Saturday 21 April 2018 04:30 PM IST : By റഹന ഖലീൽ

ചക്ക കൊണ്ടുണ്ടാക്കാം ഐസ്ക്രീം, ലെസ്സി, പുഡ്ഡിങ്; ഇതാ ഈസി റെസിപ്പി

jack_fruit

കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന പഴമായി മാറിയതോടെ ചക്കയുടെ ഗ്ലാമർ കുറച്ചൊന്നുമല്ല കൂടിയത്. വൈറ്റമിൻ സിയും പൊട്ടാഷ്യവും പ്രോട്ടീനുമൊക്കെയുള്ള ചക്ക പോഷ കത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലില്ല.  ഈ കഥയൊക്കെ പറഞ്ഞാലും വീട്ടിലെ കുട്ടിക്കുറുമ്പൻമാര്‍ ചക്ക കഴിക്കണമെന്നില്ല. അവർക്കു തയാറാക്കി നൽകാം ചില ന്യൂജെൻ വഭവങ്ങൾ. ചൂടിനെ തോൽപിക്കാൻ തണുപ്പുള്ള മധുര വിഭവങ്ങൾ തന്നെ ആയിക്കോട്ടെ.  
പാചകക്കുറിപ്പുകൾക്ക് കടപ്പാട്: റഹന ഖലീൽ, മുംബൈ

ചക്ക ലെസ്സി

kkfrt2



1.    പഴുത്തചക്ക അരിഞ്ഞത് - ഒരു കപ്പ്
    തൈര് - ഒരു കപ്പ്
    തിളപ്പിച്ച് ചൂടാറിയ പാൽ – അരക്കപ്പ്
    പഞ്ചസാര - പാകത്തിന്
2.    ഐസ് ക്യൂബ് - പാകത്തിന്
തയാറാക്കുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി അടിക്കുക. ചില്ലു ഗ്ലാസിലൊഴിച്ച് ഐസ്ക്യൂബിട്ട് പഞ്ചസാര തൂവി അലങ്കരിച്ചു വിളമ്പാം. തൈരും പാലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചുപയോഗിക്കുകയും ആകാം.

ചക്ക ഐസ്ക്രീം

jkfrt1



1.    പഴുത്ത ചക്ക അരിഞ്ഞത് - ഒരു കപ്പ്
    പഞ്ചസാര – പാകത്തിന്
2.    മിൽക്ക് മെയ്ഡ് - അരക്കപ്പ്
    വിപ്പിങ് ക്രീം - മൂന്നു കപ്പ്
    പാൽ – അരക്കപ്പ്
3.    ഡ്രൈ ഫ്രൂട്ട്സ് - അരക്കപ്പ്


തയാറാക്കുന്ന വിധം


∙ ചക്കയും പഞ്ചസാരയും മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക.
∙  ചുവടുകട്ടിയുള്ള പാത്രം ചൂടാക്കി ചക്ക മിശ്രിതം ചേർത്ത് ചെറുതീയിൽ വരട്ടിയെടുക്കുക. ചൂടാറാനായി മാറ്റി വയ്ക്കുക.
∙ മിൽക് മെയ്ഡും വിപ്പിങ് ക്രീമും പാലും നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ചൂടാറിയ ചക്ക മിശ്രിതം കൂടി ചേർത്ത് യോജിപ്പിക്കുക. മിക്സിലാക്കി അടിച്ചെടുത്താലും മതി.
∙ ഇനി ഉണങ്ങിയ പഴങ്ങൾ കൂടി ചേർത്തിളക്കി ഒരു ടിന്നിലാക്കി ഫ്രീസറിൽ വച്ച് എട്ടു മണിക്കൂർ സെറ്റ് ചെയ്യുക.
∙ സ്കൂപ് ചെയ്തു വിളമ്പാം  

ചക്ക പുഡ്ഡിങ്

jkfrt3

1.    ചക്ക അരിഞ്ഞത്- ഒരു കപ്പ്
    തിളപ്പിച്ച് ചൂടാറിയ പാൽ - മൂന്നു കപ്പ്
2.    കൺഡൻസ്ഡ് മിൽക്ക് - അരക്കപ്പ്
    പീനട്ട് പൗഡർ - അരക്കപ്പ്
3.    പഞ്ചസാര - പാകത്തിന്
4.    ചൈനാഗ്രാസ് - 10 ഗ്രാം


തയാറാക്കുന്ന വിധം


∙ ചക്കയും പാലും മിക്സിയിലാക്കി അരച്ചെടുക്കുക.
∙ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പീനട്ട് പൗഡറും ചേർത്ത് വീണ്ടും അടിച്ചു മാറ്റി വയ്ക്കുക.
∙ ഒരു പാത്രത്തിൽ പഞ്ചസാരയും ചൈനഗ്രാസും അൽപം വെള്ളമൊഴിച്ച് ചൂടാക്കുക. തുടരെയിളക്കി പഞ്ചസാര അലിഞ്ഞു വരണം.
∙ അടിച്ചു മാറ്റി വച്ചിരിക്കുന്ന ചക്ക– പാൽ മിശ്രിതത്തിലേക്ക് ചൈനഗ്രാസ് മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കുക. ഒരു ബൗളിലേക്കു പകർത്തി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.