Tuesday 21 August 2018 12:45 PM IST : By സ്വന്തം ലേഖകൻ

‘നമ്മുടെ ചെറുപ്പക്കാർക്ക് പ്രചോദനമാകട്ടെ’ ; മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസലിന് സമ്മാനവുമായി വിനയൻ

vinayan

കുത്തിയൊലിച്ചു പോയ മഹാപ്രളയത്തിൽ മലയാളി കണ്ട കാരുണ്യത്തിന്റെ നീരുറവയായിരുന്നു ജൈസൽ. പ്രളയത്തിന് മുന്നിൽ തോറ്റു കൊടുക്കാതെ ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാണിച്ച ഈ മനുഷ്യനു മുന്നിൽ മലയാളം കൈ കൂപ്പുകയാണ്.

നിലയില്ലാക്കയത്തിൽ പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറാനിറങ്ങിയ ഒരു കുടുംബം ആണ് ഈ യുവാവിന്റെ കരുതലിന്റെ സ്നേഹ സാമീപ്യമറിഞ്ഞത്. ‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകൾ. പക്ഷേ അതൊന്നും കേൾക്കാതെ തന്റെ മുതുക് നിവർത്തി കൈകുത്തി നിലത്ത് നിന്നു ആ മനുഷ്യൻ.

അന്നു തൊട്ട് സോഷ്യൽ മീഡിയയും ജൈസലിനു പിന്നാലെയാണ്. ജൈസലിന്റെ കാരുണ്യത്തെ വാ തോരാതെ പുകഴ്‍ത്തിയിട്ടും മലയാളിക്ക് കൊതി തീർന്നിട്ടില്ല. ഇപ്പോഴിതാ ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നവെന്ന് വ്യക്തമാക്കി സംവധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു..

ഈ വിവരം ഞാന്‍ ജൈസലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നെ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസല്‍ ഫോണ്‍ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും.. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്റെ കുടും ബത്തിന് ഇങ്ങനൊരു ചെറിയ സമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു.. നമ്മുടെ നാട്ടിലെ നന്‍മ്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും..ആര്‍ദ്രതയും കരുണയും ഉള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..

വിനയന്‍