Tuesday 21 August 2018 10:59 AM IST : By സ്വന്തം ലേഖകൻ

‘ഇനിയും എന്നെ നോക്കിയിരിക്കരുത്, രക്ഷപ്പെട്ടോ’, ‘വേണ്ട, മരിച്ചാൽ ഒന്നിച്ചു മതി’

chellappan

ഹരിപ്പാട് ∙ ‘ഇനി എന്നെ നോക്കിയിരിക്കണ്ട, നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ...’ ചെല്ലമ്മയുടെ കൈപിടിച്ചു ചെല്ലപ്പൻ പറഞ്ഞു. അതോർക്കുമ്പോഴെല്ലാം ചെല്ലമ്മയുടെ കണ്ണുകൾ ഈറനണിയുന്നുണ്ട്. ‘മരിച്ചാൽ, അത് ഒന്നിച്ചു മതി’– ചെല്ലമ്മ ഭർത്താവിനോടു ചേർന്നു നിന്നു. ഹരിപ്പാട് സെന്റ് തോമസ് ബാലഭവനിലെ ദുരിതാശ്വാസ ക്യാംപിലിര‍ുന്നു കൂടെയുള്ളവരോടു ചെല്ലമ്മ ആ കഥ പറഞ്ഞു.

‘വെള്ളപ്പൊക്കം ഞങ്ങൾക്കു പുതുമയൊന്നുമല്ല. ഞങ്ങളേ, കർഷകത്തൊഴിലാളികളാ... പക്ഷേ, ഇത്തവണ മരണം മുന്നിൽക്കണ്ടു..’ കാലവർഷത്തിൽ വീട്ടിൽ വെള്ളം കയറുന്നതും ഇറങ്ങുന്നതും പതിവാണ്. ഭർത്താവ് ചെല്ലപ്പൻ(83) കിടപ്പിലാണ്. വെള്ളം വീടിനുള്ളിൽ കയറിയാൽ കട്ടവച്ചു കട്ടിൽ ഉയർത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം പ്രളയ ജലം കട്ടിലിനു മുകളിലേക്കെത്തി. ചെല്ലപ്പന്റെ കട്ടിൽ വീടിനുള്ളിൽ ഒഴുകിനടന്നു. ആകെ വെപ്രാളമായി.

മകൾ ഗിരിജയെ വിളിച്ചു വരുത്തി എല്ലാവരുംകൂടി വീടിനടുത്ത് ഉയരമുള്ള സ്ഥലത്തേക്കു മാറി. മണിക്കൂറുകൾക്കുള്ളിൽ അവിടേക്കും വെള്ളമെത്തി. ജീവൻ തന്നെ നഷ്ടപ്പെടുമെന്നായി. ജലനിരപ്പു കഴുത്തോളം എത്താറായി. തന്നെ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ചെല്ലപ്പൻ പറഞ്ഞു. പറ്റില്ലെന്നു ചെല്ലമ്മയും. അപ്പോഴാണു ജീവിതത്തിന്റെ തുരുത്തിലേക്ക് അതുവഴി പോയ ബോട്ടുകാർ വഴി തെളിച്ചത്. പായിപ്പാട്ട് എത്തിച്ച ശേഷം ക്യാംപിലേക്കു മാറ്റി. ‘ഇവിടെ ഡോക്ടർമാർ വന്നു നോക്കി, മരുന്നൊക്കെ തന്നു.’ അൽപം ആശ്വാസത്തോടെ ചെല്ലമ്മ പറഞ്ഞു.


കൂടുതൽ വാർത്തകൾ