Saturday 07 July 2018 02:24 PM IST : By സ്വന്തം ലേഖകൻ

മഹേഷ് ഭാവന സൗമ്യയ്ക്ക് കൊടുത്ത അതേ കുമ്പിളപ്പം, തയാറാക്കാം എളുപ്പത്തിൽ!

kumbilappam

മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ മഹേഷ് ഭാവന അനുശ്രീയുടെ സൗമ്യയ്ക്ക് പ്രണയാതുരമായി നൽകുന്ന വിശേഷാൽ സമ്മാനം രുചികരമായ നല്ല തനിനാടൻ കുമ്പിളപ്പമാണ്. ആ സീൻ കണ്ട് ആരുടെ നാവിലാണ് വെള്ളമൂറാത്തത്. മലയാളിയുടെ നാടൻ രുചിയനുഭവങ്ങളിലെ പ്രിയ വിഭവമാണ് കുമ്പിളപ്പം അഥവാ തെരളി. വയണയിലയപ്പം തുടങ്ങി പല പേരുകളിലറിയപ്പെടുന്ന ഈ രുചിയേറും പലഹാരം വൈകുന്നേരങ്ങളിൽ ചായയോടൊപ്പവും പ്രഭാത ഭക്ഷണമായും ഉപയോഗിക്കാം. ശർക്കരയും തേങ്ങയുമൊക്കെച്ചേർത്ത് സ്വാദിഷ്ടമായ തെരളിയുണ്ടാക്കുന്ന വിധം ചുവടെ;

ആവശ്യമായ ചേരുവകൾ  

വറുത്ത അരിപ്പൊടി- രണ്ടു കപ്പ്
ചീകിയ ശര്‍ക്കര - ഒന്നര കപ്പ്
ഞാലിപൂവന്‍ പഴം- മൂന്നോ നാലോ
തേങ്ങ ചിരവിയത്- അര കപ്പ്
ഏലക്ക പൊടിച്ചത്- ഒരു ടി സ്പൂണ്‍
ജീരകം പൊടിച്ചത്- അര ടി സ്പൂണ്‍
വയണയിലയും ഈർക്കിലും ആവശ്യത്തിന്

തയാറാക്കുന്ന വിധം

ശര്‍ക്കര വെള്ളം ഒഴിച്ച് തിളയ്ക്കാത്ത പരുവത്തിൽ ചെറുതായി ചൂടാക്കി അലിയിച്ചെടുക്കുക. ശേഷം നന്നായി അരിക്കുക. അരിപ്പൊടിയും ചെറുതായി ചൂടാക്കുക. അരിപ്പൊടി, ജീരകം പൊടിച്ചത്, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശര്‍ക്കരപ്പാനി എന്നിവ ചേര്‍ത്ത് പരുവത്തില്‍ കുഴക്കുക. അതായത് ചപ്പാത്തി മാവിനെക്കാള്‍ അല്പം കൂടി അയവിൽ. ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാക്കി കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി വയണയില കുമ്പിള്‍ കുത്തി അതില്‍ നിറയ്ക്കുക. ഈര്‍ക്കിൽ കൊണ്ടു കുത്തി ഇല ഉറപ്പിക്കുക. ശേഷം പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.

kumbilappam1