Wednesday 17 July 2019 03:54 PM IST : By സ്വന്തം ലേഖകൻ

മധുരമൂറും മാമ്പഴപ്പച്ചടി

Manga-pachadi

നാലു മാമ്പഴം ദശയുള്ള കഷണം പൂളി നാലായി മുറിച്ചും ബാക്കിഭാഗം മുറിക്കാതെ മാങ്ങയണ്ടിയോടു കൂടിയും ഒരു കൽച്ചട്ടിയിലാക്കുക. ഇതിലേക്കു പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു നികക്കെ വെള്ളം ഒഴിച്ചു വേവിക്കണം. നന്നായി വെന്ത ശേഷം ഒരു അച്ച് ശർക്കര ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 

ഒരു തേങ്ങയുടെ പകുതി ചുരണ്ടിയതും മൂന്നു വറ്റൽമുളകും ഒരു നുള്ള് ജീരകവും കാൽ ചെറിയ സ്പൂൺ കടുകും തരുതരുപ്പായി അരയ്ക്കുക. ഇത് മാമ്പഴ മിശ്രിതത്തിൽ ചേർത്തു രണ്ട്–മൂന്നു തവണ ഇളക്കി ആവി വരും വരെ ചൂടാക്കണം. കുഴഞ്ഞ പരുവമാകുമ്പോൾ വാങ്ങണം. 

രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ കടുകും കാൽ ചെറിയ സ്പൂൺ ഉലുവയും രണ്ടു വറ്റൽമുളകും രണ്ടു തണ്ടു കറിവേപ്പിലും ചേർത്തു താളിക്കുക. ഇത് പച്ചടിയിൽ ചേർത്തിളക്കി വിളമ്പാം. 

ഉഷ നമ്പൂതിരി, ചെനയ്ക്കൽ, മലപ്പുറം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam