Friday 04 December 2020 01:55 PM IST : By സ്വന്തം ലേഖകൻ

സ്പൈസി ഷ്രിമ്പ് കേക്കും അടിപൊളി സ്വീറ്റ് ചില്ലി സോസും, തയാറാക്കാം ഈസിയായി!

േംേപ

ഷ്രിമ്പ് കേക്കും അടിപൊളി സ്വീറ്റ് ചില്ലി സോസും, തയാറാക്കാം ഈസിയായി!

വെറൈറ്റിയാണ് നിഷ നസാറുള്ളയുടെ റെസിപ്പികളുടെ മെയിൻ. ഡാൽഗോണ കോഫി നാട്ടിലെങ്ങും ഹിറ്റായപ്പോൾ ഡാൽഗോണ കാൻഡി ആണ് നിഷ തയാറാക്കിയത്. ബീഫ് കൊണ്ടാട്ടത്തിന്റെ രുചിക്ക് പ്രിയമേറിയപ്പോൾ ബീഫ് കൊണ്ടാട്ടം കൊണ്ട് ബിരിയാണി തന്നെ വച്ചു വിളമ്പി. ഓണപ്പായസത്തിൽ വ്യത്യസ്ത രുചി തേടി നടന്നവര്‍ക്ക് ‘മധുരമൂറും’ പച്ചമുളകു പായസമാണ് നിഷ അവതരിപ്പിച്ചത്. ഇങ്ങനെയിങ്ങനെ നിരവധി പാചക വിഡിയോകളുണ്ട് നിഷയുടെ യുട്യൂബ് ചാനലായ മെഹ്‌നാസ് കിച്ചനിൽ. ഈ ചാനലിൽ നിഷയേക്കാൾ ആരാധകരുള്ള ഒരാളുണ്ട്, നിഷയുടെ മകൾ മെഹ്‌നാസ് സാദിയ. ചിരിയും കിളിക്കൊഞ്ചലും നിറയുന്ന മെഹ്നാസിന്റെ ഈസി പീസി വിഭവങ്ങളും ചാനലിൽ കാണാം.

വനിതയുടെ പ്രേക്ഷകർക്കായി നിഷ തയാറാക്കിയതും ഒരു വെറൈറ്റി ഡിഷ് ആണ്. ഷ്രിമ്പ് കേക്കും അടിപൊളി സ്വീറ്റ് ചില്ലി സോസും. തയാറാക്കുന്ന വിധം വീഡിയോയിൽ.

1.ചെമ്മീൻ – അരക്കിലോ

2.ഓയിസ്‍റ്റർ സോസ്‌/ സോയാ സോസ് – ഒരു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

കോൺഫ്ലോർ – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുട്ടയുടെ മഞ്ഞ – ഒന്ന്

വെളുത്തുള്ളി – രണ്ടോ മൂന്നോ അല്ലി

പച്ചമുളക് – ഒന്ന്

മല്ലിയില – ഒരു കൈക്കുമ്പിൾ നിറയെ

ഉപ്പ് – പാകത്തിന്

നാരകത്തിന്റെ ഇല – രണ്ട്

സ്പ്രിങ് അണിയൻ – ഒരു വലിയ സ്പൂൺ

ഒലിവ്/സൺഫ്ലവർ ഓയിൽ – രണ്ടു വലിയ സ്പൂൺ

3.ബ്രെഡ് പൊടിച്ചത് – പാകത്തിന്

മുട്ട – ഒന്ന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

ഡിപ്പിന്

5.പച്ചമുളക് നന്നായി പഴുത്തത് – നാല്‌

വെളുത്തുള്ളി – രണ്ട് അല്ലി‍‌

പച്ചമുളക് – ഒന്ന്

വിനാഗിരി – കാൽക്കപ്പ്

വെള്ളം – അരക്കുപ്പ്

ഉപ്പ് – പാകത്തിന്

6.പഞ്ചസാര – അരക്കപ്പ്

7.കടല പൊടിച്ചത് – കാൽക്കപ്പ്

പാകം ചെയ്യുന്ന വിധം

  • ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു കഴുകി തുടച്ചു വയ്ക്കുക.

  • രണ്ടാമത്തെ ചേരുവയും ചെമ്മീനും ചേർത്ത് അരച്ചെടുക്കുക.

  • ഇത് ഒരു പാത്രത്തിലാക്കി 20-30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

  • ശേഷം ചെറിയ ഉരുളകളാക്കിയോ പാറ്റീസ് ആക്കിയോ ബ്രെഡ് പൊടിച്ചതിലോ കോൺഫ്ലോറിലോ പൊതിഞ്ഞ് മുട്ട അടിച്ചതിൽ മുക്കി വീണ്ടും ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് വറുത്ത് കോരുക.

  • സോസിനൊപ്പം വിളമ്പാം.

  • സോസ് തയാറാക്കാൻ അഞ്ചാമത്തെ ചേരുവ അരച്ചതിൽ കാൽക്കപ്പ് പഞ്ചസാര ചേർത്ത് തിളപ്പിച്ചു കുറുക്കി വാങ്ങുക.

  • ഇതിലേക്ക് കാൽക്കപ്പ് കടല പൊടിച്ചത് ചേർത്തിളക്കി വിളമ്പാം.