Saturday 19 October 2019 04:31 PM IST : By സ്വന്തം ലേഖകൻ

സോയ ബിരിയാണി കഴിച്ചിട്ടുണ്ടോ? സൂപ്പർ ടേസ്റ്റാണ്...

soyaPulavu

ഒരു കിലോ സോയ ചങ്സ് തിളച്ച വെള്ളത്തിലിട്ടു വേവിക്കുക. വെള്ളം പിഴിഞ്ഞു കളഞ്ഞ ശേഷം പാകത്തിനുപ്പും ഒരു വലിയ സ്പൂൺ മുളകുപൊടിയും ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു പുരട്ടി വയ്ക്കണം. ഇത് അധികം മൂക്കാതെ വറുത്തു കോരി വയ്ക്കുക. രണ്ടു കഷണം ഇഞ്ചിയും മൂന്നു കപ്പ് ചുവന്നുള്ളിയും 100 ഗ്രാം പച്ചമുളകും ചതച്ചു വയ്ക്കണം. ഇതും ഒരു പിടി മല്ലിയില അരിഞ്ഞതും ഒരു കപ്പ് തൈരിൽ ചേർത്തു യോജിപ്പിക്കുക. പാകത്തിനുപ്പും നാലു സവാള അരിഞ്ഞു വറുത്തതും ചേർത്ത ശേഷം സോയാക്കഷണങ്ങൾ നിരത്തി അൽപം വെള്ളം ചേർത്തു 10 മിനിറ്റ് വേവിക്കുക. 

രണ്ടു കിലോ ബിരിയാണി അരി പാകത്തിനു വെള്ളവും ഉപ്പും ചേർത്തു വേവിക്കുക. പകുതി വേവാകുമ്പോൾ ഊറ്റി വെള്ളം വാലാൻ വയ്ക്കുക. വെള്ളം തോർന്ന ശേഷം ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത പാലും ഒരു ചെറിയ സ്പൂൺ ഗരംമസാല പൊടിച്ചതും ഒരു ചെറിയ സ്പൂൺ പെരുംജീരകം പൊടിച്ചതും ഒരു നാരങ്ങയുടെ നീരും ചേർത്തു 10 മിനിറ്റ് വേവിക്കുക. പാത്രത്തിൽ ആദ്യം ചോറ് അതിനു മുകളിൽ സോയാമസാല വീണ്ടും ചോറ് എന്ന ക്രമത്തിൽ വിളമ്പി ചൂടോടെ വിളമ്പാം.

സ്മിത ബാബു, എൽത്തുരുത്ത്, തൃശൂർ.

Tags:
  • Pachakam