Friday 11 February 2022 12:01 PM IST : By ഷിൽന സുധാകരൻ

‘മാഷ്ടെ ആത്മാവ് ഇപ്പോഴും എനിക്ക് കാവലായി ഉണ്ട്, ഈ രണ്ട് ജീവനുകളിലൂടെ’: മരണം മുറിവേൽപ്പിക്കാത്ത പ്രണയം: ഷിൽന പറയുന്നു

shilna-sudhakar-news

മണ്ണടിയും നാള്‍ വരെ കൂടെയുണ്ടാകുമെന്ന് വാക്ക് നെഞ്ചിൽ തൊട്ട് വാക്കു നൽകുന്നവരുണ്ട്. ഇണയായും സ്വാർത്ഥതയുടെ ഈ ലോകത്ത് തുണയായും തണലായും മരണം വരെ ചേർന്നു നിൽക്കുന്ന സ്നേഹന്ധങ്ങളും ഒത്തിരിയുണ്ട്. എന്നാൽ പ്രിയപ്പെട്ടവർ മണ്ണോടലിഞ്ഞു ചേർന്നിട്ടും അവരെ ഹൃദയങ്ങളിൽ മരിക്കാതെ പ്രതിഷ്ഠിച്ചു നിർത്തുന്ന സ്നേഹഗാഥകൾ വിരളമാണ്.

മണ്ണോടലിഞ്ഞു തീർന്നിട്ടും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുക എന്നത് ജന്മസൗഭാഗ്യമാണ്. വിധി തട്ടിപ്പറിച്ചു കൊണ്ടു പോയ തന്റെ പ്രിയപ്പെട്ട സുധാകരൻ മാഷിന്റെ ഓർമകളിൽ ജീവിക്കുന്ന ഷിൽനയും അത്തരമൊ അനശ്വര പ്രണയത്തിന്റെ സൗഭാഗ്യമാണ്. മറ്റൊരു പ്രണയദിനം പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യ ഒരുപക്ഷേ അവരായിരിക്കും. മരണം കവർന്ന തന്റെ മാഷിന്റെ ഓർമകളെ ജീവശ്വാസമാക്കി മുന്നോട്ടു പോകുന്ന ഷിൽന വീണ്ടും തിരികെ വിളിക്കുകയാണ്, ആ സുന്ദര നിമിഷങ്ങളെ. അടങ്ങാത്ത ആ സ്നേഹത്തിന്റെ അടയാളങ്ങളായ കൺമണികളുടെ കരംപിടിച്ച് ഷിൽന മനസുതുറക്കുന്നു, വനിത ഓൺലൈനോട്.

മനസിൽ തണൽ വിരിച്ചു നിൽപ്പുണ്ട് എന്റെ മാഷ്...

പ്രണയത്തിന്റെ വടവൃക്ഷമായി മാഷ് ഇപ്പോഴും എന്‍റെ ജീവിതത്തിൽ തണൽ വിരിച്ചു നിൽപ്പുണ്ട് ..

അടങ്ങാത്ത ആ സ്നേഹത്തിന്റെ അടയാളങ്ങളായി ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങൾ ആ കരുതലിനു ചുവട്ടിൽ വളരുന്നുമുണ്ട് ..

കത്തുകളിൽ നിന്ന് ഞങ്ങൾ എന്ന രണ്ടു സ്നേഹിതർ ആണ് ആദ്യം ഉണ്ടായത്. എന്തോ ഒരുൾപ്രേരണയാൾ രണ്ടു വരി എഴുതി അപൂർണ്ണമായൊരു വിലാസത്തിലേക്കയച്ചു.. എന്നാൽ അത്യന്തം അതിശയകരമായി അത് കൈപ്പറ്റിയ ആൾ മറുപടിയും തന്നു. കാണാതെ കാണാതെ തന്നെ ഞങ്ങൾ കൈപ്പടയെ പ്രണയിച്ചു.

7 വർഷങ്ങൾ കഴിഞ്ഞു ആദ്യമായി കാണുമ്പോഴും ആ സ്നേഹത്തിനു ഒരു കുറച്ചിലും ഉണ്ടായിരുന്നില്ല. ഇരുപത്തി മൂന്നാം വയസിൽ മാഷ്ടെ കയ്യും പിടിച്ചു ആ പരുക്കൻ ജീവിതത്തിലേക്ക് നടന്നു കയറി. ഒട്ടും സുഖകരമായിരുന്നില്ല തുടക്കം. ഒരു സ്ഥിര വരുമാനമില്ല, നല്ലൊരു വീടില്ല..അങ്ങനെ ഒരു കൂട്ടം ഇല്ലായ്മകളിൽ നിന്നാണ് ജീവിതം തുടങ്ങിയത്..പൂജ്യത്തിൽ നിന്നും തുടങ്ങുന്ന ജീവിതങ്ങൾക്ക്, പച്ചനിറത്തിലേക്കെത്താൻ എത്ര എത്രയെത്ര കടമ്പകൾ കടക്കേണ്ടതുണ്ട്..

ഒരുമിച്ചു തുഴഞ്ഞാണ് ഞങ്ങൾ വളരെ ലളിതമായ ഞങ്ങളുടെ ജീവിതം പടുത്തുയർത്തി കൊണ്ടുവന്നത് ..

ആ ചില്ലുകൊട്ടാരം തകർന്നു വീണത് തീർത്തും അപ്രതീക്ഷിതമായിരുന്നു .

എന്നത്തേയും പോലെ സാദാരണമായ ഒരു ദിവസം ആയിരുന്നു അന്നും. 2017ഓഗസ്റ്റ് 15, ജീവിതത്തിൽ ഞാൻ ഓർക്കാൻ തീരെ ഇഷ്ടപ്പെടാത്ത ദിവസം. എന്നെ ഈ ജീവിതത്തിൽ ഒറ്റയാക്കി മാഷ് മുന്നേ പോയി. ആ വേർപാട് ഞാൻ അതിജീവിച്ചു എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പു തോന്നാറുണ്ട്. ഭൗതികമായി കൂടെയില്ലെങ്കിലും മാഷ് കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് തുടർന്നിങ്ങോട്ട് ജീവിച്ചത് ..

മാഷ് ക്കായി എന്നാൽ ആവുന്നതെന്തും ചെയ്യാൻ ഉറച്ചു ..ആ മുറിഞ്ഞു പോവാത്ത സ്നേഹം മാത്രമായിരുന്നു പിൻബലം ..

ഒരിക്കലും പ്രസവിക്കില്ല എന്ന് പറഞ്ഞു നടന്നവരുടെ മുന്നിലൂടെ മാഷ്ടെ ഇരട്ടക്കുട്ടികളെയും കൊണ്ട് ഞാൻ നടന്നു.. മാഷ്ടെ ജീവൻ ആ രണ്ടു കുരുന്നുകളിലൂടെ വീണ്ടും പിറക്കാൻ ഞാൻ ഒരു നിമിത്തമായി ..

ദുഃഖസാന്ദ്രമായിരുന്ന ഞങ്ങളുടെ വീട് പതിയെ ജീവിതത്തിലേക്ക് പിച്ചവെച്ചു മാഷ് ഇപ്പോഴും ആത്മാവിന്റെ ഭാഗമായി അവരിലൂടെ എനിക്ക് കാവൽ ഉണ്ട്. പുസ്തകസമാഹാരം എന്നുള്ള ആഗ്രഹവും നിറവേറ്റി സുഹൃത്തുക്കൾ മുൻകൈ എടുത്തതോടെ ..

മാഷോടുള്ള അടങ്ങാത്ത സ്നേഹത്തിനു മുന്നിൽ എല്ലാ തടസങ്ങളും വഴി മാറി..

എല്ലാ പ്രിയപ്പെട്ടവരുടെയും കൈത്താങ്ങിലൂടെ ജീവിതം ഒരു പരിധി വരെ തിരിച്ചു പിടിച്ചിട്ടുണ്ട് ..

മാഷ്ടെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങണം എന്നുള്ള ഒരു ആഗ്രഹവും കൂടെ മനസിലുണ്ട്.. വൈകാതെ അതും നടക്കുമെന്ന് കരുതുന്നു ..

മരണം കൊണ്ട് മുറിവേൽക്കപ്പെടേണ്ടതല്ല പ്രണയം എന്ന് ജീവിതം എന്നേ എന്നുമെന്നും ഓർമപ്പെടുത്തുന്നുണ്ട് .ആ ഓർമ്മകൾ തരുന്ന ധൈര്യമാണ്, ഇപ്പോഴും ജീവിപ്പിച്ചു നിർത്തുന്നതും .