാണെന്നു പരാതി പറയുന്നവരുണ്ട്. പ്രോട്ടീൻ വേണമെന്നുണ്ടെങ്കിൽ ചെറുപയർ മുളപ്പിച്ചത്, സോയ ചങ്സ് വേവിച്ചത് ഇവ ചേർക്കാം. നോൺ വെജ് ഇഷ്ടപ്പെടുന്നവർക്ക് ഹൈ പ്രോട്ടീൻ സാലഡ് വേണമെന്നുണ്ടെങ്കിൽ പുഴുങ്ങിയ മുട്ടയുടെ വെള്ള, ചിക്കൻ, ബീഫ് തുടങ്ങിയ മാംസം വേവിച്ചത് ഇവ ചേർത്താൽ മതി.  

സാലഡ് തയാറാക്കുമ്പോൾ വെറുതെ പച്ചക്കറികൾ അരിഞ്ഞിട്ട് ഉപ്പ് ചേർത്തു കഴിക്കുകയല്ല വേണ്ടത്. തൈര്, മോര്, നാരങ്ങാനീര് ഇവയിലേതെങ്കിലും സാലഡിനു മുകളിൽ ചേർക്കാം. ഇവ ചേർത്താൽ ദഹനം എളുപ്പമാകും. വീട്ടിലുണ്ടാക്കുന്ന വിനാഗിരിയും സാലഡ് ഡ്രസ്സിങ്ങിന് യോജിച്ചതാണ്. ഒലീവ് ഓയിൽ, റെഡ് വൈൻ, ഇവയും ഉപയോഗിക്കാറുണ്ട്.   മഷ്റൂം, സോയ ചങ്സ് ഇവയ്ക്കൊപ്പം തൈര് ചേർക്കുന്നത് നല്ലതാണ്.  ബിപി ഉള്ളവർ ഉപ്പ് ഒഴിവാക്കുന്നതാണു നല്ലത്. നേരത്തേ അരിഞ്ഞു വയ്ക്കുന്നതിനു പകരം കഴിക്കുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ അരിഞ്ഞാൽ പോഷകങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ചിലരിൽ ഗ്യാസ് ട്രബിൾ ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ അപ്പച്ചെമ്പിൽ വച്ച് അഞ്ച് മിനിറ്റ് ആവി കയറ്റിയ ശേഷം സാലഡാക്കിയാൽ മതി. പയർ വർഗങ്ങൾ മുളപ്പിച്ച് കഴിക്കാം. ഇങ്ങനെ ചെയ്താൽ ഗ്യാസ് ട്രബിൾ വലയ്ക്കില്ല.

വിവരങ്ങൾക്കു കടപ്പാട്: സുജേത ഏബ്രഹാം, റിട്ടയേഡ് ന്യൂട്രീഷനിസ്റ്റ്, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം

Tags:
  • Pachakam