Monday 16 July 2018 05:41 PM IST : By സ്വന്തം ലേഖകൻ

ഈ കർക്കടകത്തിന് കയ്പ്പില്ലാതെ സ്വാദിഷ്ടമായ ഉലുവ കഞ്ഞി തയാറാക്കാം! (വിഡിയോ)

karkkidakanji

കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മുടെ നാട്ടിൽ എല്ലാവരും പഴയകാലത്തു ഉണ്ടാക്കുന്ന കഞ്ഞിയാണ് കർക്കടക കഞ്ഞി. ഇത് പ്രസവാനന്തര ശുശ്രുഷയുടെ ഭാഗമായും കഴിക്കാറുണ്ട്. ഉലുവയ്ക്ക് ഇത്തിരി കയ്പുള്ളത് കൊണ്ട് ചിലർക്ക് ഇത് തീരെ ഇഷ്ടമല്ല. എന്നാൽ നിങ്ങൾ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ... ഏഴല്ല, പതിനാലു ദിവസവും ഈ കർക്കടക കഞ്ഞി കുടിക്കും, ഉറപ്പ്!

ചേരുവകൾ

കുതിർത്തു വച്ച ഉലുവ – ¼ കപ്പ്
ഉണക്കലരി – 1 കപ്പ്
വെല്ലം – 250 ഗ്രാം ഉരുക്കിയത്
തേങ്ങാപാൽ – 1 ¼ കപ്പ്
ഒരു നുള്ള് ഉപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി ഒരു കുക്കർ എടുത്ത് കുതിർത്തു വച്ച ഉലുവ കുറച്ചു വെള്ളം ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കാം. ഒരു വിസിലിനു ശേഷം കുക്കറിന്റെ അടപ്പ് തുറന്ന് അതിലേക്ക് ഉണക്കലരിയും വേവാൻ ആവശ്യമായ വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്നതുവരെ ഒന്നുകൂടി വേവിക്കുക. ഉണക്കലരിയും ഉലുവയും വെന്തതിനുശേഷം അതിലേക്ക് ഉരുക്കിയ വെല്ലം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. തുടർച്ചയായി ഇളക്കികൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ച് കുറുകി വരുമ്പോൾ എടുത്തുവച്ച തേങ്ങാപാൽ ഒഴിച്ചു നന്നായി ഇളക്കുക. അവസാനമായി ഒരു നുള്ള് ഉപ്പ് ചേർത്ത് കഞ്ഞി തിളച്ചതിനു ശേഷം തീ അണക്കുക. രുചികരവും ആരോഗ്യപ്രദവുമായ ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി ചൂടോടെ കഴിക്കാം.

റെസിപ്പി: മിനു അഷീജ്