Friday 23 October 2020 11:39 AM IST : By രമ്യ നായർ

പനിക്കും ചുമയ്ക്കും ജലദോഷത്തിനും ശമനം; നാലുമണി പലഹാരമായി പനിക്കൂര്‍ക്ക ബജി (വിഡിയോ)

panikoorkka-baji.jpg.image.845.440

മഹാമാരിയുടെ കാലത്ത് പനിക്കും ചുമയ്ക്കും ജലദോഷത്തിനും മറ്റും പരിഹാരമായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്കയുടെ ഇല. ഒരു പലഹാരമായി കുട്ടികള്‍ പോലും അറിയാതെ അവര്‍ക്കു നല്‍കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് പനിക്കൂര്‍ക്ക ബജി. കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതാണു പനിക്കൂര്‍ക്കയുടെ ഇല. ഏറെ ഔഷധയോഗ്യമായ പനിക്കൂര്‍ക്കയുടെ ഇലയാണ് നമ്മള്‍ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇലയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ നിയാസിന്‍, തൈമോള്‍, ജീവകങ്ങള്‍ എന്നിവയും അടങ്ങിയിരിക്കുന്നു്. പനിക്കൂര്‍ക്ക ശരീരത്തിന്റെ രക്തചംക്രമണം സുഗമമായി നടക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും സഹായിക്കും.

ആവശ്യമുള്ള സാധനങ്ങള്‍

പനിക്കൂര്‍ക്ക ഇല - പത്തെണ്ണം

കടലമാവ് - മൂന്ന് ടേബിള്‍ സ്പൂണ്‍

തണ്ടോടു കൂടി അടര്‍ത്തിയെടുത്ത പനിക്കൂര്‍ക്കയുടെ ഇല കഴുകി വൃത്തിയാക്കി തുടച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടീ സ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞൾപ്പൊടി, കാല്‍ ടീ സ്പൂണ്‍ കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കട്ടയില്ലാതെ പേസ്റ്റ് രൂപത്തില്‍ കുഴച്ചെടുക്കുക. 

തുടര്‍ന്ന് ഒരു പാന്‍ അടുപ്പത്ത് വച്ച് എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ ഇലയും കടലമാവിന്റെ ബാറ്ററില്‍ മുക്കി ഇട്ട് നന്നായി വറുത്ത് കോരുക. മീഡിയം ഫ്‌ളെയിമില്‍ വേണം ബജി വറുത്തെടുക്കാന്‍. തുടര്‍ന്ന് സോസിനും ചട്‌നിക്കുമൊപ്പം വിളമ്പാം.

Tags:
  • Pachakam