Wednesday 23 May 2018 03:44 PM IST : By സ്വന്തം ലേഖകൻ

ഉണ്ണിയപ്പമല്ല, ഇത് കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം അഥവാ പഞ്ചാരയപ്പം (വിഡിയോ)

kannorappam

കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകൾ ഉണ്ട് ഈ അപ്പത്തിന്. സാധാരണ ഉണ്ണിയപ്പത്തിൽ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം. ടേസ്റ്റ് ആണെങ്കിൽ പിന്നെ പറയണ്ട, അത്രക്കും സൂപ്പർ ആണ്. കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

ചേരുവകൾ


പച്ചരി - 1. 5 ഗ്ലാസ്
മൈദാ - 4 ടേബിൾ സ്പൂൺ
ചോറ് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 6-7 ടേബിൾ സ്പൂൺ വരെ
ഉപ്പ് - ഒരു നുള്ള്
ബേക്കിങ് സോഡാ - 1/4 ടീസ്പൂൺ
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
വെള്ളം - 1/2 കപ്പ്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചരി നാലു മണിക്കൂർ കുതിർത്തുവച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്സി ജാറിൽ പച്ചരിയും  ചോറും 1/4 കപ്പ് വെള്ളം ചേർത്ത് ചെറിയ തരികൾ നിൽക്കുന്ന തരത്തിൽ അരച്ചെടുക്കുക, ഇതിലേക്ക് മൈദയും, പഞ്ചസാരയും ചേർത്ത് അല്പം വെള്ളം കൂടെ ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം, ഈ മാവ് എട്ടു മണിക്കൂർ മാറ്റിവയ്ക്കുക, എട്ടു മണിക്കൂറിനു ശേഷം മാവിൽ ഉപ്പ്, ബേക്കിങ്  സോഡാ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം.

ഒരു വശം വെളുത്തിട്ടും മറുഭാഗം ബ്രൗൺ നിറത്തിലുമാണ് ഈ അപ്പം. നിറ വ്യത്യാസം വേണ്ടെങ്കിൽ ഇരുവശവും ഒരേ നിറത്തിൽ ആക്കിയെടുക്കാം, അല്ലെങ്കിൽ മുകൾ ഭാഗം, അല്ലെങ്കിൽ അല്പം ഉയർന്നുനിൽക്കുന്ന ഭാഗം ബ്രൗൺ കളർ ആവാതെ അപ്പം ഉണ്ടാക്കി എടുക്കാം.