Tuesday 03 July 2018 05:01 PM IST : By സ്വന്തം ലേഖകൻ

നെയ്യിൽ മൊരിഞ്ഞ ദോശയ്‌ക്കൊപ്പം ഇതാ തകർപ്പൻ തക്കാളി ചമ്മന്തി! (വിഡിയോ)

chammanthi1

ഹോട്ടലിൽ കിട്ടുന്ന തക്കാളി ചമ്മന്തി അതേ രുചിയോടെ വീട്ടിലും ഉണ്ടാക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ മികച്ച കോമ്പിനേഷനാണ് ഇത്.

ചേരുവകൾ

തക്കാളി അരിഞ്ഞത് – 5
സവാള – 1 വലുത്
പച്ചമുളക് - 2
മഞ്ഞൾ പൊടി – ¼ ടി സ്പൂൺ
മിളകുപൊടി – ½ ടി സ്പൂൺ
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് കടുക്
ആവശ്യത്തിന് കറിവേപ്പില
ആവശ്യത്തിന് ഓയിൽ

ഉണ്ടാക്കുന്ന വിധം

തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാം കൂടി ഒന്ന് മൂത്തു വന്നാൽ മാത്രം മതി. തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് ക്രഷ് ചെയ്തെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദോശയ്ക്കും ഇഡ്ഡലിയ്‌ക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ തക്കാളി ചമ്മന്തി റെഡി.

റെസിപ്പി: മിനു അഷീജ്