Thursday 10 February 2022 12:44 PM IST : By അഞ്ജലി തോമസ്

‘ഒരുപോലെ രോഗം പിടിപ്പെട്ടു മരിച്ച ഫ്രാൻസിസ്കോയും ബിയാൻകയും’: ഇന്നും ദുരൂഹം ഈ കമിതാക്കളുടെ മരണം

florance-love

നവോത്ഥാനത്തിന്റെ കളിത്തൊട്ടിലും മനോഹര കലാശിൽപങ്ങളുടെ പറുദീസയും മാത്രമല്ല ഇറ്റാലിയൻ നഗരമായ ഫ്ലോറൻസ്. അവിടുത്തെ ഓരോ തൂണും തെരുവും സ്മാരകവും ഒട്ടേറെ പ്രണയകഥകളുടെ സാക്ഷികളുമാണ്.

പോൻഡെ വെക്കിയോയുടെ ചരിത്രം

ഫ്ലോറൻസിന്റെ കാൽപനികമായ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങിയ ഞാൻ രണ്ടാം ദിവസമാണ് പോൻഡെ വെക്കിയോ എന്ന പാലത്തിൽ എത്തിയത്. നഗരത്തിലെ സവിശേഷമായ കാഴ്ചകളിലൊന്നാണ് അർനോ നദിക്കു കുറുകെയുള്ള ഈ പാലം. 996 ൽ തടികൊണ്ട് നിർമിച്ച പോൻഡെ വെക്കിയോ 1345ൽ കരിങ്കല്ലിൽ പുതുക്കി നിർമിച്ചു. ഇറച്ചിവിൽപനക്കാരും തോൽ ഊറയ്ക്കിടുന്നവരും ആയിരുന്നു ആദ്യകാലത്ത് പാലത്തിനു സമീപം വസിച്ചിരുന്നത്. മലിനീകരണത്തിനും ദുർഗന്ധത്തിനും വഴിവെയ്ക്കുന്നു എന്നു പറഞ്ഞ് 1593 ൽ ഫെർഡിനൻഡ് പ്രഭു ഇവരെ അവിടെ നിന്നു ഒഴിപ്പിക്കുകയും സ്വർണപ്പണിക്കാരും ആഭരണനിർമാതാക്കളും മാത്രമേ ആ പരിസരത്ത് വസിക്കാൻ പാടുള്ളു എന്ന് ഉത്തരവിടുകയും ചെയ്തു. ഇന്നും ആഭരണ നിർമാതാക്കളും കരകൗശലവസ്തുക്കളുടെ കച്ചവടം നടത്തുന്നവരും മാത്രമാണ് അവിടെ താമസിക്കുന്നവർ.

സാമ്പത്തിക ബാധ്യതകൾ തീർക്കാനാകാത്തവരുടെ വസ്തുവകകൾ കണ്ടുകെട്ടി ബാധ്യതക്കാരനെ പാപ്പരായി പ്രഖ്യാപിക്കുക എന്ന ആശയം പിറന്നു വീണത് പോൻഡെ വെക്കിയോയിലാണ്. എങ്കിലും ഫ്ലോറൻസിലെ ഏറ്റവും ആകർഷണീയവും കാൽപനികവുമായ സ്ഥലങ്ങളിലൊന്ന് ഈ പാലം തന്നെ. 1215 ൽ ബുണ്ടെൽമോണ്ടി ദെയ് ബുണ്ടെൽമോണ്ടി എന്ന ചെറുപ്പക്കാരന്റെ കൊലപാതകം നടന്നത് ഇവിടെ വച്ചാണെന്ന് ഫ്ലൊറൻസുകാർ വിശ്വസിക്കുന്നു. തന്റെ കുടുംബവുമായി ശത്രുതയിലായിരുന്ന അമീഡി കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ബുണ്ടെൽമോണ്ടി വിവാഹവാഗ്ദാനം നൽകി. പിന്നീട് അതു മറന്ന് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. അതോടെ അമീഡി കുടുംബത്തിലെ പെൺകുട്ടിയുടെ സഹോദരൻമാരുടെ കോപം വർധിച്ചു. അവർ പോൻഡി വെക്കിയോയിൽ നിന്ന് താഴെ നദിയിലൂടെ വഞ്ചിയിൽ സഞ്ചരിച്ച ബുണ്ടെൽമോണ്ടിയുടെ തലയ്ക്ക് അടിച്ചു. ആ യുവാവ് സിരകൾ പൊട്ടി രക്തം ഒലിച്ച് നദിയിൽ കിടന്നു മരിച്ചു.

നൂറ്റാണ്ടുകൾ കഴിഞ്ഞ് 1900 ൽ പ്രശസ്ത ശിൽപി ബെൻവിനുറ്റോ സെലിനിയുടെ 400ാം ജൻമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ അർധകായ വെങ്കലശിൽപം പാലത്തിൽ സ്ഥാപിച്ചു. ഇപ്പോൾ പ്രണയജോടികൾ അവിടെത്തി തങ്ങളുടെ ബന്ധത്തിന്റെ ഉറപ്പിനായി ശിൽപത്തിന്റെ വേലിക്കമ്പികളിൽ താഴിട്ടു പൂട്ടി പോകുന്നു.

സ്നേഹത്തോടെ ഇംഗ്ലണ്ടിൽ നിന്നു ഫ്ലോറൻസിലേക്ക്

പോൻഡെ വെക്കിയോയിൽ നിന്ന് ഒരു അൽപം നടന്നാൽ കാസ ഗിദിയിൽ എത്താം. ഇംഗ്ലിഷ് കവികളായ റോബർട് ബ്രൗണിങ്ങിന്റേയും എലിസബത്ത് ബ്രൗണിങ്ങിന്റേയും ഭവനമാണിത്. 1847 ൽ എലിസബത്തിന്റെ അച്ഛനിൽ നിന്നു രക്ഷപെട്ട് ഫ്ലോറൻസിലെത്തി ഇവിടെ താമസമാക്കിയവരാണ് ഈ ദമ്പതികൾ. ഫ്ലോറൻസിൽ പൂത്തുലഞ്ഞ ആ പ്രണയകഥയിൽ ഒളിപ്പിക്കേണ്ടതായി ഒന്നുമില്ല. ഉയരത്തിലേക്കു കുതിക്കാൻ ആഗ്രഹിക്കുന്ന യുവകോമളനായ കവി റോബർട് തന്നെക്കാൾ പ്രായമുള്ള കവയത്രി എലിസബത്തിനെ അവരുടെ വരികളിലൂടെ പ്രണയിച്ചു തുടങ്ങി. എലിസബത്ത് രോഗശയ്യയിലായിട്ടും 20മാസം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും ഫ്ലോറൻസിലേക്ക് ഒളിച്ചോടി. അവിടെ അവർ ഒരുമിച്ച് 15 വർഷം ആഹ്ലാദത്തോടെ ജീവിച്ചു.

വയാ മാഗിയോയുടെ ഭാഗത്ത് എവിടെയോ ആണ് പലാസോ ഡി ബിയാൻക കാപലോയുടെ ഏറെ ആലങ്കരിക്കപ്പെട്ട മുഖപ്പു കണ്ടത്. അതിന്റെ പ്രാധാന്യം പക്ഷേ, പിന്നീടാണ് ഞാൻ അറിഞ്ഞത്.

florance

മെഡിചി ഹൗസിലെ പ്രണയകഥകൾ

പോൻഡെ വിക്കിയോയിലൂടെ തിരികെ നടന്ന ഞാൻ എത്തിച്ചേർന്നത് ഉഫിസി ഗാലറിയിൽ ആയിരുന്നു, സിമോനേറ്റ വെസ്പുചിയുടെ കഥ അറിയാൻ. 1469 ൽ ജനിച്ച വെസ്പുചി ഇറ്റാലിയൻ നവോത്ഥാന സൗന്ദര്യത്തിന്റെ അടയാളമായിരുന്നു. സുന്ദരി എന്ന നിലയിൽ പ്രശസ്തമായി തുടങ്ങിയപ്പോൾ തന്നെ സാന്ദ്രേ ബോട്ടിസെല്ലിയുടെ മാസ്റ്റർ പീസ് ചിത്രഘങ്ങളായ വീനസിനും പ്രൈമാവേരയ്ക്കും വെസ്പുചി മോഡലായി. അതോടെ ഒട്ടേറെ പ്രഭുക്കൻമാരും കുലീനരും കലാകാരൻമാരും ശിൽപികളും അവളെ ആഗ്രഹിച്ചു. കോസിമോ ഡി മെഡിചുയുടെ കൊച്ചുമകൻ ഗിലാനോ ഡി മെഡിചിയും വെസ്പുചിയെ ഭ്രാന്തമായി സ്നേഹിച്ച വ്യക്തിയായിരുന്നു. സിമോനേറ്റയുടേതു പോലുള്ള കഥകൾ ഇതിനകം വിസ്മൃതിയിലാണ്ടതിനാൽ ഊഹങ്ങളിലൂടെ പൂർത്തിയാക്കാനേ നമുക്കു സാധിക്കൂ. ഗിലാനോയും സിമോനേറ്റയും തമ്മിൽ പ്രണയത്തിലായിരുന്നെന്നോ അവർക്കിടയിൽ ഒരു ബന്ധം ഉണ്ടായിരുന്നെന്നോ അല്ലെങ്കിൽ ബോട്ടിസെല്ലി സിമോനേറ്റയെ പ്രണയിച്ചിരുന്നെന്നോ സ്ഥാപിക്കാൻ തെളിവുകളൊന്നുമില്ല. എങ്കിലും തന്നെ ഒനിസാന്റി പള്ളിയിലെ സിമോനേറ്റയുടെ ശവകുടീരത്തിനു സമീപം സംസ്കരിക്കണമെന്ന് ബോട്ടിസെല്ലി മെഡീചിയോട് ആവശ്യപ്പെടുന്നുണ്ട്.

ഫ്ലോറൻസിലെ പ്രണയകഥകളിൽ ഏറ്റവും പ്രധാനം ഫ്രാൻസിസ്കോ ഡി മെഡിചിയുടേയും ബിയാൻക കപോളയുടേതുമാണ്. വെനീസിലെ ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ച ബിയാൻക 1563ൽ ഫ്ലോറൻസിലെ പിട്രോ ബൊണവെൻചുറയുമായി പ്രണയത്തിലായി. വെനീസിൽ നിന്ന് ഒളിച്ചോടി ഇരുവരും ഫ്ലോറൻസിലെത്തി വിവാഹിതരായി. ഒരു വിരുന്നു സൽക്കാരത്തിൽ ബിയാൻക ഫ്രാൻസിസ്കോ ഡി മെഡിചിയെ കണ്ടുമുട്ടി. പ്രഥമദർശനത്തിൽ തന്നെ ഇരുവരും അനുരാഗബദ്ധരായി. ഫ്രാൻസിസ്കോ അതിനകം ഗിയോവാനയെ വിവാഹം ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ബിയാൻക നദിക്ക് അക്കരെ പലാസോ ഡി ബിയാൻകയിൽ താമസമാക്കി. താമസിയാതെ ദുരൂഹ സാഹചര്യത്തിൽ ഗിയോവാന മരിച്ചതോടെ കമിതാക്കളുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ചു. ബിയാൻക ടസ്കനിയിലെ ഗ്രാൻഡ് ഡ്യൂക്കിന്റെ പത്നിയായി. 8 വർഷത്തെ സന്തോഷ ജീവിതത്തിനു ശേഷം ദമ്പതികൾക്ക് ഒരുപോലെ രോഗം പിടിക്കുകയും 10ാം ദിവസം ഫ്രാൻസിസ്കോയും 11ാം ദിവസം ബിയാൻകയും മരണമടഞ്ഞു. അവരുടെ മരണകാരണം ഇന്നും നിഗൂഢമാണ്. അഴ്സനിക് വിഷബാധയാണെന്ന് സംശയിക്കുന്നെങ്കിലും തെളിവു ലഭിച്ചിട്ടില്ല.

florance-2

8 വർഷം ഒരുമിച്ച് ജീവിച്ചു, ഒടുവിൽ രോഗം പിടിപ്പെട്ട്

ഫ്ലോറൻസിലെ തെരുവുകളിലൂടെ മ്യൂസിയങ്ങളും ശിൽപങ്ങളും സ്മാരകങ്ങളും കണ്ട് അലഞ്ഞു നടന്ന് പലാസിയോ വെക്കിയോക്ക് അഭിമുഖമായി എൽ രൂപത്തിലുള്ള ചത്വരം പിയാസ ഡെൽ സിനോറിയിൽ എത്തി. അവിടെയാണ് നെപ്റ്റ്യൂൺസ് ഫൗണ്ടനും ലോഗിയ ഡെയ് ലാൻസി ശിൽപവും.

ഫ്ലോറൻസിലെ രാഷ്ട്രീയ വിപ്ലവങ്ങളുടെ കേന്ദ്രമായ പിയാസ ഡെൽ സിനോറിയിൽ എത്തുന്നത് മെഡിചി കുടുംബത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നതിനു തുല്യമാണ്. ഫ്ലോറൻസിന്റെ ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് 13ാം നൂറ്റാണ്ടിൽ അധികാരത്തിലേറിയ കോസിമോ ഡി മെഡിചി ആ നാടിനെ നവോത്ഥാനത്തിന്റെ തൊട്ടിലാക്കി മാറ്റി. അവരുടെ പ്രണയത്തിന്റേയും വിവാഹത്തിന്റേയും ദാമ്പത്യത്തിലെ വഞ്ചനകളുടേയും കാപട്യത്തിന്റേയും കഥകളിലൂടെയാണ് ഞാൻ സഞ്ചരിച്ചത്.

അന്നു സായാഹ്നത്തിൽ ഞാൻ കഥകൾ നിറച്ച മനസ്സുമായി പിയാസ ലെ മൈക്കലാഞ്ജലോയിൽ എത്തി. ഫ്ലോറൻസിൽ പ്രണയജോഡികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണത്. അവിടെ എന്റെ യാത്ര ഒരു വട്ടം പൂർത്തിയായി. ഒരു കാര്യം ഉറപ്പിച്ചു പറയാം, ഫ്ലോറൻസിലെങ്ങും പ്രണയം നിറഞ്ഞു നിൽക്കുന്നു.