Tuesday 24 July 2018 03:28 PM IST : By സ്വന്തം ലേഖകൻ

നാവിൽ രുചിയുടെ മേളം; ഇതാ അങ്കമാലിക്കാരുടെ സ്വന്തം സ്‌പെഷ്യൽ മാങ്ങാ കറി!

angamali-special-manga-curry

അങ്കമാലിക്കാരുടെ പ്രിയ വിഭവമാണ് സ്‌പെഷ്യൽ മാങ്ങാക്കറി. ആഘോഷങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഒന്ന്. മറ്റു നാട്ടുകാരും ഇതൊന്ന് പരീക്ഷിച്ചുനോക്കൂ, അത്ര സ്വാദാണ് ഈ സ്‌പെഷ്യൽ മാങ്ങാ കറിയ്ക്ക്.

ആവശ്യമായ ചേരുവകൾ

പച്ച മാങ്ങാ - 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് )
ചെറിയുള്ളി -10 എണ്ണം
സവാള - 1 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
പച്ചമുളക് - 4 എണ്ണം നീളത്തിൽ അരിഞ്ഞത്
തേങ്ങാ പാൽ - ഒന്നാം പാൽ - 1/2 കപ്പ്
                       രണ്ടാം പാൽ - 3/4 കപ്പ്
വിനാഗിരി - 1-2 ടേബിൾസ്പൂൺ വരെ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
വെള്ളം - 1 കപ്പ്
കടുക്., ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി (താളിച്ചു ചേർക്കാൻ )

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ച സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട് പൊടികൾ ചേർത്ത് ഉപ്പും, വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. അല്പം വെള്ളം കൂടെ ചേർത്തിളക്കി, അടുപ്പത്തുവയ്ക്കാം. ചെറിയ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം. ശേഷം ഇതിലേക്ക് ഒന്നാംപാൽ ഒഴിക്കാം. തേങ്ങാ പാലൊഴിച്ചു തിള വന്നാൽ തീ ഓഫ് ചെയ്യാം. ശേഷം കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം. രുചികരമായ അങ്കമാലി സ്‌പെഷ്യൽ മാങ്ങാ കറി തയ്യാർ.

റെസിപ്പി: സ്നേഹ ധനുജ്