Wednesday 18 November 2020 04:46 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ വെജിറ്റബിൾ കറി!

veg

വെജിറ്റബിൾ കറി

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ‌

നെയ്യ് – രണ്ടു വലിയ സ്പൂൺ

2.കറുവാപ്പട്ട – ഒരു കഷണം

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – ആറ്

3.ഇഞ്ചി – ഒരു കഷണം, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി – ആറ് അല്ലി, ചെറുതായി അരിഞ്ഞത്

4.സവാള – ഒരു വലുത്, കനം കുറച്ചു ചതുരക്കഷണങ്ങളാക്കിയത്

പച്ചമുളക് – നാല്, ചെറുതായി അരിഞ്ഞത്

5.കാരറ്റ് – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

ബീൻസ് ചെറുതായി അരിഞ്ഞത് – കാൽ കപ്പ്

കോളീഫ്ളവർ ചെറുതായി അരിഞ്ഞത് – കാൽ കപ്പ്

ഗ്രീൻപീസ് – കാൽ കപ്പ്

6.ഉപ്പ് – പാകത്തിന്

7.തേങ്ങ – ഒരു മുറി, ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തത്

8.മൈദ – ഒരു വലിയ സ്പൂൺ

9.കുരുമുളകു ചതച്ചത് – അര വലിയ സ്പൂൺ

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണയും നെയ്യും ചൂടാക്കി ഗരംമസാലകൾ ചേർത്തു മൂപ്പിക്കുക. ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റിയശേഷം സവാളയും പച്ചമുളകും ചേർത്തു വഴറ്റുക.

  • ഇളം ഗോൾഡൻ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

  • ഇതിൽ പാകത്തിനുപ്പും തേങ്ങയുടെ രണ്ടാമത്തെ പാലും ചേർത്ത് അടച്ചു വച്ചു വേവിക്കുക.

  • കഷണങ്ങൾ വെന്തശേഷം ഒന്നാം പാൽ ചേർത്തിളക്കണം. മൈദ അല്പം വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി കുറുകി വരുമ്പോൾ കുരുമുളകുപൊടിച്ചതും കറിവോപ്പിലയും ചേർത്തു വാങ്ങുക.

കടപ്പാട്

വൽസാ ഫിലിപ്പ്