Saturday 16 June 2018 05:00 PM IST : By സ്വന്തം ലേഖകൻ

രുചിയിൽ കേമൻ ചെമ്മീന്‍ ഉണ്ടപ്പുട്ട്

chemmeen-undaputtu

വൈകുന്നേരം തയാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ചെമ്മീന്‍ ഉണ്ടപ്പുട്ട്. രുചി മാത്രമല്ല, ആരോഗ്യപ്രദം കൂടിയാണ് ഈ വിഭവം.

ആവശ്യമുള്ള ചേരുവകൾ

1) ചെമ്മീന്‍ വൃത്തിയാക്കിയത് - 1/2കിലോ
2) മഞ്ഞള്‍പൊടി- 1/2ടീസ്പൂൺ
3) മുളക്പൊടി- 1 ടീസ്പൂൺ
4) ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് -1 ടേബിൾ സ്പൂൺ
5) ഉപ്പ് - പാകത്തിന്
6) സവാള ചെറുതായരിഞ്ഞത് - 4 എണ്ണം
7) പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
8) വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
9) പെരിംജീരകപൊടി -1/2 ടീസ്പൂൺ
10) ഗരം മസാല പൊടി -1/2 ടീസ്പൂൺ
11) കറിവേപ്പില - ആവശ്യത്തിന്
12) മല്ലിയില - ആവശ്യത്തിന്
13) അരിപ്പൊടി - 2 കപ്പ്
14) തേങ്ങ ചിരകിയത് - ആവശ്യത്തിന്
15) വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചെമ്മീനിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ പുരട്ടി മുക്കാൽ വേവിൽ ഫ്രൈ ചെയ്തു ചൂടാറിയാൽ ഗ്രൈൻഡറിൽ ക്രഷ് ചെയ്യുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില വഴറ്റുക. നന്നായി വഴന്ന് വരുമ്പോള്‍ മഞ്ഞള്‍പൊടി, ഗരം മസാല പൊടി, പെരിംജീരകപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ചെമ്മീനും മല്ലിയിലയും ചേര്‍ത്ത് ഗ്യാസ് ഓഫ് ചെയ്യാം.

അരിപൊടിയും ഉപ്പും മിക്സ് ചെയ്യുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി മയത്തില്‍ കുഴച്ചെടുക്കുക. മാവ് നെല്ലിക്കാ വലിപ്പത്തിലുള്ള ഉരുളകളാക്കി കൈയിൽ വച്ച് പരത്തി നടുവില്‍ ചെമ്മീൻ മസാല വച്ച് ഉരുട്ടിയെടുക്കുക. ഈ ബോള്‍സ് തേങ്ങ ചിരവിയതില്‍ ഉരുട്ടിയെടുത്ത് ചൂടാക്കി വച്ചിരിക്കുന്ന സ്റ്റീമറിൽ 15 മിനിറ്റ് വേവിച്ചെടുക്കുക.

റെസിപ്പി: ജെസ്‌ന

unda-puttu