Friday 05 February 2021 01:55 PM IST : By Vanitha Pachakam

വായിൽ കപ്പലോടിക്കും രുചിയിൽ തയാറാക്കാം ഫിഷ് ബേക്ക്!

bake

ഫിഷ് ബേക്ക്

1. ആവോലി - ഒരു കിലോയുള്ള ഒന്ന്

അരപ്പിന്

2. നാരങ്ങാനീര് - രണ്ടു നാരങ്ങയുടേത്

കുരുമുളകുപൊടി - ഒരു വലിയ സ്പൂൺ നിറയെ

ഉപ്പ് - ഒരു വലിയ സ്പൂൺ നിറയെ

മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ വടിച്ച്

മസാലയ്ക്ക്

3. എണ്ണ - 100 മില്ലി

4. സവാള - അരക്കിലോ, പൊടിയായി അരിഞ്ഞത്

പച്ചമുളക് - അഞ്ച്, പൊടിയായി അരിഞ്ഞത്

കറിവേപ്പില - കുറച്ച്

5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ

6. തക്കാളി - മൂന്നു -നാലു വലുത് , പൊടിയായി അരിഞ്ഞത്

മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ്

7. ഉപ്പ് - പാകത്തിന്

മുളകുപൊടി - അര ചെറിയ സ്പൂൺ

ഉലുവാപ്പൊടി - കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

8. ചീസ് - ഒരു ക്യൂബ്

പാകം ചെയ്യുന്ന വിധം

∙ മീൻ‌ വൃത്തിയാക്കി തൊലി നീക്കിയ ശേഷം മുഴുവനോടെ തന്നെ നന്നായി വൃത്തിയാക്കുക. ഗോതമ്പുപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വച്ച ശേഷം വീണ്ടും നന്നായി കഴുകിയെടുക്കണം. ഒരു കിച്ചൺ ടവ്വൽ കൊണ്ടു തുടച്ച് ഉണക്കിയ ശേഷം മീൻ വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം മീനിൽ പുരട്ടി രണ്ടോ മൂന്നോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ മസാല തയാറാക്കാൻ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. പച്ചമണം മാറുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റണം.

∙ എണ്ണ തെളിഞ്ഞു വരുമ്പോൾ തക്കാളിയും മല്ലിയിലയും ചേർത്തിളക്കി, ഏഴാമത്തെ ചേരുവയും ചേർത്തു വഴറ്റിയ ശേഷം വാങ്ങി ചീസും ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.

∙ ഒരു പരന്ന ഡിഷിൽ മസാലയുടെ നാലിലൊന്നു നിരത്തുക. ഇതിനു മുകളിൽ പുരട്ടി വച്ചിരിക്കുന്ന മീൻ വച്ച ശേഷം ബാക്കിയുള്ള മസാല, മീനിന്റെ മുകളിലും വശങ്ങളിലുമായി നിരത്തുക.

∙ അവ്നിൽ വച്ച് 45-60 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ബ്രൗൺ നിറമാകണം.

∙ പുറത്തെടുത്ത് ഒരു ചീസ് സ്ലൈസ് നീളത്തിലുള്ള കഷണങ്ങളായി മുറിച്ച് ഇതിനു മുകളിൽ ക്രിസ്ക്രോസായി നിരത്തിയ ശേഷം അഞ്ചു മിനിറ്റ് കൂടി അവ്നിൽ വയ്ക്കുക.

∙ ഉരുകിത്തുടങ്ങുമ്പോൾ പുറത്തെടുത്തു ഗാർലിക് ബ്രെഡിനൊപ്പം വിളമ്പാം.