Monday 21 September 2020 11:32 AM IST : By ഡോ. ആശ വി.എൻ

മുൻപേ തിരിച്ചറിയാം, രോഗം തീവ്രമാകുന്നത് തടയാം: അൽസ്ഹൈമേഴ്‌സ് പരിശോധനകളും ചികിത്സയും അറിയാം

alztest334

അൽസ്ഹൈമേഴ്സ് രോഗത്തിന്റെ തീവ്രത നിത്യജീവിതത്തെ സാരമായി ബാധിക്കുമ്പോൾ മാത്രമേ പലപ്പോഴും രോഗത്തെ തിരിച്ചറിയപ്പെടുന്നുള്ളൂ എന്നതാണ് ദുഃഖകരമായ വസ്തുത. അതുവരെ കുടുംബാംഗങ്ങളോ, അടുത്ത സുഹൃത്തുക്കളോ മറവിയെപറ്റി സൂചന നൽകിയിട്ടുണ്ടെങ്കിൽ പോലും പലപ്പോഴും പലരും അതൊന്നും കാര്യമായി എടുക്കാറില്ല.

ഇന്ന് ലഭ്യമായിട്ടുള്ള വിവിധ തരം പരിശോധനകളും ടെസ്റ്റുകളും അൽസ്ഹൈമേഴ്സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇത്തരം ടെസ്റ്റുകൾ ഒക്കെ തന്നെ ഡിമൻഷ്യയ്ക്കു കാരണം അൽസ്ഹൈമേഴ്സ് തന്നെയാണോ അതോ മറ്റു വല്ല കാരണങ്ങൾ ആണോ എന്ന് സ്ഥിരീകരിക്കാൻ സഹായിക്കും.

നൂറോളജിക്കൽ പരിശോധനകൾ

രോഗാവസ്ഥ സ്ഥിരീകരിക്കുന്നതിനായി രോഗിയെ റിഫ്ലക്സുകൾ, പേശീബലം, നിവരാനും നടക്കാനുള്ള കഴിവ്, കാഴ്ച-കേൾവി ശക്തി, ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപന ശേഷി, ശരീര തുലന ശേഷി എന്നീ നാഡീ സംബന്ധമായ പരിശോധനകൾക്കായി വിധേയമാക്കുന്നു.

ലാബ് ടെസ്റ്റുകൾ

∙ രക്തപരിശോധന തുടങ്ങിയ ലാബ് ടെസ്റ്റുകളിലൂടെ തൈറോയ്ഡ് പ്രശ്നങ്ങളോ വൈറ്റമിൻ കുറവുകളോ അല്ല ഓർമ്മക്കുറവിനും മറ്റു മനോവിഭ്രമത്തിനുമുള്ള കാരണങ്ങൾ എന്ന് വിവേചിച്ചറിയാൻ കഴിയും.

∙മാനസികനിലയെ കുറിച്ചുള്ള മന:ശാസ്ത്ര പരിശോധനകൾ

∙ ഓർമ്മ, ചിന്താശേഷി എന്നിവയുമായി ബന്ധപ്പെട്ട് മന:ശാസ്ത്ര പരിശോധനയിലൂടെ അതേ പ്രായത്തിലുള്ളവരെ അപേക്ഷിച്ച് വ്യക്തികളുടെ മാനസികനിലയേക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ന്യൂറോസൈക്കോളജിക്കൽ ടെസ്റ്റിലൂടെ രോഗത്തിന്റെ പിന്നീടുള്ള ഗതിയെക്കുറിച്ച് വിവരങ്ങൾ നേടാൻ സാധിക്കും. 

ബ്രെയിൻ ഇമേജിംഗ്

അൽസ്ഹൈമേഴ്സ് മൂലം മസ്തിഷ്കത്തിലുണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്താൻ ബ്രെയിൻ ഇമേജുകൾ ഉപകരിക്കുന്നു. എംആർഐ സ്കാനുകളും സിറ്റി സ്കാനുകളും ഡിമൻഷ്യയുടെ യഥാർത്ഥകാരണം അൽസ്ഹൈമേഴ്സ് തന്നെയാണോ അതോ ട്യൂമറുകൾ, സ്ട്രോക്ക്, തലയ്ക്കേറ്റ ക്ഷതം എന്നിവയിലേതെങ്കിലുമാണോ ന്ന് തിട്ടപ്പെടുത്താൻ സഹായിക്കുന്നു.

പോസിട്രോൺ എമിഷൻ ടോമോഗ്രാഫ് (Positron Emission Tomograph) (PET) സ്കാനുകൾ അൽസ്ഹൈമറിനെ കൂടുതൽ അടുത്തറിയാൻ സഹായിക്കും. ചെറിയ റേഡിയോ തീവ്രതയുള്ള ട്രേസർ രക്തത്തിൽ കടത്തിവിട്ട് ബ്രെയിനിലെ പ്രത്യേകതകൾ ഇതുവഴി നിരീക്ഷിക്കാൻ പറ്റും.

കോശക്ഷയത്തിന്റെ പാറ്റേൺ തിരിച്ചറിയാൻ സഹായിക്കുന്ന ഫ്ലൂറോ ഡിഓക്സി ഗ്ലൂക്കോസ് (Fluro Deoxy Glucose)(FDG) PET സ്കാനുകളും, മസ്തിഷ്കത്തിലെ അമിലോയ്ഡ് ശേഖരത്തെക്കുറിച്ച് സൂചന തരുന്ന Amyloid PET ഇമേജുകളും, തലച്ചോറിലെ ന്യൂറോ ഫൈബ്രിലറി ടാഗിളിനെ നിരീക്ഷിക്കാൻ സഹായിക്കുന്ന തൗ PET ഇമേജുകളും സാധാരണ ഉപയോഗിച്ചു വരുന്ന PET സ്കാനുകൾ ആണ്.

രോഗപുരോഗതി കുറയ്ക്കും മരുന്നുകൾ

നിലവിൽ ലഭ്യമായ മരുന്നുകളൊക്കെത്തന്നെയും ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ മറ്റു കോഗ്നിറ്റീവ് ഇംപയർമെന്റുകളെ ലഘൂകരിക്കാൻ നൽകുന്ന മരുന്നുകളാണ്. ചികിത്സയ്ക്കായി പൊതുവിൽ Cholinesterase Inhibitors, (NMDA Receptor Antagonists) Memantine എന്നീ രണ്ടുതരം മരുന്നുകൾ ഉപയോഗിക്കുന്നു. ആദ്യവിഭാഗത്തിൽപ്പെട്ട Cholinesterase Inhibitors അൽഷിമേഴ്സ് രോഗത്താൽ മസ്തിഷ്കത്തിൽ ഇല്ലാതാക്കപ്പെടുന്ന  കെമിക്കൽ മെസഞ്ചറുകളെ പരിരക്ഷിക്കാൻ സഹായിക്കുകയും അതുവഴി ന്യൂറോണുകൾ തമ്മിലുള്ള വിനിമയ ശക്തി നിലനിർത്തികൊണ്ടുവരാനും സഹായിക്കുന്നു. വിഷാദരോഗത്തിനും, മാനസിക വ്യാകുലതയ്ക്കും ഇതേ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ട Memantine, രോഗത്തിന്റെ പെട്ടെന്നുള്ള പുരോഗതിയെ മന്ദീഭവിപ്പിക്കുന്നു. ഇതോടൊപ്പം അൽ സ് ഹൈമേഴ്സിനോടൊപ്പം വരാറുള്ള പെരുമാറ്റ വൈകല്യത്തെ ക്രമീകരിക്കുന്നതിനായി ആന്റി ഡിപ്രസൻറ്റുകളും രോഗിക്കു ഡിപ്രസൻറ്റുകളും ആന്റിസൈക്കോട്ടിക്കുകളും (Antipsychotics) രോഗിക്കു നൽകാറുണ്ട്.

സുരക്ഷിതവും അനുകൂലവുമായ ചുറ്റുപാടുകൾ

അൽസ്ഹൈമേഴ്സ് രോഗിക്ക് അനുകൂലമാകുന്ന ചുറ്റുപാടുകൾ ഒരുക്കുക എന്നത് രോഗചികിത്സയുടെ ഒരു ഭാഗം തന്നെയാണ്. നിത്യജീവിതത്തിൽ ചെയ്യേണ്ട ചര്യകളെ കൂടുതൽ ചിട്ടവൽക്കരിക്കുകയും, ഓർമ്മവെച്ചു ചെയ്യേണ്ട സാഹചര്യങ്ങൾ പരമാവധി കുറച്ചുകൊണ്ടുള്ള ജീവിതരീതിയാണ് എപ്പോഴും അഭികാമ്യം. രോഗിയുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ ചുറ്റുപാടുകളെ ക്രമീകരിക്കുന്നതും രോഗ സ്ഥിതിയെക്കുറിച്ച് അടുത്തിടപഴകുന്നവർക്ക് ബോധ്യം ഉണ്ടാക്കുന്നതും രോഗികളിലെ പിരിമുറുക്കം കുറയ്ക്കും. രോഗത്തെ മറികടന്നുള്ള ജീവിതം സാധ്യമാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

-താക്കോൽ, വാലറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഒരേ സ്ഥലത്തുതന്നെ വയ്ക്കുക

-മരുന്നുകൾ കൃത്യസ്ഥലത്ത് വയ്ക്കുകയും, കൂടെതന്നെ ഡോസേജിനെപ്പറ്റിയുള്ള കുറിപ്പുകളും വയ്ക്കുക

-ലൊക്കേഷൻ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ ഫോണുകൾ പുറത്തുപോകുമ്പോൾ ഉപയോഗിക്കുകയും, പ്രധാനപ്പെട്ട കോൺടാക്ട് നമ്പറുകൾ എളുപ്പത്തിൽ ലഭിക്കാവുന്ന രീതിയിൽ സൂക്ഷിക്കുകയും ചെയ്യുക.

-സ്ഥിരമായുള്ള അപ്പോയ്മെന്റുകൾ ഒരേ ദിവസം ഒരേ സമയത്തേക്ക് തീർച്ചപ്പെടുത്തുക.

-ദിവസേനയുള്ള പ്രവർത്തികൾ, ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്നിവ വ്യക്തമായി കാണുന്ന ഇടങ്ങളിൽ പ്രദർശിപ്പിക്കുക

-റൂമിലും മറ്റു സഞ്ചാരമാർഗങ്ങളും തടസ്സപ്പെടുത്തുന്ന അനാവശ്യ ഫർണിച്ചറുകൾ ഒഴിവാക്കുക

-തികച്ചും സുഖകരവും പിടുത്തം നൽകുന്നതുമായ പാദരക്ഷകൾ ഉപയോഗിക്കുക.

വേണം ചില മുൻകരുതലുകൾ

സമ്പൂർണമായി രോഗം ഭേദപ്പെടുക എന്നത് അൽസ്ഹൈമേഴ്സ് ചികിത്സയിൽ അപ്രാപ്യമാണ്. എന്നാൽ ജീവിതശൈലിയിൽ നാം അനുവർത്തിക്കുന്ന ചില കാര്യങ്ങൾ രോഗത്തിന്റെ വരവിനെ മന്ദീഭവിപ്പിക്കാൻ കഴിയുമെന്ന് പല പഠനങ്ങളും അടിവരയിടുന്നു. എന്തൊക്കെയാണ് അനുവർത്തിക്കേണ്ട ആ ശീലങ്ങൾ

• ചിട്ടയായ വ്യായാമം ശീലിക്കുക

• ആരോഗ്യപരമായ ഭക്ഷണ ശീലങ്ങൾ ആചരിക്കുകയാണ്. കൊഴുപ്പുകളും പഞ്ചസാരയും കൂടുതലായി തുടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. ധാരാളം ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

• രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്തുക. -പുകവലി പാടേ ഉപേക്ഷിക്കുക

ഇതുകൂടാതെ സാംസ്കാരിക-സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതും വായന, നൃത്തം, ചെറു വിനോദങ്ങൾ, കലാസൃഷ്ടികൾ, വാദ്യോപകരണങ്ങൾ പരിശീലിക്കുക തുടങ്ങി മാനസിക-സാമൂഹിക ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്നതും അൽസ്ഹൈമേഴ്സ് രോഗത്തെ ഒരു പരിധിവരെ ദൂരെ നിർത്തുന്നതിന് ഉപകരിക്കും.

ഡോ. ആശ വി. എ൯.

സീനിയ൪ കൺസൽറ്റന്റ് - സെന്റ൪ ഫോ൪ ന്യൂറോസയ൯സസ്

മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips