Tuesday 08 June 2021 11:20 AM IST : By Vanitha Pachakam

മട്ടൺ കൊണ്ട് ഒരടിപൊളി സ്‌റ്റാർട്ടർ, ഷിക്കമ്പൂർ കബാബ്!

kebab

ഷിക്കമ്പൂർ കബാബ്

1. എണ്ണ – രണ്ടു ചെറിയ സ്പൂൺ

നെയ്യ് – നാലു ചെറിയ സ്പൂൺ

2. ഗരംമസാല മുഴുവനോടെ – ഒരു ചെറിയ സ്പൂൺ

കുരുമുളകുമണി – ഒരു ചെറിയ സ്പൂൺ

3. മട്ടൺ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കിയത് – അരക്കിലോ

ഇഞ്ചി–വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒരു ചെറിയ സ്പൂൺ

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. വെള്ളം – 200 മില്ലി

കടലപ്പരിപ്പ് ( രണ്ടുമണിക്കൂർ കുതിർത്തത്) – 75 ഗ്രാം

സ്റ്റഫിങ്ങിന്

6. കട്ടത്തൈര് (കെട്ടിത്തൂക്കി വെള്ളം കളഞ്ഞത്) – 50 ഗ്രാം

പുതിനയില – ഒരു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

സവാള വറുത്തത് – നാലു ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. നെയ്യ് – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙എണ്ണയും നെയ്യും ചുവടുകട്ടിയുള്ള ചീനച്ചട്ടിയിലാക്കി ഗരംമസാലയും കുരുമുളകും പൊട്ടിക്കുക.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി മട്ടണിൽ നിന്നു വെള്ളം ഇറങ്ങും വരെ വേവിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കി വെള്ളം ചേർത്ത് ഒരുമണിക്കൂർ ചെറു തീയിൽ വേവിക്കുക. ഇറച്ചി മൃദുവായ ശേഷം കുതിർത്ത കടലപ്പരിപ്പു ചേർക്കുക.

∙വീണ്ടും 30 മിനിറ്റ് വേവിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അരയ്ക്കുക.

∙ഇനി ആറാമത്തെ ചേരുവ യോജിപ്പിച്ചു സ്‌റ്റഫിങ് തയാറാക്കുക.

∙അരച്ച മിശ്രിതം 30 ഗ്രാം വീതമുള്ള ഉരുളകളാക്കുക.

∙ഒാരോ ബോളിലും സ്‌റ്റഫിങ് നിറച്ച് ഉരുട്ടുക. മെല്ലേ പരത്തി നെയ്യിൽ വറുക്കുക.

∙ചൂടോടെ വിളമ്പുക.