ADVERTISEMENT

മൂന്നു നേരവും പീത്‌സയും ബർഗറും ന്യൂഡിൽസും കിട്ടിയാൽ കുട്ടികൾക്കു സന്തോഷമാകും. ഇത്തരം ഭക്ഷണശീലങ്ങൾ വട്ടം ചുറ്റിക്കുന്നതു മാതാപിതാക്കളെയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കിയേ മതിയാകൂ. കുട്ടിക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെയാണ് ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കേണ്ടത്. മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം. 

പ്രഭാതഭക്ഷണം തന്നെ ലഞ്ചായി നൽകുന്നതിൽ പ്രശ്നമുണ്ടോ? 

ADVERTISEMENT

ഇങ്ങനെ നൽകുന്നതു പെട്ടെന്നു കേടാകാത്ത വിഭവങ്ങളാകാൻ ശ്രദ്ധിക്കണം. തേങ്ങാച്ചമ്മന്തി പോലെയുള്ളവ ചൂടു കാരണം ഉച്ചയാകുമ്പോഴേക്കും കേടാകാം. രാവിലെ കഴിച്ച വിഭവം ഉച്ചയ്ക്കും കഴിച്ചാൽ കുട്ടിക്കു മടുപ്പു തോന്നാം. കാലറി കൂടുതൽ വേണമെന്നതും കണക്കിലെടുക്കണം. സമയക്കുറവാണു പ്രശ്നമെങ്കിൽ വൺപോട്ട് വിഭവങ്ങൾ തയാറാക്കി നൽകാം. വെജിറ്റബിൾ ബിരിയാണി പോലെ റൈസിനൊപ്പം പയർവർഗങ്ങൾ,  പച്ചക്കറികൾ ഇവ ചേർത്ത വൺ പോട്ട്  വിഭവങ്ങൾ കുക്കറിൽ വേവിച്ചെടുക്കുക. ചിക്കനും ചേർക്കാം. 

റാഡിഷ് റൈസ്, ടുമാറ്റോ റൈസ് ഇവ പയർവർഗങ്ങളും പച്ചക്കറികളും കൂടുതൽ ചേർത്തു തയാറാക്കി ലഞ്ചായി നൽകാം. ഒപ്പം തൈരു ചേർത്ത സാലഡും ഉൾപ്പെടുത്തണം. ടുമാറ്റോ റൈസിൽ തക്കാളിക്കൊപ്പം പടവലങ്ങ, വാഴപ്പിണ്ടി, വാഴക്കൂമ്പ് ഇവ നുറുക്കി അരിഞ്ഞു ചേർത്താൽ രുചിവ്യത്യാസമുണ്ടാകില്ല. ഇത്തരം റൈസ് പാകം ചെയ്യാൻ കുറഞ്ഞ സമയമേ വേണ്ടൂ.  തലേദിവസം പച്ചക്കറികൾ അ രിഞ്ഞു ഫ്രിജിലെടുത്തു വച്ചാൽ തയാറെടുപ്പിനുള്ള സമയവും കുറയ്ക്കാം.

ADVERTISEMENT

ഏതു തരം പാത്രങ്ങളാണു ലഞ്ച് ബോക്സായി ഉപയോഗിക്കാൻ നല്ലത് ? 

സ്റ്റെയിൻലസ് സ്റ്റീലാണ് ഉത്തമം. സെറാമിക്, ഗ്ലാസ് പാത്രങ്ങൾ നല്ലതാണെങ്കിലും പെട്ടെന്നു പൊട്ടാനിടയുണ്ട്. അഴുക്ക് കുടുങ്ങാത്തതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ പാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. െചറിയ കുട്ടികളാണെങ്കിൽ തുറക്കാൻ എളുപ്പമുള്ളതും എന്നാൽ തുറന്നു പോകാത്തതുമായ തരം പാത്രം വേണം. 

ADVERTISEMENT

പല കള്ളികളിലായി ഭക്ഷണം നൽകാവുന്ന ബെന്റോ ലഞ്ച് ബോക്സ് വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതരം വിഭവങ്ങൾ നൽകിയാൽ കുട്ടികൾ കൗതുകത്തോടെ കഴിക്കും. 

വൈകുന്നേരം ക്ഷീണം മാറ്റാൻ എന്തു വിഭവങ്ങളാണു നൽകുക ?

സ്കൂൾ കഴിഞ്ഞു തിരികെയെത്തുമ്പോൾ  എണ്ണയിൽ വറുത്തവയും മധുരപലഹാരങ്ങളും നൽകരുത്. ഭാവിയിൽ അതു ശീലമായി മാറാം.

പ്രഭാതഭക്ഷണമുണ്ടാക്കിയ ശേഷം ബാക്കി വന്ന മാവ് കൊണ്ടു ദോശയുണ്ടാക്കി അതിനുള്ളിൽ ചീസ്, പച്ചക്കറികൾ ഇവ അരിഞ്ഞതു ചേർത്ത് റോൾ പോലെയുണ്ടാക്കാം. പച്ചക്കറികൾ ചേർത്തു പീത്‌സ പോലെ ദോശയുണ്ടാക്കാം. തൈര് ഇഡ്ഡലി ഉണ്ടാക്കാം. മീനും പുട്ടും ചേർത്ത് ഉപ്പുമാവ് പോലെയുള്ള വിഭവങ്ങൾ തയാറാക്കി പുട്ടിനെ കൂടുതൽ രുചികരമാക്കാം.   

സുഖിയന്റെ ഉള്ളിൽ വയ്ക്കുന്ന ചെറുപയർ വിളയിച്ചത് ഫില്ലിങ് ആക്കി കൊഴുക്കട്ടയുണ്ടാക്കാം. ശർക്കരയുടെ അളവ് കുറച്ച് ഈന്തപ്പഴം പേസ്റ്റ്, പഴങ്ങൾ, ഏലയ്ക്ക ഇവ േചർക്കാം. സമൂസയുടെ അതേ ഫില്ലിങ് വച്ചും കൊഴുക്കട്ട ആവിയിലുണ്ടാക്കാം. 

വെജിറ്റേറിയൻ രീതി പിന്തുടരുന്ന കുട്ടികളുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?

പ്രധാന ഭക്ഷണത്തിൽ ധാന്യങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവ ചേർക്കണം. അപ്പം– കടല, പുട്ട്– ചെറുപയർ, ദോശ– സാമ്പാർ ഇത്തരത്തിൽ സമീകൃതമായ ഭക്ഷണം ശീലിക്കണം.‌

ദോശയിൽ ധാന്യമായി അരിയും പയർവർഗമായി ഉഴുന്നുമുണ്ട്. എന്നാലും പ്രോട്ടീൻ അളവ് കുറവാണ്. പലതരം ചെറുധാന്യങ്ങൾ ചേർത്തു മില്ലറ്റ് ദോശയാക്കാം. ചെറുപയർ, സാമ്പാർ പരിപ്പ്, േഗാതമ്പോ മൂന്നോ നാലോ തരം ധാന്യങ്ങളോ ചേർത്തു ദോശയുണ്ടാക്കാം. ഇങ്ങനെ ചെയ്താൽ പ്രോട്ടീൻ ഗുണമേറും. ദോശ മാവില്‍ മുരിങ്ങയില, ചീര, മത്തനില ഇവ േചർക്കാം. െചറുപയർ, കടല, ഉലുവ തുടങ്ങിയവ വീട്ടിൽത്തന്നെ മുളപ്പിച്ച് മൈക്രോഗ്രീൻസ് ഫ്രഷായി പറിച്ചെടുത്തു ചേർത്താൽ വൈറ്റമിൻ സി, എ, അയൺ തുടങ്ങിയവയെല്ലാം കൂടുതൽ അളവിലുണ്ടാകും. 

ദോശയ്ക്കൊപ്പം സാമ്പാർ ചേരുമ്പോൾ സമ്പൂർണഭക്ഷണമാകും. ചട്നിയാണ് ഇഷ്ടമെങ്കിൽ പൊട്ടുകടല കുതിർത്തു വച്ച ശേഷം അതു തേങ്ങാച്ചമന്തിയിൽ അരച്ചു േചർക്കാം. തൈരു ചേർക്കാം. ടുമാറ്റോ ചട്നി, പുതിന ചട്നി, മല്ലിയില ചട്നി ഇവ തയാറാക്കാം. ഒപ്പം പഴങ്ങളും ഒരു ഗ്ലാസ് പാലും കൂടി ഉൾപ്പെടുത്താം. പാൽ ഇഷ്ടമില്ലെങ്കിൽ ദോശയിൽ ചീസ് ചേർക്കാം.  

വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവരിൽ ബി 12 അപര്യാപ്തതയുണ്ടാകാം. ഇവർക്കു ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ സപ്ലിമെന്റ് കഴിക്കേണ്ടി വരും.

കടപ്പാട്: മധുമിത രാജേന്ദ്രപ്രസാദ്,  ഡയറ്റീഷൻ & റിസർച്ച് കോർഡിനേറ്റർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെന്റർ, തൃശൂർ. ഡോ. സിന്ധു ടി. ജി.  അഡീഷനൽ പ്രഫസർ ഡിപ്പാർട്മെന്റ് ഒാഫ് പീഡിയാട്രിക്സ്, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോഴിക്കോട്

Nutritious Food Options for Kids:

Ensuring children receive nutritious meals is crucial for their physical, mental, and intellectual development, moving beyond preferences for junk food. This guide offers expert advice on creating healthy and delicious eating habits that kids will love, addressing common parental concerns about school lunches and snacks.

ADVERTISEMENT