Friday 17 May 2019 04:12 PM IST : By സ്വന്തം ലേഖകൻ

കടുത്ത വേനൽചൂടിൽ കുഞ്ഞുങ്ങൾക്കായി സ്‌പെഷ്യൽ കുറുക്ക് (വിഡിയോ)

barley

കടുത്ത വേനൽചൂടിൽ നിന്നും ആശ്വാസമേകാൻ ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ബാർലി കുറുക്കി നൽകാം. അതുപോലെ ഇടയ്ക്കിടെ ബാർലി വെള്ളം കുടിയ്ക്കാൻ നൽകുകയും ചെയ്യാം. ബാർലിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്നു. ഒപ്പം ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു.

ബാർലി വെള്ളം ഉണ്ടാക്കുന്നതിനായി ചേരുവകൾ 

ബാർലി -1 ടേബിൾസ്പൂൺ 

വെള്ളം - 1 മുതൽ 2 കപ്പ് വരെ ആവാം 

പനം കൽക്കണ്ടം - 1 ടേബിൾസ്പൂൺ 

ഉണ്ടാക്കുന്ന വിധം 

ഒരു കുക്കറിലേക്കു കഴുക്കിയ ബാർലിയും വെള്ളവും ആവശ്യത്തിന് മധുരവും ചേർക്കുക. ഇനി കുക്കർ അടച്ചു ഇടത്തരം തീയിൽ 4 -5 വിസ്സിൽ വരുന്നത് വരെ വേവിക്കുക. ഗ്യാസ് ഓഫ് ചെയ്തു ചൂടറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ ബാർലിയും വേവിച്ച വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക. ബാർലി വെള്ളം തയ്യാർ. ഇടയ്ക്ക് കുട്ടികുൾക്ക് ഇത് കുടിക്കാൻ കൊടുക്കാം.

ബാർലി കൊണ്ട് കുറുക്ക് പൊടി ഉണ്ടാക്കുന്നതിനായി 

ബാർലി - 2 ടേബിൾസ്പൂൺ 

ഉണ്ടാക്കുന്ന വിധം 

ബാർലി നന്നായി കഴുകിയെടുത്തതിന് ശേഷം ഒരു പാനിൽ ആദ്യം ഉയർന്ന തീയിൽ 2 മിനിറ്റ് വറുക്കുക. ഇനി തീ ഇടത്തരം ആക്കി 4 - 5 മിനിറ്റ് വറുക്കുക. ബാർലിയിലെ ജലാംശം നന്നായി പോകണം. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം നന്നായി ചൂടാറാൻ അനുവദിക്കുക.

അതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ പൊടിച്ചുവയ്ക്കുന്ന പൊടി 2 മാസം വരെ ഉപയോഗിക്കാവുന്നതാണ്. ഇനി കുറുക്ക് ഉണ്ടാക്കാൻ ഒരു ടേബിൾസ്പൂൺ പൊടിയും 1 കപ്പ് വെള്ളവും ചേർത്ത് ഇടത്തരം തീയിൽ വച്ച് നന്നായി ഇളക്കുക. മധുരം വേണമെങ്കിൽ ചേർക്കാം. 5 -8 മിനുറ്റിൽ നന്നായി കട്ടിയായി വരുമ്പോൾ പഴച്ചാറുകളോ പച്ചക്കറി വേവിച്ചതോ ഉടച്ചത് ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം.