Thursday 08 February 2018 04:53 PM IST

മൗന മാലാഖമാർ; നിശബ്ദതയുടെ സുഗന്ധം കൊണ്ട് ലോകം നിറയ്ക്കുന്ന മിണ്ടാമഠങ്ങളെ അറിയാം

Roopa Thayabji

Sub Editor

_MG_7945
കോട്ടയത്തെ മിണ്ടാമഠം (താഴെ), ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

This house is a heaven for anyone whose
sole pleasure lies in pleasing GOD...

ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ആനന്ദം അന്വേഷിക്കുന്നവർക്ക്
സ്വർഗമായി അനുഭവപ്പെടുന്ന ഭവനം.
മിണ്ടാമഠത്തെപ്പറ്റി ഇതിലും ചുരുങ്ങിയ വാക്കുകളിൽ പറയാനാവില്ല.
മിണ്ടാമഠത്തിന് ഒരു നിയമമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു.
‘‘ഇടമുറിയാത്ത പ്രാർഥനയും ത്യാഗങ്ങളും  കോർത്തിണക്കിയ
ഈ ജീവിതം വഴി നാഥന്റെ പാദങ്ങളിൽ നമ്മുടെ ഹൃദയങ്ങളാകുന്ന
സുഗന്ധത്തിന്റെ വെൺകൽഭരണി പൊട്ടിച്ചൊഴിക്കാം.
ലോകം മുഴുവനും അതിന്റെ പരിമളം ആസ്വദിക്കട്ടെ.’’

കോട്ടയം നഗരത്തിന്റെ ഹൃദയം മിടിക്കുന്നത് കീഴ്ക്കുന്നിലെ സെന്റ് തെരേസാസ് മൗണ്ടിലാണ്. ആ മിടിപ്പ് കേൾക്കണമെങ്കിൽ ചുണ്ടുകൾ മാത്രമല്ല, മനസും നിശബ്ദമായിരിക്കണം എന്നുമാത്രം. ഇവിടെയാണ് കേരളത്തിലെ ആദ്യ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടത്.
ഇവിടെ ചാപ്പലിന് വലതുഭാഗത്തായി വലിയ മതിൽകെട്ടിനു നടുവിൽ പടിപ്പുരയെ ഓർമപ്പെടുത്തുന്ന വാതിലുണ്ട്. ചരൽകല്ല് വിതറിയ മുറ്റത്തിന് തെച്ചിയും ചെമ്പകവും അതിരിടുന്നു. വലതുവശത്ത് പഴയ തറവാട് വീടുപോലെ ഒന്ന്. അത് ഗസ്റ്റ്ഹൗസാണ്. മുറ്റം കടന്നാൽ മഠത്തിന്റെ വാതിലെത്തി.  അ കത്ത് അടച്ചിട്ട വലിയ വാതിലിന് മുകളിൽ ENCLOSURE എന്ന് എഴുതി വച്ചിരിക്കുന്നു. തൂക്കിയിട്ട ഹാൻഡിൽ വശങ്ങളിലേക്ക് ഇളക്കിയാൽ ഉള്ളിലെവിടെയോ മണി മുഴങ്ങും. ‘പാർലറിലേക്ക് ഇരിക്കൂ’ എന്ന പതിഞ്ഞ ശബ്ദമാണ് പിന്നാലെ കേൾക്കുന്നത്. പാർലറെന്നാൽ വലിയ ഇരുമ്പ് ജനാലയ്ക്കരികിലെ ഇത്തിരി സ്ഥലമാണ്. ഇരുവശത്തും ഓരോ കസേര. കാത്തിരിപ്പിനൊടുവിൽ ഇരുമ്പുജനാലയ്ക്കുള്ളിലെ മരജനാല തുറന്ന്, കറുത്ത കർട്ടൻ നീക്കി, കരുണയുടെ രണ്ടു കണ്ണുകൾ തെളിയും. മദർ തെരേസ്. സന്ദർശന സമയത്ത് മുൻകൂർ അനുവാദത്തോടെ എത്തുന്ന അതിഥികളോട് സംസാരിക്കാനായി മാത്രമേ ഈ ജനാല തുറക്കാറുള്ളൂ. നിശബ്ദതതയിൽ പ്രാർഥനയുടെ അലകൾ പോലെ മദർ സംസാരിച്ചു, മിണ്ടാമഠത്തെ കുറിച്ച്... ഈശോയുടെ സ്നേഹത്തെ ഒാര്‍ത്ത് സ്വയം തടവു വിധിച്ച കന്യകമാരുടെ ജീവിതത്തെ കുറിച്ച്...

Untitled
കൊട്ടിയം മിണ്ടാമഠത്തിലെ കന്യാസ്ത്രീകൾ

മിണ്ടാമഠത്തിന്റെ കഥ


‘‘ആവൃതിക്കുള്ളിൽ ജീവിക്കുന്നവർ– മിണ്ടാമഠത്തിലെ അന്തേസികളെ ഇങ്ങനെയാണ് വിളിക്കുക. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ഞങ്ങൾ പുറത്തു പോകാറില്ല. മഠത്തിലെ ചാപ്പലിൽ പുറത്തുനിന്നു വരുന്നവർ പ്രാർഥിക്കുന്ന ഇടത്തേക്ക് പോലും പ്രവേശിക്കാറില്ല. അഴികൾ കൊണ്ട് വേർതിരിച്ച പ്രത്യേക ഹാളിലാണ് ഞങ്ങളുടെ പ്രാർഥന,’’ മദർ പറഞ്ഞു.
1562ൽ ആവിലായിലെ അമ്മ ത്രേസ്യ സ്പെയിനിലാണ് ആദ്യത്തെ മിണ്ടാമഠം സ്ഥാപിച്ചത്. ഇന്ത്യയിൽ ആദ്യത്തേത് 1748ൽ പോണ്ടിച്ചേരിയിലും കേരളത്തിലേത് കോട്ടയത്തും സ്ഥാപിച്ചു. ഇവിടെ മഠം സ്ഥാപിക്കണമെന്ന നിർദേശം ലഭിച്ചത് സ്പെയിനിലെ മദർ മരവില്ലാസിനായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാചെലവിനും മറ്റും ബുദ്ധിമുട്ടിയ ഇവർക്ക് മുന്നിൽ ദൈവം പ്രത്യാശയുടെ കിരണം തെളിച്ചു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ യാത്രാച്ചെലവിനുള്ള പണം നൽകി. പിന്നീട് സഹായങ്ങളുടെ പെരുമഴയായി.
1933 സെപ്റ്റംബർ 11ന് മദർ റൊസാരിയോയുടെ നേതൃത്വത്തിൽ എട്ട് കന്യാസ്ത്രീകൾ യാത്ര തിരിച്ചു. കാറ്റിനെയും കടലിനെയും കീറിമുറിച്ചുള്ള ആ യാത്രയിൽ വലിയ നാവികൻ തുണയായി. കപ്പലിന്റെ ഡെക്കിൽ സ്ഥാപിച്ച താല്‍കാലിക പ്രാത്ഥനാമുറിയിൽ അവർ കഴിഞ്ഞുകൂടി. ഒക്ടോബർ 7ന് ഇന്ത്യയിലെത്തുമ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. 1934 ജൂൺ 14ന് മഠം പ്രവർത്തനമാരംഭിച്ചു, മദർ റൊസാരിയോ ആയിരുന്നു ആദ്യ മദർ സുപ്പീരിയർ.


കോട്ടയത്തെ മഠത്തിന്റെ ഉപശാഖകളായി തിരുവല്ലയിലും  കൊല്ലം ജില്ലയിലെ  കൊട്ടിയത്തും മൈസൂറിലും മഠങ്ങൾ സ്ഥാപിച്ചു. മിണ്ടാമഠങ്ങളുടെ നിയമാവലി പ്രകാരം അംഗസംഖ്യ 21ൽ കൂടാൻ പാടില്ല. അങ്ങനെയായാൽ എട്ട് കന്യാസ്ത്രീകൾ ചേർന്ന് പുറത്തുപോയി മറ്റൊരു മഠം സ്ഥാപിക്കണം. ഇപ്രകാരം സ്ഥാപിക്കപ്പെട്ട 33 മഠങ്ങളാണ് ഇന്ത്യയിലാകെ ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലെ എരമല്ലൂരിലും മലയാറ്റൂരിലും മിണ്ടാമഠങ്ങളുണ്ട്.

IMG-20151128-WA0005
മൈസൂർ മിണ്ടാമഠത്തിലെ കന്യാസ്ത്രീകൾ


മൈസൂറിലെ മഠത്തിൽ 16 അന്തേവാസികൾ ഉണ്ടെന്ന് സിസ്റ്റർ കമേലിയ പറയുന്നു. ’’1989ൽ ഗോവയിൽ നിന്ന് വന്നാണ് ഞാൻ ഇവിടെ ചേർന്നത്. 1995ൽ ആഫ്രിക്കയിലെ ടാൻസാനിയയിൽ മഠം സ്ഥാപിച്ചു. അവിടേക്ക് പോയ എട്ടുപേരിൽ ഇവിടെ നിന്നുള്ള രണ്ടുപേരും ഉണ്ടായിരുന്നു.’’

പ്രാർഥനയുടെ ജാഗ്രതയില്‍


നാലര മുതൽ അഞ്ചു വർഷം വരെ നീളുന്ന ആത്മീയ പരീശീലനത്തിനൊടുവിലാണ് നിത്യവ്രതം സ്വീകരിച്ച് കന്യാസ്ത്രിയാകുന്നത്. ഈ പരിവർത്തന കാലത്തിന്റെ ആദ്യആറുമാസം പോസ്റ്റുലൻസി എന്നറിയപ്പെടും. മഠത്തിലെ ദിനചര്യകളും പ്രാർഥനയും നിയമാവലിയും ഒരു മിസ്ട്രസിന്റെ കീഴിൽ പരിശീലിക്കുന്ന ഘട്ടമാണിത്. ശേഷം ഒരു വർഷം ചിട്ടപ്രകാരമുള്ള പ്രാർഥനാ ജീവിതം. വ്രതങ്ങൾ സ്വീകരിക്കുന്നത് അതിനു ശേഷമാണ്. അനുസരണ, ദാരിദ്ര്യം, ചാരിത്ര്യം എന്നീ വ്രതങ്ങൾ സ്വീകരിച്ച് ഒരു വർഷം കഴിഞ്ഞാൽ രണ്ടുവട്ടം പുതുക്കണം.
മഠത്തിൽ തന്നെ കഴിയാമെന്ന് തീരുമാനിക്കാനുള്ള സമയം കൂടിയാണ് ഈ നാലര വർഷം. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും പ്രാർഥനാ ജീവിതം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവസരമുണ്ട്. നിത്യവ്രതം എടുക്കാമെന്ന് തീരുമാനിച്ചാൽ പിന്നെ സഭാവസ്ത്രം സ്വീകരിക്കാം. ബിഷപ് നേതൃത്വം നൽകുന്ന ഈ ചടങ്ങ് കാണാൻ ബന്ധുക്കൾക്കും അവസരമുണ്ട്. നിത്യവ്രതം സ്വീകരിച്ച കന്യാസ്ത്രി അച്ഛനമ്മമാർ മരണപ്പെട്ടാൽ പോലും വീട്ടിലേക്ക് പോകില്ല. പഠിക്കാനും ജോലി ചെയ്യാനും മറ്റ് മഠങ്ങളിലെ കന്യാസ്ത്രീകളെ അനുവദിക്കാറുണ്ടെങ്കിലും മിണ്ടാമഠങ്ങളിൽ അതിന് അനുവാദമില്ല.

DSCF2518
കോട്ടയം മഠത്തിലെ പ്രാർഥനാവേള


‘‘ഇവിടെ ഇപ്പോൾ 19 പേരാണുള്ളത്. മൂന്നുപേർ നിത്യവ്രതം സ്വീകരിച്ചിട്ടില്ല. ഏറ്റവും മുതിർന്ന സിസ്റ്റർ മരിയ ജോസഫയ്ക്ക് 88 വയസുണ്ട്. ജർമൻകാരിയാണ് ഇവർ. ഏറ്റവും പ്രായം കുറഞ്ഞ സിസ്റ്ററിന് 20 വയസാണ്. 1951ൽ സഭാവസ്ത്രം സ്വീകരിച്ച സ്പെയിൻകാരിയായ മദർ മരിയ ദൊളോറസ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ വച്ചാണ് മരിച്ചത്,’’ മദർ തെരേസ് പറയുന്നു. മഠത്തിലെ സിസ്റ്റർമാർ മരണപ്പെട്ടാൽ അടക്കം ചെയ്യുന്നത് മഠത്തിനുള്ളിലെ സെമിത്തേരിയിൽ തന്നെയാണ്. അതിനു മുമ്പ് പളളിയിലേക്ക് കൊണ്ടു വരുന്ന ശരീരത്തിൽ ബന്ധുക്കൾക്ക് അന്ത്യചുംബനം നൽകാം.

_MG_7935
മിണ്ടാമഠത്തിലെ പാർലർ

മൗനത്തിന്റെ ഒരു ദിനം


മിണ്ടാമഠങ്ങൾ ഉണരുന്നത് വെളുപ്പിന് നാലര മണിക്കാണെന്ന് കൊട്ടിയത്തെ മദർ എയ്ഞ്ചല്‍സ് പറയുന്നു. സിസ്റ്റർമാരെ ഉണർത്താൻ നിയോഗിക്കപ്പെട്ട ഒരു കന്യസ്ത്രീയുണ്ടാകും. ഇടനാഴിയിലൂടെ നടന്ന്, തടി കൊണ്ടുള്ള ക്ളാപ്പർ കൊട്ടി അവർ ദൈവത്തിന്റെ മണവാട്ടിമാരെ പ്രാർഥനയ്ക്ക് ക്ഷണിക്കും. "Praised be Jesus Christ and the Virjin Mary His Mother. Come to prayer, Sisters; come to praise the Lord." നിശബ്ദത ഉറങ്ങുന്ന മിണ്ടാമഠത്തിന്റെ ചുവരുകളിൽ ആ ശബ്ദം മുഴക്കം തീർക്കുമ്പോൾ സിസ്റ്റർമാർ ഉണർന്ന് അവരവരുടെ മുറികളിൽ മുട്ടുകുത്തും. പ്രാർഥനകളുടെ ഒരു നിശബ്ദ ദിനം തുടങ്ങുന്നത് ഇങ്ങനെ.

DSCF2509
കോട്ടയം മിണ്ടാമഠത്തിന്റെ നടുമുറ്റം


അഞ്ചുമണിക്ക് ക്വയർ എന്ന പ്രത്യേക പ്രാർഥനാ ഹാളിൽ ഒത്തുചേർന്ന് പ്രാർഥന. ഞായറാഴ്ചകളിൽ ഇത് എട്ടുമണി വരെ നീളും. മഠത്തിലെ ബോർമയിൽ തയാറാക്കുന്ന ബ്രഡും കട്ടൻകാപ്പിയും പഴങ്ങളുമാണ് പ്രഭാതഭക്ഷണം. ‘‘അവന്റെ പ്രിയപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിലൂടെയും സേവനം ചെയ്യുന്നതിലൂടെയുമാണ് ദൈവത്തെ സ്നേഹിക്കേണ്ടത്. അപ്പോൾ നിങ്ങൾ അവന് ഏറെ പ്രിയപ്പെട്ടവളാകും.’’ ഈ വചനം ശിരസാ വഹിച്ച് വിവിധ ജോലികളിൽ ഏർപ്പെടുന്നു.


പതിനൊന്ന് മണിക്കുള്ള പ്രാർഥനയ്ക്ക് ശേഷം പ്രാർഥനയോടെ തന്നെ റെഫക്ടറി എന്നു വിളിക്കുന്ന ഡൈനിങ്ഹാളിലേക്ക്. ഭക്ഷണസമയത്ത് മുഖമുയർത്തി നോക്കില്ല ഇവർ. പകരം ദൈവവും മാലാഖമാരും വിരുന്നൂട്ടുന്ന സ്വർഗീയ പാനപാത്രത്തിലേക്ക് ആത്മാവിന്റെ കണ്ണുകളുയർത്തി വയ്ക്കും. റെഫക്ടറിയിൽ നിയോഗിക്കപ്പെട്ട സിസ്റ്റർ ഭക്ഷണവേളയിൽ ആത്മീയഗ്രന്ഥം പാരായണം ചെയ്യും. ഭക്ഷണം ശരീരത്തെ ഊർജസ്വലമാക്കുമ്പോൾ മനസും സജ്ജമാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മദർ എയ്ഞ്ചൽസ്.  
ഭക്ഷണശേഷം ഒരു മണിക്കൂർ ഉല്ലാസത്തിനുള്ളതാണ്. ഈ സമയമാണ് സിസ്റ്റേഴ്സ് പരസ്പരം സംസാരിക്കുന്നത്. റിക്രിയേഷൻ ഹാളിൽ ഇരുന്ന് ഓരോരുത്തരുടേയും ജോലികൾ തീർക്കുന്നതിനോടൊപ്പമാണ് ചെറിയ ഉല്ലാസങ്ങള്‍പങ്കുവയ്ക്കുക. ഇതു കഴിഞ്ഞാൽ വിശ്രമം. രണ്ടുമണിക്കുള്ള ചെറുപ്രാർഥനയ്ക്ക് ശേഷം മുറിയിലെത്തി ആത്മീയ പുസ്തകങ്ങൾ വായിക്കും, സിസ്റ്റർ കമേലിയ പറയുന്നു.

DSCF2495
റെഫക്ടറി എന്നറിയപ്പെടുന്ന ഭക്ഷണ മുറി


ആറുമണിയുടെ യാമപ്രാർഥനയ്ക്കു ശേഷം അത്താഴം ക ഴിച്ചാൽ വീണ്ടും ഒരു മണിക്കൂർ ഉല്ലാസത്തിനുണ്ട്. ആ ദിവസത്തെ ആത്മപരിശോധനയാണ് അതിനുശേഷം. പിന്നീടുള്ള അര മണിക്കൂർ നിശ്വാസം പോലും കൊടുങ്കാറ്റ് സൃഷ്ടിക്കും. ഗ്രേറ്റ് സൈലൻസ് എന്ന് പേരുള്ള ഈ പ്രാർഥനാവേളയിൽ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ഈ സമയം പരസ്പരം അഭിമുഖീകരിക്കേണ്ടി വന്നാൽ സ്തുതി പറയാനായി പോലും ചുണ്ടനക്കില്ലത്രേ.
‘‘അടുത്ത ദിവസത്തെ പ്രാർഥനയിലേക്ക് തുടക്കമിടുന്ന ജാഗരണ പ്രാർഥനയ്ക്ക് ശേഷം പത്തരയോടെ ക്ളാപ്പർ മുഴങ്ങിയാൽ മുറിക്ക് മുമ്പിൽ മുട്ടുകുത്തും. നെറ്റിയിൽ കുരിശുവരച്ച് പ്രാർഥിക്കും. ശരീരം ഉറങ്ങുമ്പോഴും മനസ് ഉണർന്നിരിക്കും, ആത്മാവിനെ ദൈവത്തിൽ ചേർത്തുവച്ച് പ്രാർഥനകൾ ഉരുവിടും. രാവും പകലും ദൈവവചനം ധ്യാനിക്കുന്നതാണ് ഞങ്ങളുടെ മതം,’’ മദർ തെരേസ് പറഞ്ഞു.

തുറക്കാത്ത വാതിൽ

_MG_7941

മിണ്ടാമഠത്തിലെ തുറക്കാത്ത ജനവാതിലാണിത്. ഉറപ്പിച്ച പ്രതലത്തിൽ കറങ്ങുന്ന ഈ ജനാലയിലൂടെയാണ് പുസ്തകമോ മരുന്നുകളോ സാധനങ്ങളോ കൈമാറുന്നത്. ജനലിനുള്ളിൽ അത് വച്ച് പുറത്തേക്ക് കറക്കിയാൽ പുറത്തുള്ളയാൾക്ക് അതെടുക്കാം. അകത്തേക്ക് തിരിച്ചാൽ ഉള്ളിലുള്ള ആൾക്കും. ശബ്ദങ്ങൾ മാത്രമല്ല, പുറത്തു നിന്നുള്ളവരുടെ കരസ്പർശവും ഇവർ ആഗ്രഹിക്കുന്നില്ല. നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണമായ ആത്മാവോടും പൂർണ  ശ ക്തിയോടും  കൂടെ സ്നേഹിക്കുക എന്ന വചനമാണ് മിണ്ടാമഠങ്ങളുടെ മന്ത്രം.

മണിക്കൂറിലെ മണിനാദം


പ്രാർഥനകൾക്കും ജോലികൾക്കുമായി തിരിച്ചിട്ടുള്ള സമയം അറിയിക്കാൻ മഠത്തിനുള്ളിൽ ഒരു മണിയുണ്ട്, നിയോഗിക്കപ്പെട്ട ഒരു സിസ്റ്ററും. നീണ്ട നിശബ്ദതയ്ക്കു മേൽ ഓരോ മണിക്കൂറിലും  മുഴങ്ങുന്ന ആ ശബ്ദമാണ് ഇവരുടെ ഹൃദയതാളം. മണിയൊച്ച കേട്ടാൽ അടുത്ത ജോലിയിലേക്ക് നിശബ്ദം അവർ ഒഴുകിയെത്തും.
ജോലികൾ വിഭജിക്കുന്നത് ആഴ്ച, വർഷക്കണക്കിലാണെന്ന് മദർ എയ്ഞ്ചൽസ് പറയുന്നു. ഓസ്തി നിർമാണം, പറമ്പിലെ പണികൾ, രോഗം വന്നതോ പ്രായം തളർത്തിയതോ ആയ മുതിർന്ന സിസ്റ്റർമാരുടെ ശുശ്രൂഷ എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ ഒരു വർഷത്തേക്ക് ഓരോരുത്തരെ ഏൽപ്പിക്കും. അടുക്കള, റെഫക്ടറി, മണിക്കൂറിലെ മണിയടി, ക്ളാപ്പ ർ ഡ്യൂട്ടി തുടങ്ങിയവ ഓരോ ആഴ്ചയും ഓരോരുത്തരും മാറിമാറി ചെയ്യണം.
മാസത്തിൽ ഒരു തവണ ഒരു മണിക്കൂറാണ് സിസ്റ്റർമാരുടെ ബന്ധുക്കൾക്ക് അവരെ സന്ദർശിക്കാനുള്ള സമയം. ദൂരെ നാടുകളിൽ നിന്ന് വളരെ യാത്ര ചെയ്ത് വരുന്നവർക്ക് ഒന്നോ രണ്ടോ ദിവസം തങ്ങാൻ ഗസ്റ്റ്ഹൗസുമുണ്ട്. പക്ഷേ, ഇവർക്കും മഠത്തിനുള്ളിൽ കയറാൻ അനുവാദമില്ല. പാർലറിൽ ഗ്രില്ലുകൾക്കപ്പുറം ഇപ്പുറം ഇരുന്ന് മാത്രമേ സംസാരിക്കാനാകൂ.

മഠത്തിനുള്ളിലെ ലോകം

DSCF2501


കോട്ടയത്തെ മിണ്ടാമഠം നിൽക്കുന്നത് മൂന്നര ഏക്കർ സ്ഥലത്താണെന്ന് മദർ തെരേസ് പറയുന്നു. നാലുകെട്ടിന്റെ ശൈലിയിലുള്ള കെട്ടിടങ്ങൾക്ക് പുറമേ കൃഷിചെയ്യാനും ഭൂമിയുണ്ട്. ആടുകൾ, പൂന്തോട്ടം, പച്ചക്കറി കൃഷി, കപ്പ, ഫലവൃക്ഷങ്ങൾ, വാഴ എന്നിങ്ങനെ അകത്തെ ലോകം വിശാലമാണ്. കൊട്ടിയത്തെ മഠത്തിന് സ്വന്തമായി ആറ് ഏക്കർ സ്ഥലമുണ്ടെന്ന് മദർ എയ്ഞ്ചൽസ്. 12 പേരാണ് ഇവിടെയുള്ളത്. എല്ലാവരും സഭാവസ്ത്രം സ്വീകരിച്ചവർ. മഠത്തിലെ ചിട്ടകൾ പുതിയതായി വരുന്നവരെ ബുദ്ധിമുട്ടിക്കുന്നത് കൊണ്ട് മൂന്നുമാസം ഇവിടെ താമസിച്ച് മഠത്തിനുള്ളിലെ ജീവിതം കാണാൻ ഇപ്പോൾ അനുവദിക്കാറുണ്ടെന്നും  മദർ പറയുന്നു. കൊട്ടിയത്തിന്റെ ഉപശാഖകളായാണ് തിരുവനന്തപുരത്തും  ഒറീസയിലും  മഠങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഓരോ മഠവും ഓരോ കമ്യൂണിറ്റി ആണ്. പ്രാർഥനയും ദിനചര്യയുമെല്ലാം സമമാണെങ്കിലും ഓരോന്നും സ്വതന്ത്രമാണെന്ന് സിസ്റ്റർ കമേലിയ.
മിണ്ടാമഠത്തിന്റെ പുറത്തുള്ള ഇടപെടൽ രണ്ടു എക്സ്റ്റേ ൺ സിസ്റ്റർമാരിലൂടെയാണ്. പിന്നെ പാർലറിലെ ഗ്രില്ലുകൾക്കുള്ളിലൂടെയും. മനസുകൊണ്ടു പോലും മിണ്ടാതിരിക്കാൻ ആകാത്തവരോട് ധ്യാനത്തിന്റെ ഭാഷയിൽ... വാക്കുകൊണ്ട് മുറിവേൽപ്പിക്കുന്നവരോട് സ്നേഹത്തിന്റെ ഭാഷയിൽ... ഇവർ മിണ്ടാതെ മിണ്ടുന്നുണ്ട്. അത് കേൾക്കാൻ അൽപ നേരം നിശബ്ദരായി ഇരിക്കണമെന്ന് മാത്രം. അപ്പോൾ ദൈവത്തിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് കേൾക്കാം, ‘ഞാൻ നിന്നോടു കൂടെയുണ്ട്’.