‘ഭൂമിയിൽ നമുക്കു വേണ്ടി ഒരാളെ തമ്പുരാൻ കാത്തുവച്ചിരിക്കും. ഇനി ഏതു നാട്ടിൽ അലഞ്ഞാലും എത്ര പെണ്ണുകണ്ടാലും അവളെ ദേ... ഇങ്ങനെ മുമ്പിൽ കൊണ്ടങ്ങ് നിർത്തിത്തരും. എന്നിട്ടും ദൈവം പറയും കെട്ടിടാ ഉവ്വേ... താലിയെന്ന്.’
അഞ്ജുവിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഷിബു അതു പറയുമ്പോൾ ആ കണ്ണുകളിൽ കാണാമായിരുന്നു നല്ല കലക്കാച്ചി പ്രണയം. ആ പ്രണയകഥയുടെ ഫ്ലാഷ് ബാക്ക് മലയാള മനോരമയില്‍ നൽകിയ ഒരു കല്യാണ പരസ്യത്തിൽ നിന്നു തുടങ്ങണം.
കഥാനായകന്‍ മറ്റാരുമല്ല. അദ്ഭുതദ്വീപിലെ നരഭോജിയായും ബ്രോ ഡാഡിയിലെ പൊക്കക്കാരൻ സെക്യൂരിറ്റിയായുമൊക്കെ നമ്മെ വിസ്മയിപ്പിച്ച തുമ്പൂർ ഷിബുവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
വർഷം... 2015. ആറടി പൊക്കക്കാരനെ അദ്ഭുത ജീവിയെ പോലെ കാണുന്നവരുടെ നാട്ടിൽ നമ്മുടെ കഥാനായകൻ ഇങ്ങനെ പരസ്യം നൽകി. ‘ആറടി പത്ത് ഇഞ്ച് പൊക്കമുള്ള, 165 കിലോ ഭാരമുള്ള യുവാവ് വധുവിനെ തേടുന്നു. സന്മനസുള്ള യുവതികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.’
വിവാഹ ആലോചനകളുടെയും കല്യാണ പരസ്യങ്ങളുടേയും ചരിത്രത്തിൽ തന്നെ സന്മസുള്ള പെണ്ണിനെ തേടിയ ചെക്കൻ ഒരുപക്ഷേ ഷിബുവായിരിക്കണം. ആ പ്രയോഗം ചുമ്മാ അലങ്കാരമായിരുന്നില്ല.
‘ആറടി പൊക്കത്തിന്റെ പേരിൽ പലരും അന്തംവിട്ട് നോക്കുന്ന പയ്യനെ കെട്ടാൻ സ്വമനസാലെ ഇറങ്ങി വരുന്ന പെണ്ണ് എന്തായാലും സന്മസുള്ളവളായിരിക്കുമല്ലോ.’– പൊക്കവും കല്യാണവും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ഷിബുവിന്റെ ആദ്യ കമന്റ്.
വിവാഹ പരസ്യത്തിനു പിന്നാലെ ആറ് പെണ്ണുകാണലുകൾ. ഒടുവിൽ തലയിലെഴുതിയ വരപോലെ നേരെ തിരുവനന്തപുരത്തുകാരി അഞ്ജുവിന്റെ വീട്ടിലേക്ക്. തൃശൂർ തുമ്പൂർക്കാരൻ ചെക്കൻ തിരുവനന്തപുരം പേരൂർക്കടയിൽ നിന്നും പെണ്ണുകെട്ടുന്നതിലെ ദൂരപ്രശ്നം കണക്കിലെടുത്ത്, ആ ആലോചന ഷിബു പെൻഡിങ്ങിൽ വച്ചു. പിന്നെയെന്ത് സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം കലക്കനൊരു ട്വിസ്റ്റാണ്. പൊക്കക്കാരന്റെ പ്രണയകഥ... അയാൾ അഭിനയിച്ച സിനിമകളേക്കാളും വലിയ ട്വിസ്റ്റാണ്. ആ കഥ ഷിബു തന്നെ പറയുന്നു, ‘വനിത ഓൺലൈനോട്.’
സന്മനസുള്ള പെണ്ണിനെ തേടി...
ഇരുപത്തിയേഴു മുതല്‍ മുപ്പത്തിമൂന്നു വയസുവരെയുള്ള പെണ്ണുകാണൽ. അതിനിടെ ആറു പെണ്ണു കണ്ടുവെന്നു പറഞ്ഞത് വെറുവാക്കല്ല. ആവി പറക്കുന്ന ചൂട് ചായയുമായി നമ്ര ശിരസ്കയായി വരുന്ന പെണ്ണ് നിലത്തു നിന്ന് കണ്ണെടുത്ത് നിവർന്നു നോക്കുമ്പോഴേ ഞെട്ടിയിട്ടുണ്ടാകും. ഇജ്ജാതി പൊക്കമുള്ള പയ്യനെ എങ്ങനെ കെട്ടും കരുതിയതു കൊണ്ടാകണം. ആറു പെണ്ണുകാണലും വളരെ ഭംഗിയായി പരാജയപ്പെട്ടു. അങ്ങനെയൊക്കെ സംഭവിച്ചത് ദൈവം ദേ... ഇവളെ എനിക്കായി കരുതിവച്ചതു കൊണ്ടാകണം– ഷിബുവിന്റെ പ്രണയച്ചിരി വിടർന്നു.

സിനിമയും മദിരാശിയിലെ സെക്യൂരിറ്റി പണിയുമൊക്കെ ആയി നടക്കുന്ന കാലം. തൃശൂരിനടുത്ത് തുമ്പൂരിൽ പോൾസൺ-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ എനിക്ക് കല്യാണ പ്രായമായി എന്ന് വീട്ടുകാർക്ക് തോന്നിയതും ഏതാണ്ട് ഇതേ സമയത്തൊക്കെ തന്നെയാണ്. ഉയരക്കൂടുതൽ കാരണം കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുന്ന എനിക്ക് കല്യാണാലോചനയുടെ സമയമായപ്പോൾ അത്യാവശ്യം അപകർഷതാബോധമൊക്കെ തലപൊക്കിയിരുന്നു. വരുന്ന പെണ്ണിന് എന്നെപ്പോലൊരു പൊക്കക്കാരനെ പിടിക്കുമോ എന്നതായിരുന്നു കൺഫ്യൂഷൻ. അതുകൊണ്ട് തന്നെയാണ് വിവാഹാലോചനകൾ ക്ഷണിച്ചുള്ള പരസ്യത്തിൽ പെണ്ണിന് ‘സന്മസുണ്ടാകണം’ എന്ന് കാലേക്കൂട്ടി പറഞ്ഞത്. . ‘ആറടി പത്ത് ഇഞ്ച് പൊക്കമുള്ള, 165 കിലോ ഭാരമുള്ള യുവാവ് വധുവിനെ തേടുന്നു എന്ന് പരസ്യം നൽകി. കുറേ വീടുകളിൽ പോയി ചായ കുടിച്ചത് മിച്ചം. ഒന്നും അങ്ങോട്ട് ശരിയായില്ല. അങ്ങനെയിരിക്കേയാണ് തിരുവനന്തപുരം പേരൂർക്കട അഞ്ജുവിന്റെ വീട്ടിൽ നിന്നും ഒരു വിളി വരുന്നത്. പറഞ്ഞതു പ്രകാരം പെണ്ണുകാണാൻ പോയി, കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. അവർക്കും ഏറെക്കുറെ ഓകെയായിരുന്നു. പക്ഷേ ഇക്കുറി ഞാനൊന്ന്, ബ്രേക്കിട്ടു. ദൂരക്കൂടുതൽ കാരണം ഞാൻ അഞ്ജുവിന്റെ ആലോചന വെയ്റ്റിങ് ലിസ്റ്റിൽ വച്ചു. ഇതിനിടയിലും തകൃതിയായി മറ്റ് പെണ്ണുകാണലുകൾ നടന്നു... പക്ഷേ എല്ലായിടത്തും പൊക്കമായിരുന്നു പ്രശ്നം. പലവിധ സാഹചര്യങ്ങൾ കൊണ്ട് ഞാനായിട്ട് വേണ്ടെന്നുവച്ച ആലോചനകളുമുണ്ട്. അങ്ങനെ അഞ്ചുകൊല്ലം ദാ... എന്നു പറയും പോലെ പോയി. അപ്പോഴേക്കും വയസ്, 33 കടന്നിരുന്നു.

അന്നത്തെ ആ പെണ്ണുകാണൽ ഞാനൊരിക്കലും മറക്കില്ല. ഒരു മഴയത്ത് നനഞ്ഞ് കുതിർന്ന് വന്ന് ചായ കുടിക്കാനിരുന്ന ചെക്കൻ.– ഇക്കുറി മറുപടി പറഞ്ഞത് ഷിബുവിന്റെ ജീവിതപ്പാതി അഞ്ജുവാണ്.
ചെക്കന് നീളമിച്ചിരി കൂടിപ്പോയില്ലേ... എന്ന കൺഫ്യൂഷൻ എനിക്കും തോന്നിയിരുന്നു. പക്ഷേ കണ്ടമാത്രയിൽ നല്ലമനസുള്ള ആളാണെന്ന് തോന്നി. അതാണ് സമ്മതം മൂളിയത്. ഇതിനിടയിലും മറ്റ് വിവാഹ ആലോചനകൾ വന്നെങ്കിലും ഒന്നും അങ്ങോട്ടും ശരിയായില്ല. കൃത്യം അഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ നമ്മുടെ കഥാനായകൻ... ദേ വീണ്ടുമെത്തിയിരിക്കുന്നു.
ശരിക്കും ആ മടങ്ങിവരവിനെ ദൈവത്തിന്റെ പദ്ധതി എന്നു വിളിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ ഞങ്ങൾക്ക് രണ്ടു പേർക്കും മറ്റ് വിവാഹ ആലോചനകൾ ഇഷ്ടപ്പെടാതെ വരിക. അഞ്ജുവിനെ എനിക്ക് വീണ്ടും ഓർമവരിക, എല്ലാം ഒരു നിമിത്തം പോലെ– ഷിബു പറയുന്നു.

രണ്ടാമത് പെണ്ണു കണ്ടതോടെ സംഭവം അങ്ങുറച്ചു. ഇവളില്ലാതെ മറ്റൊരു പെണ്ണില്ലെന്ന് ഞാനും അങ്ങുറപ്പിച്ചു. പെണ്ണു കാണലിനു പിന്നാലെ എന്റെ ജന്മദിനവും ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചു. ഒടുവിൽ കാത്തു കാത്തിരുന്ന് 2016 ഏപ്രിൽ 27ന് നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടേയും അനുഗ്രഹാശിസുകളോടെ കല്യാണം നടന്നു. ശരിക്കും നാടുംവീടും മറക്കാത്ത കല്യാണമായിരുന്നു അത്. ഞങ്ങൾ പൊക്കക്കാരുടെ കൂട്ടായ്മയായ "All Kerala Tallmen’s Association” അംഗങ്ങളൊക്കെ വന്ന് കല്യാണം അടിപൊളിയാക്കി. അലങ്കരിച്ച വണ്ടിയില്‍ ഞങ്ങളെ ഇരുത്തി നഗരപ്രദക്ഷിണമൊക്കെ ഉണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ എല്ലാം മംഗളമായി... ഞങ്ങളൊന്നായി. നിലവിൽ കേരളത്തിലെ ടോൾ മെൻ സെലിബ്രേഷൻ ഫോഴ്സിന്റെ ഫൗണ്ടറും ചെയർമാനുമാണ് ഞാൻ. – ഷിബു പറയുന്നു.
5 വർഷത്തെ കാത്തിരിപ്പിന്റെ കൂടിച്ചേരൽ 6 കൊല്ലത്തോട് അടുക്കുമ്പോള്‍ ഞങ്ങൾ വളരെ ഹാപ്പിയാണ്. ആറു കൊല്ലത്തിന്റെ ഫ്ലാഷ് ബാക്ക് നോക്കിയാൽ ഞങ്ങൾ രണ്ടും ഹാപ്പിയാണ്. ഇണങ്ങിയും പിണങ്ങിയും സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ഇതിയാന്റെ തോളിൽ കയ്യിട്ട് നല്ലൊരു ഫൊട്ടോ എടുക്കാമെന്ന് വച്ചാൽ അതു നടക്കില്ല. തോളിൽ പിടിക്കാൻ കൈ എത്തിയിട്ടു വേണ്ടേ... ഇതു കൊണ്ട് തത്കാലം സെൽഫി എടുക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിലും പൊക്കത്തിലെന്തു കാര്യം മനസു നന്നായാൽ പോരേ... ലൈഫ് ഈസ് ബ്യൂട്ടിഫുൾ– അഞ്ജു പറഞ്ഞു നിർത്തി.