Tuesday 27 March 2018 03:55 PM IST : By ലക്ഷ്മി അജിത്, അബുദാബി

ഗോന്ദ്ഗം ലഡ്ഡു

laddu-2

മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ  പങ്കു വയ്ക്കുന്നു. ഇത്തവണ ‍ഗോന്ദ്ഗം ലഡ്ഡു. തയാറാക്കിയത് അബുദാബി മലയാളി ലക്ഷ്മി അജിത്...

ഗോന്ദ്ഗം ലഡ്ഡു ചേരുവകള്‍

1.    നെയ്യ്  - 300 ഗ്രാം
2.    ബദാം  - 100 ഗ്രാം
    കശുവണ്ടിപ്പരിപ്പ്  - 50 ഗ്രാം
    ഹെയ്സല്‍ നട്ട്  - 50 ഗ്രാം
3.    എഡിബിള്‍ ഗം  (ഗോന്ദ് ഗം) - 100 ഗ്രാം
4.    ഗോതമ്പുപൊടി - 100 ഗ്രാം
5.    തേങ്ങ ചുരണ്ടി അവ്നിൽ വച്ചു വെള്ളം വലിയിച്ചത്     - 50 ഗ്രാം
6.    ശര്‍ക്കര പൊടിച്ചത് - 100 ഗ്രാം
    ഏലയ്ക്ക പൊടിച്ചത് - ഒരു ചെറിയ സ്പൂൺ


പാകം ചെയ്യുന്ന വിധം


∙ ഒരു വലിയ പാനില്‍ അൽപം നെയ്യൊഴിച്ചു ബദാമും അണ്ടിപ്പരിപ്പും ഹെയ്സല്‍ നട്ടും വെവ്വേറെ വറുത്തു കോരുക. ഇതു മിക്സിയിലാക്കി തരുതരുപ്പായി പൊടിച്ചെടുത്തു മാറ്റി വയ്ക്കുക.
∙ ഇതേ പാനിൽ ബാക്കി നെയ്യൊഴിച്ചു ഗോന്ദ് ഗം കുറേശ്ശയായി വറുത്തു കോരുക. ഇതും മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വയ്ക്കണം.
∙ ഈ പാനിലേക്കു ഗോതമ്പുപൊടി ചേർത്തു നന്നായി വറുത്തെടുത്തു മാറ്റി വയ്ക്കുക.
∙ ഇതേ പാനിൽ പൊടിച്ചു വച്ച ബദാമും അണ്ടിപ്പരിപ്പും ഹെയ്സല്‍ നട്ടും ചേർത്തിളക്കിയ ശേഷം തേങ്ങ ചേർത്തിളക്കുക.
∙    തേങ്ങാപ്പൊടിക്കു പകരം കൊപ്ര ചെറുതായി നുറുക്കിയെടുത്തു മിക്‌സിയില്‍ പൊടിച്ചെടുത്തതോ തേങ്ങ ചുരണ്ടിയതു വറുത്തു പൊടിച്ചതോ ചേർക്കാം.
∙ ഇതിലേക്കു ഗോന്ദ് ഗം പൊടിച്ചതും ഗോതമ്പുപൊടിയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
∙ ഇനി ശര്‍ക്കര പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും കൂടി ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ നിന്നു വാങ്ങുക.
∙ കൈയില്‍ അൽപം നെയ്യ് പുരട്ടി, ചെറുചൂടുള്ള മിശ്രിതം അൽപാൽപം വീതമെടുത്തു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടി എടുക്കുക.
∙ പാത്രത്തിൽ നിരത്തി അലങ്കരിച്ചു വിളമ്പാം.